| Monday, 31st August 2026, 2:28 pm

'ഭാഗവത് ജെൻസി പ്രതിഷേധക്കാരെ പിന്തുണച്ചു, എന്നാൽ മോദി അവരെ വിളിച്ചത് ‘ദിമാഗി നക്സൽ’ എന്ന് ': അഭിജീത് ദിപ്കെ

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: ബി.ജെ.പി നേതാക്കൾ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ ഉപദേശം കേൾക്കാൻ തയ്യാറാകണമെന്ന് കോക്ക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. ‘തുടക്കം മുതൽ തന്നെ ഞാൻ പറയുന്ന കാര്യമാണ് ബി.ജെ.പി നേതാക്കൾ മോഹൻ ഭാഗവതിന്റെ ഉപദേശം കേൾക്കാൻ തുടങ്ങണം എന്നത്. ജെൻസി പ്രതിഷേധക്കാരെ രാജ്യവിരുദ്ധർ എന്ന് വിളിക്കരുതെന്ന് ഭാഗവത് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ അതിന് പിന്നാലെ മോദി ‘ദിമാഗി നക്സൽ’ എന്ന പദം കൊണ്ടുവന്നു’ എന്ന് അദ്ദേഹം പറഞ്ഞു.

വർഷങ്ങളായി അധികാരത്തിലിരിക്കുന്നതും രാജ്യത്തെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിയന്ത്രണം കൈവശം വച്ചിരിക്കുന്നതുമായ ബി.ജെ.പി, തങ്ങളുടെ ആശയപരമായ മാർഗദർശിയായ ആർ.എസ്.എസിനെക്കാൾ വലുതായെന്ന് വിശ്വസിക്കാൻ തുടങ്ങിയിരിക്കുകയാണെന്ന് അഭിജീത് ദിപ്കെ പറഞ്ഞു. ഛത്രപതി സംഭാജിനഗറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂയോർക്കിൽ നടന്ന ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻസ്’ എന്ന പരിപാടിയിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പ്രസംഗത്തെ ദിപ്കെ പരാമർശിച്ചു. ഇന്ത്യയിൽ മുസ്‌ലിംങ്ങൾ ഉണ്ടാകരുതെന്ന് വിശ്വസിക്കുന്ന ഒരു ഹിന്ദു യഥാർത്ഥത്തിൽ ഹിന്ദുവല്ലെന്നായിരുന്നു ഭാഗവതിന്റെ പ്രസംഗം.

‘ഭാഗവതിന്റെ വാക്കുകൾ അദ്ദേഹം കേൾക്കുന്നില്ലെന്ന് വ്യക്തമായിരുന്നു. ഞങ്ങളുടെ വാക്കുകൾ കേൾക്കാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ, കുറഞ്ഞത് നിങ്ങളുടെ മാർഗദർശിയായ ആർ.എസ്.എസ്സിന്റെ വാക്കുകളെങ്കിലും കേൾക്കുക. നിങ്ങൾ അവരുടെ പിന്തുണ കൊണ്ടാണ് സർക്കാരിലിരിക്കുന്നത്.’ അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബർ അഞ്ചിന് ന്യൂദൽഹിയിൽ സി.ജെ.പി നടത്താൻ തീരുമാനിച്ചിരിക്കുന്ന പ്രതിഷേധത്തെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം, പ്രതിഷേധക്കാർ ഇന്ത്യാ ഗേറ്റിൽ ഒത്തുകൂടി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും അറിയിച്ചു. ‘ഇത് സമാധാനപരമായ മാർച്ചായിരിക്കും. ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തേക്കാൾ വലുതായിരിക്കും ഇതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.

പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ പിൻവലിക്കുക, നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെ ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം പുനരാരംഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ജന്തർ മന്തറിലെ പ്രതിഷേധത്തിന് ശേഷം ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാർ ഈ ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു. എന്നാൽ സർക്കാരുമായി പലതവണ ചർച്ച നടത്താൻ ശ്രമിച്ചിട്ടും ഒരു പരിഹാരവും ഉണ്ടായിട്ടില്ല. സർക്കാർ മനഃപൂർവ്വം കാര്യങ്ങൾ വൈകിപ്പിക്കുന്ന തന്ത്രമാണ് സ്വീകരിക്കുന്നത്. അതിനാൽ പ്രതിഷേധം പുനരാരംഭിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റൊരു വഴിയില്ല.’ എന്ന് ദീപ്‌കേ പറഞ്ഞു.

‘സ്കൂൾ ഠീക് കരോ’ ക്യാമ്പയിനുമായി ബന്ധപ്പെട്ട് തനിക്കെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനെ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അവർക്ക് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെങ്കിൽ ചെയ്യട്ടെ. ഇത് ആദ്യത്തേതുമല്ല, അവസാനത്തേതുമാകില്ല. അതൊന്നും എന്നെ അലട്ടുന്നില്ല. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തുമ്പോൾ തന്നെ ഒരുദിവസം ജയിലിൽ പോകേണ്ടി വന്നേക്കാമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു.’ ദീപ്‌കേ മാധ്യമങ്ങളോട് പ്രതികരിച്ചു.

Content Highlight:Bhagwat supported the Gen Z protesters, but Modi called them ‘dimagi Naxals’: Abhijit Dipke.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more