| Monday, 15th December 2025, 12:34 pm

ഒന്ന് ചിന്തിക്കണം; വിധി വരുന്ന ദിവസമല്ലേ മോഹന്‍ലാല്‍ ഭഭബയുടെ പോസ്റ്റര്‍ റിലീസ് ചെയ്തത്; വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ‘ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ഒരു നിമിഷമെങ്കിലും മോഹന്‍ലാല്‍ സ്വയം ചിന്തിക്കണം’ എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഐ.എഫ്.എഫ്.കെ വേദിയില്‍ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരുന്ന ദിവസം തന്നെയല്ലേ നമ്മള്‍ ഏറ്റവും സ്നേഹിക്കുന്ന മോഹന്‍ലാല്‍, ദിലീപ് നായകനായെത്തുന്ന സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ‘ഞാന്‍ അവന് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു, അവള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു’ എന്ന് മോഹന്‍ലാല്‍ പറഞ്ഞതും നമ്മള്‍ കേട്ടിട്ടില്ലേയെന്നും ഭാഗ്യലക്ഷ്മി ചോദ്യമുയര്‍ത്തി.

വിചാരണ കോടതി പുറപ്പെടുവിച്ച വിധിയോടെ അതിജീവിത തളര്‍ന്നുപോയെന്ന് ക്വട്ടേഷന്‍ കൊടുത്ത വ്യക്തിയും പി.ആര്‍ ഏറ്റെടുത്തവരും വിചാരിക്കേണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അതിജീവിത ഒരിഞ്ച് പോലും തളര്‍ന്നിട്ടില്ല. നിയമത്തിന്റെ ഏതറ്റം വരെയും അതിജീവിത പോകും. അതിശക്തമായി പോരാടാന്‍ അവള്‍ തീരുമാനിച്ചിട്ടുണ്ട്. മാധ്യമങ്ങളും പൊതുസമൂഹവും അവള്‍ക്കൊപ്പം നിന്നാല്‍ മാത്രം മതിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

രണ്ട് മണിക്കൂര്‍ ഒരു കാറിനുള്ളില്‍ അനുഭവിച്ചതിനേക്കാള്‍ വലിയ അപമാനമാണ് അടച്ചിട്ട കോടതി മുറിയില്‍ അതിജീവിത നേരിട്ടതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. വിചാരണ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

‘വിധിക്ക് ശേഷം കോടതിയില്‍ നിന്ന് പുറത്തുവന്ന കേസിലെ എട്ടാം പ്രതിയായിരുന്ന വ്യക്തി മറ്റൊരു നടിയുടെ പേരാണ് പറഞ്ഞത്. എന്നാല്‍ ആ നടി എന്താണ് ചെയ്തത്. അദ്ദേഹത്തിന്റെ പേര് പോലും പറയാതെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. അതേസമയം പ്രതിയുടെ സംസാരം കേട്ടാല്‍ ആ നടി എന്നെയാണ്, എന്നെ തന്നെയാണ് ഉദ്ദേശിച്ചതെന്ന് പറയുന്നതുപോലെ തോന്നും,’ ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

സിനിമയ്ക്കുള്ളില്‍ നിന്ന് അതിജീവിതയ്ക്ക് വലിയ രീതിയില്‍ പിന്തുണ ലഭിച്ചിട്ടില്ല. സാംസ്‌കാരിക മേഖലയില്‍ നിന്നും മാധ്യമങ്ങള്‍ക്കിടയില്‍ നിന്നും മാത്രാണ് സജീവമായ പിന്തുണ ലഭിക്കുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

കോടതി വെറുതെ വിട്ടതിന് പിന്നാലെ ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്നും രാജിവെച്ചിരുന്നു.

Content Highlight: Bhagyalakshmi criticizes Mohanlal, actress attack case

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more