| Monday, 27th October 2025, 2:53 pm

സിനിമയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അധികം നിലനില്‍പുണ്ടാകില്ല എന്ന് അന്നേ ഞാന്‍ പറഞ്ഞതാണ്: ഭാഗ്യലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ ഇന്‍ഡസ്ട്രിയില്‍ എല്ലാ ടെക്‌നോളജിയും അനുദിനം മാറിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് പല വ്യത്യാസങ്ങളും പ്രകടമാണന്നും പറയുകയാണ് ഭാഗ്യലക്ഷ്മി. ടെക്‌നോളജി വികസിക്കുന്നതിനനുസരിച്ച് ഇന്‍ഡസ്ട്രി മാറുന്നുണ്ടെന്നും അതുമായി പൊരുത്തപ്പെട്ട് പോകേണ്ടതുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഡബ്ബിങ് മേഖലയില്‍ ഇത്തരം മാറ്റങ്ങള്‍ കാണാനാകുമെന്നും താന്‍ ഇതിനെക്കുറിച്ച് പണ്ടേ സൂചിപ്പിച്ചിട്ടുണ്ടായിരുന്നെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. വരാന്‍ പോകുന്ന മാറ്റത്തിനനുസരിച്ച് താന്‍ തയ്യാറായിരുന്നെന്നും അവര്‍ പറയുന്നു. 20 വര്‍ഷം മുമ്പ് താന്‍ ഒരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

‘2001ലോ മറ്റോ ആണ് ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ ഡബ്ബിങ് മേഖലയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പത്തുകൊല്ലം കൂടെയേ ഇവിടെ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് നിലനില്പുണ്ടാകുള്ളൂ എന്ന് ഞാന്‍ അന്നേ പറഞ്ഞു. പത്തുകൊല്ലം കഴിയുമ്പോഴേക്ക് എല്ലാവരും ഓണ്‍ വോയിസിലേക്ക് പോകും, സിങ്ക് സൗണ്ട് വരും ഓരോ ആര്‍ട്ടിസ്റ്റുകളും അവരവര്‍ക്ക് ശബ്ദം നല്‍കുമെന്നായിരുന്നു പറഞ്ഞത്.

പണ്ടൊക്കെ ജീവിക്കാന്‍ വഴി തേടിയിട്ടാണ് പലരും സിനിമയിലേക്ക് എത്തിയിരുന്നത്. അന്ന് അവര്‍ക്ക് വേറെ ഓപ്ഷനൊന്നും ഉണ്ടായിരുന്നില്ല. അധികം വിദ്യാഭ്യാസമില്ലാത്തവരായിരുന്നു കൂടുതലും. എന്നാല്‍ ഇന്നത്തെ അവസ്ഥ അങ്ങനെയല്ല. സിനിമയിലേക്ക് വരുന്നവര്‍ കൃത്യമായി എല്ലാം പഠിച്ചിട്ടാണ് വരുന്നത്. അവര്‍ക്ക് എന്ത് ചെയ്യണമെന്നും ചെയ്യരുതെന്നും കൃത്യമായ ബോധ്യമുണ്ട്.

അപ്പോള്‍ അവര്‍ക്ക് ഓരോ അവാര്‍ഡ് കിട്ടുമ്പോള്‍ അത് ഫുള്‍ എന്റെ ക്രെഡിറ്റ് തന്നെയാകണം അതിന് എന്റെ വോയിസ് തന്നെയാകണം എന്നാണ് ചിന്ത. മറ്റൊരാളുടെ ശബ്ദം ഉപയോഗിച്ചാല്‍ ഫുള്‍ ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ പറ്റില്ല എന്നുള്ള പ്രൊഫഷണല്‍ സീരിയസ്‌നെസ്സ് അവര്‍ക്കുണ്ട്. ടെക്‌നോളജി വളരുന്തോറും ഈ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും,’ ഭാഗ്യലക്ഷ്മി പറയുന്നു.

പണ്ടുകാലത്ത് ഷൂട്ടിങ്ങുകള്‍ എല്ലാം ഇന്‍ഡോര്‍ സെറ്റുകളിലായിരുന്നെന്നും പിന്നീട് അത് മാറിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പുറത്ത് റിയല്‍ ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്ത് തുടങ്ങിയെന്നും അതോടെ സെറ്റുകളെല്ലാം പൊളിച്ചുകളയേണ്ടി വന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം മാറ്റങ്ങളെ ഉള്‍ക്കൊണ്ടാല്‍ മാത്രമേ മുന്നോട്ടുപോകാനാകുള്ളൂവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Content Highlight: Bhagyalakhmi about the changes happened in Dubbing industry

We use cookies to give you the best possible experience. Learn more