| Tuesday, 28th October 2025, 5:22 pm

ബി.ജി.എം പോരെന്ന് കേട്ടപ്പോള്‍ ഷാന്‍ റഹ്‌മാനെ മാറ്റി, പടം പോരെന്ന് കേട്ടാല്‍ ദിലീപിനെ മാറ്റുമോ, ഭ ഭ ബ ടീമിനെതിരെ വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ഭ.ഭ.ബ (ഭയം ഭക്തി ബഹുമാനം)യാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ചിത്രത്തില്‍ നിന്ന് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനെ അണിയറപ്രവര്‍ത്തകര്‍ മാറ്റിയെന്ന് സിനിമാപേജുകളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞദിവസം ചിത്രത്തിന്റെ റിലീസ് അനൗണ്‍സ്‌മെന്റ് ഗ്ലിംപ്‌സ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ഡിസംബര്‍ 18ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വീഡിയോയില്‍ അറിയിച്ചത്. എന്നാല്‍ ഈ ഗ്ലിംപ്‌സിന് പിന്നാലെ ഭ.ഭ.ബയെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. മാസ് മസാല ഴോണറിലൊരുങ്ങുന്ന സിനിമക്ക് ഷാന്‍ നല്കിയ സംഗീതം ഒട്ടും ഇംപാക്ട് നല്കുന്നില്ലെന്നും സിനിമയെ ഇത് നെഗറ്റീവായി ബാധിക്കുമെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു.

ഇതിന് പിന്നാലെ ഷാനിനെ ഭ.ഭ.ബയില്‍ നിന്ന് മാറ്റിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഈ റിപ്പോര്‍ട്ടുകളെ ശരിവെക്കുന്ന തരത്തില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് ഭ.ഭ.ബയുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം ഷാന്‍ നീക്കം ചെയ്തതും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി മാറി.

പിന്നാലെ ഭ.ഭ.ബ ടീമിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ അഭിപ്രായം കേട്ട് ആദ്യം നിശ്ചയിച്ച ടെക്‌നീഷ്യനെ മാറ്റിയാല്‍ സംവിധായകനും നിര്‍മാതാക്കള്‍ക്കും സ്വന്തം പ്രൊഡക്ടില്‍ വിശ്വാസമുണ്ടാകില്ലെന്നാണ് അര്‍ത്ഥമെന്ന് പലരും അഭിപ്രായപ്പെട്ടു. ഭ.ഭ.ബ ടീമിന്റേത് മോശം നീക്കമാണെന്നും പലരും വിമര്‍ശിക്കുന്നുണ്ട്.

‘ടീസര്‍ ഇറങ്ങിയപ്പോള്‍ ബി.ജി.എം പോരാ എന്ന് പറയുന്നത് കേട്ട് മ്യൂസിക് ഡയറക്ടറെ മാറ്റി, പടം റിലീസായിക്കഴിഞ്ഞ് ദിലീപ് പോരാ എന്ന് കേട്ടാല്‍ നിര്‍മാതാക്കള്‍ അയാളെയും മാറ്റുമോ’ എന്ന് ചോദിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇതിന് രസകരമായ പല കമന്റുകളും ലഭിക്കുകയാണ്.

‘ചിലപ്പോള്‍ തിയേറ്ററില്‍ പടം നിര്‍ത്തിയിട്ട് റീ ഷൂട്ട് ചെയ്യുമായിരിക്കും’, ‘നായകന്റെ പേര് മറച്ചുവെച്ച് പടം പ്രദര്‍ശിപ്പിക്കും’ എന്നിങ്ങനെയാണ് കമന്റുകള്‍. ഷാന്‍ റഹ്‌മാനെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്. ‘അരവിന്ദന്റെ അതിഥികള്‍, ഗോദ എന്നീ സിനിമകളില്‍ ഷാനിന്റെ വര്‍ക്കുകള്‍ ഗംഭീരമായിരുന്നു. ആട് 3യില്‍ ഷാന്‍ ഇതിനുള്ള മറുപടി നല്കും’ എന്നൊക്കെ പലരും അഭിപ്രായപ്പെടുന്നു.

ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ.ഭ.ബ. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമാണിത്. കുറച്ചു കാലങ്ങളായി ബോക്‌സ് ഓഫീസില്‍ യാതൊരു ഇംപാക്ടും ഉണ്ടാക്കാത്ത ദിലീപ് ഈ സിനിമയിലൂടെയെങ്കിലും തിരിച്ചുവരുമെന്നാണ് ആരാധകര്‍ വാദിക്കുന്നത്.

Content Highlight: Bha Bha Ba movie team got criticisms after removing Shan Rahman from the movie

We use cookies to give you the best possible experience. Learn more