| Saturday, 21st March 2026, 9:07 am

ലാലിന് കൊടുക്കുന്ന ശമ്പളത്തേക്കാള്‍ കൂടുതല്‍ തരാം, റെയ്ബാന്‍ വെക്കണം, തുണി പറിച്ചടിക്കണം; സ്ഫടികം 2 വിന് ഭദ്രന് ലഭിച്ച ഓഫറുകള്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തില്‍ പകരം വെക്കാനില്ലാത്ത ചിത്രമാണ് ഭദ്രന്‍ സംവിധാനം ചെയ്ത് 1995 ല്‍ പുറത്തിറങ്ങിയ സ്ഫടികം. ഷോഗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍.മോഹന്‍ നിര്‍മിച്ച ചിത്രം 75 ലക്ഷം മുടക്കി 15 കോടിയോളമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഐക്കോണിക്ക് കഥാപാത്രമായ ആട് തോമക്കൊപ്പം ചിത്രത്തിലെ ഗാനരംഗങ്ങളും കഥാപശ്ചാത്തലവും വര്‍ഷങ്ങള്‍ക്കുശേഷവും പുതുമയുള്ളതായി നിലനില്‍ക്കുന്നു.

സ്ഫടികം. Photo: constant scribbles

മോഹന്‍ലാലിന്റെ കരിയറിലെ പല ചിത്രങ്ങള്‍ക്കും സീക്വലുകള്‍ വന്ന സാഹചര്യത്തില്‍ ഉയര്‍ന്ന ആവശ്യമായിരുന്നു സ്ഫടികം 2 വും വേണമെന്നുമുള്ളത്. ആട് തോമയുടെ ലുക്കില്‍ ഫാന്‍മേഡായിട്ടുള്ള പോസ്റ്ററുകളും എഡിറ്റഡ് വീഡിയോസുമെല്ലാം ഇതിനോടനുബന്ധിച്ച് വൈറലായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നും പലരും ഉറപ്പിച്ചിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ തെറ്റാണെന്നും സ്ഫടികത്തിന് ഒരിക്കലും രണ്ടാം ഭാഗമുണ്ടികില്ലെന്നും അറിയിച്ച് കൊണ്ട് സംവിധായകന്‍ ഭദ്രന്‍ തന്നെ രംഗത്തെത്തിയിരുന്നു.

പ്രേക്ഷകരില്‍ നിന്നുമുള്ള സമ്മര്‍ദങ്ങള്‍ക്ക് പുറമെ ചിത്രത്തിന്റെ നിര്‍മാതാവ് ആര്‍.മോഹന്‍ സ്ഫടികത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി ഭദ്രന് നല്‍കിയ ഓഫറുകളെക്കുറിച്ചും എന്നാല്‍ എന്തുകൊണ്ടാണ് താനിത് ചെയ്യാത്തതെന്നതിനെ കുറിച്ചും സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഭദ്രന്‍ അനുഭവം പങ്കുവെച്ചത്.

‘നിനക്ക് അമ്പത് ലക്ഷം രൂപ സംവിധാന പ്രതിഫലം മാത്രം തരാം, മോഹന്‍ലാലിന് കൊടുക്കുന്ന ശബളത്തെക്കാള്‍ കൂടുതല്‍ തരാം, എനിക്ക് രണ്ട് കാര്യങ്ങളേ ആവശ്യമുള്ളൂ, റെയ്ബാന്‍ ഗ്ലാസ് വെപ്പിക്കണം, അടിച്ച് തുണി പറയ്ക്കണം. ഇതായിരുന്നു നിര്‍മാതാവ് നല്‍കിയ ഓഫര്‍. മോഹന്‍ സര്‍ ജീവിച്ചിരിപ്പുണ്ടല്ലോ, അദ്ദേഹത്തോട് നേരിട്ട് ചോദിക്കാം. ഇത് കേട്ടപ്പോള്‍ ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, സര്‍ ഇതിനൊരു സെക്കന്‍ഡ് പാര്‍ട്ടില്ല.

എന്താ നിങ്ങളീ പറയുന്നത്, സെക്കന്‍ഡ് പാര്‍ട്ടില്ലാത്തതിന്റെ കാരണമെന്താ? രണ്ടാം ഭാഗമുണ്ടാക്കാമല്ലോ, ജയിലില്‍ പോയ ആട് തോമ തിരിച്ച് വരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആട് തോമ തീര്‍ച്ചയായും തിരിച്ചുവരും. അപ്പനെ കൊന്നവനെ കൊന്നുവെന്ന കാരണം പറഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാം. പക്ഷേ വെളിയില്‍ വന്ന തോമസ് ചാക്കോ ഒരിക്കലും ഇനി ആട് തോമയാകില്ല.

സ്ഫടികം. Photo: Filmibeat

കാരണം താന്‍ ചെകുത്താനല്ല സ്ഫടികമാണെന്ന് തന്റെ അപ്പനിലൂടെ തന്നെ തോമ തിരിച്ചറിഞ്ഞു. അപ്പനെഴുതിയ ചെകുത്താന്റെ ലോറി അപ്പന്‍ തന്നെ തിരുത്തി സ്ഫടികം എന്നെഴുതിയത് അയാള്‍ കണ്ടു. താന്‍ വെട്ടിയ കൈ, തന്റെ അപ്പന്റെ രണ്ടാം കൈ ഒരു ഷര്‍ട്ട് തയ്പ്പിച്ച് അപ്പന് തന്നെ നല്‍കി,’ ഭദ്രന്‍ പറഞ്ഞു.

മലയാളത്തില്‍ കള്‍ട്ട് സ്റ്റാറ്റസ് നേടിയ ചിത്രത്തിലെ ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും എസ്.പി വെങ്കിടേഷിന്റെ സംഗീത സംവിധാനത്തില്‍ ഒരുങ്ങിയ ഗാനങ്ങളും വലിയ രതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചാക്കോ മാഷായി തിലകന്‍ വേഷമിട്ട ചിത്രത്തില്‍ കെ.പി.എ.സി ലളിത, ഉര്‍വശി, സ്ഫടികം ജോര്‍ജ്, രാജന്‍.പി.ദേവ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.

Content Highlight: Bhadran talks about the offers he got for second part of Spadikam Movie and why he rejected it

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more