| Thursday, 1st October 2026, 4:15 pm

അഭിമുഖങ്ങളിൽ ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ പേര് പറയാൻ നായികമാർക്ക് എന്താണ് ഇത്ര മടി; ഭാഗ്യലക്ഷ്മി

അജ്മല്‍ കെ

ഡബ്ബിങ് രംഗത്ത് അഞ്ച് പതിറ്റാണ്ടായി നിറഞ്ഞുനിൽക്കുന്നയാളാണ് ഭാഗ്യലക്ഷ്മി. ചെറുപ്രായത്തിൽ തന്നെ ഡബ്ബിങ് രംഗത്തേക്ക് ചുവടുവെച്ച ഭാഗ്യലക്ഷ്മി മലയാളം, തമിഴ് ഭാഷകളിലായി നിരവധി സിനിമകൾക്ക് ശബ്ദം നൽകി. മൂന്ന് തവണ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡും ഭാഗ്യലക്ഷ്മി സ്വന്തമാക്കി. അഭിനയത്തിലും ഭാഗ്യലക്ഷ്മി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സിനിമയിലെ നായികമാർക്ക് ശബ്ദം നൽകുന്ന ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് അർഹമായ അംഗീകാരം ലഭിക്കുന്നില്ലെന്ന വിമർശനം തുറന്നുപറയുകയാണ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. തങ്ങളുടെ ശബ്ദം നൽകിയ ഡബ്ബിങ് ആർട്ടിസ്റ്റുകളെക്കുറിച്ച് അഭിമുഖങ്ങളിലോ പൊതുവേദികളിലോ നായികമാർ പരസ്യമായി സംസാരിക്കാറില്ലെന്നും, അങ്ങനെയെങ്കിൽ താനും ഇനി നായികമാരെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നാണ് തോന്നുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഭാഗ്യലക്ഷ്മി. Photo.: Screen Grab/ Youtube

സിനിമയിൽ തന്റെ ശബ്ദം ഏത് നായികയ്ക്കാണ് ഏറ്റവും കൂടുതൽ അനുയോജ്യമായതെന്ന് ചോദിച്ചാൽ ഒരു നായികയുടെ പേരും പറയാൻ തനിക്ക് വലിയ താത്പര്യമില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

‘അഭിമുഖങ്ങളിലോ പൊതുവേദികളിലോ നായികമാരാരും ഡബ്ബിങ് ആർട്ടിസ്റ്റുകളെക്കുറിച്ച് സംസാരിക്കാറില്ല. അതുകൊണ്ട് ഞാനും ഇനി നായികമാരെക്കുറിച്ച് സംസാരിക്കേണ്ടതില്ല എന്ന് തോന്നുന്നു. നമ്മൾ കഥാപാത്രത്തിനാണ് ശബ്ദം നൽകുന്നത്. ആ കഥാപാത്രത്തിന് എന്റെ ശബ്ദം ചേരുന്നുണ്ടോ എന്ന് മാത്രമാണ് നോക്കുന്നത്. അഭിമുഖങ്ങളിൽ തങ്ങൾക്ക് ശബ്ദം നൽകിയ ഡബ്ബിങ് കലാകാരന്മാരെക്കുറിച്ച് പറയാതിരിക്കുക എന്നത് മലയാളത്തിലെ നായികമാരുടെ മാത്രം ഒരു പ്രകൃതമാണ്,’ ഭാഗ്യലക്ഷ്മി പറഞ്ഞു.

നേരിട്ട് കാണുമ്പോൾ ഡബ്ബിങ് നന്നായെന്ന് പറയുന്ന നായികമാർ പോലും അത് പരസ്യമായി പറയാൻ മടിക്കുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഇത് തന്റെ പേര് പറയണമെന്ന ആവശ്യമായി കാണേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.

‘നേരിട്ട് കാണുമ്പോൾ ‘ഓ ചേച്ചി, എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് നന്നായി’ എന്ന് പറയുന്നവർക്ക് പോലും പരസ്യമായി അത് പറയാൻ മടിയാണ്. എന്റെ പേര് പറയാനല്ല ഞാൻ ആവശ്യപ്പെടുന്നത്. ഒരുപാട് ഡബ്ബിങ് ആർട്ടിസ്റ്റുകൾ ഇവർക്ക് എല്ലാവർക്കും ഡബ്ബ് ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് അത് പറയാൻ തോന്നാത്തത്? അങ്ങനെ പറഞ്ഞാൽ കഥാപാത്രത്തിന്റെ പകുതി ക്രെഡിറ്റ് ശബ്ദത്തിന് പോകുമെന്നുള്ള തോന്നൽ കാരണമാണോ,’ ഭാഗ്യലക്ഷ്മി വിമർശിച്ചു.

തൊഴിലിടത്തിൽ ആത്മാർഥമായി ജോലി ചെയ്തിട്ടും അർഹിച്ച അംഗീകാരമോ പ്രമോഷനോ ലഭിക്കാതെ വരുമ്പോൾ പ്രതികരിക്കുന്നതുപോലെ തന്നെയാണ് താനും ഇക്കാര്യത്തിൽ പ്രതികരിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

‘തൊഴിലിടത്തിൽ അങ്ങേയറ്റം ആത്മാർഥമായി ജോലി ചെയ്തിട്ടും നിങ്ങൾക്ക് അർഹിച്ച അംഗീകാരമോ പ്രമോഷനോ കിട്ടാതെ വരുമ്പോൾ നിങ്ങൾ പ്രതികരിക്കില്ലേ? അതുതന്നെയാണ് ഇതും,’ താരം വ്യക്തമാക്കി.

ഡബ്ബിങ്ങിനെക്കുറിച്ച് ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പുസ്തകത്തിൽ താൻ ശബ്ദം നൽകിയവരുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും, നായികമാരുടെ കഴിവുകളെക്കുറിച്ചോ കഴിവുകേടുകളെക്കുറിച്ചോ സംസാരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

ഭാഗ്യലക്ഷ്മി, ശോഭന. Photo. Screen Grab/ Youtube. IMDb

‘നിലവിൽ ഞാൻ ഡബ്ബിങ്ങിനെക്കുറിച്ച് ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്. അതിൽ പ്രധാനമായും എന്റെ സംവിധായകർക്കും നിർമ്മാതാക്കൾക്കുമാണ് പ്രാധാന്യം നൽകുന്നത്. ഞാൻ ആർക്കൊക്കെ ശബ്ദം കൊടുത്തു എന്ന് എഴുതുന്നുണ്ടെങ്കിലും, ഈ നായികമാരുടെ കഴിവിനെക്കുറിച്ചോ കഴിവുകേടുകളെക്കുറിച്ചോ അതിൽ സംസാരിക്കുന്നില്ല. കാരണം അർഹിച്ച അംഗീകാരം പരസ്യമായി നൽകാത്തവരോട് നമ്മളും പ്രത്യേക പരിഗണന കാണിക്കേണ്ടതില്ലല്ലോ,’ ഭാഗ്യലക്ഷ്മി പറഞ്ഞു.

Content Highlight: Bhagyalakshmi opens up about the lack of recognition for dubbing artists who lend their voices to female leads

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more