| Tuesday, 23rd December 2025, 1:53 pm

ബജറ്റ് തിരിച്ചുകിട്ടിയാല്‍ ഭാഗ്യം, ക്രിസ്മസ് അവധിയിലും ബുക്ക്‌മൈഷോയില്‍ പച്ച കത്തിച്ച് ഭ ഭ ബ

അമര്‍നാഥ് എം.

ദിലീപിന്റെ ഏഴാമത്തെ തിരിച്ചുവരവെന്ന് ആരാധകര്‍ അവകാശപ്പെട്ട ഭ ഭ ബയ്ക്കും ബോക്‌സ് ഓഫീസില്‍ രക്ഷയില്ലാതായിരിക്കുകയാണ്. ഗംഭീര പ്രീ സെയിലില്‍ ചിത്രം ഹൈപ്പിന്റെ കൊടുമുടിയിലെത്തിയ ചിത്രം ആദ്യ ഷോയ്ക്ക് പിന്നലെ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ക്രിസ്മസ് വെക്കേഷന്റെ അഡ്വാന്റേജ് മുതലാക്കാനാകാതെ ചിത്രം ബോക്‌സ് ഓഫീസില്‍ വീണിരിക്കുകയാണ്.

ആദ്യദിനം 14 കോടിയിലേറെ സ്വന്തമാക്കിയ ചിത്രം അഞ്ച് ദിവസത്തില്‍ 33 കോടി മാത്രമാണ് നേടിയത്. ആദ്യ തിങ്കളാഴ്ചയില്‍ തന്നെ ചിത്രത്തിന്റെ കളക്ഷനില്‍ വലിയ ഇടിവാണ് സംഭവിച്ചത്. ക്രിസ്മസ് അവധി പോലും മുതലെടുക്കാന്‍ ഭ ഭ ബക്ക് സാധിച്ചിട്ടില്ല. ചൊവ്വാഴ്ചയിലെ പ്രീ സെയില്‍ ഒരു കോടി പോലും കടന്നിട്ടില്ല.

കേരളത്തിലെ മെട്രോ നഗരമായ കൊച്ചിയിലും ചിത്രത്തിന്റെ ബുക്കിങ് പരിതാപകരമാണ്. 100ലധികം ഷോയുള്ള കൊച്ചിയില്‍ ഒരിടത്തുപോലും ഭ ഭ ബക്ക് ഫാസ്റ്റ് ഫില്ലിങ് പോലുമില്ല. എല്ലായിടത്തും പച്ച കത്തിച്ച് കിടക്കുന്ന ഭ ഭ ബയുടെ ബുക്കിങ്ങിനെ ട്രോളിക്കൊണ്ടുള്ള പോസ്റ്റുകള്‍ ഇതിനോടകം വൈറലായിരിക്കുകയാണ്.

കൊച്ചിയില്‍ ഒരു ഷോ പോലും ഫില്ലിങ്ങാകാതെ ഈ നേട്ടം കൈവരിച്ച ഭ ഭ ബ ടീമിനെ ബുക്ക്‌മൈഷോ ടീം നേരിട്ട് വിളിച്ച് അഭിനന്ദിച്ചെന്ന് പറഞ്ഞുകൊണ്ട് ബുക്ക്‌മൈഷോയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ഒരാള്‍ കുറിച്ചു. ബുക്ക്‌മൈഷോയില്‍ മാഡ്‌നെസ്സില്ലെന്നും എല്ലാവരും ലോജിക് മാത്രമാണ് നോക്കാറുള്ളതെന്നും പറഞ്ഞുകൊണ്ടുള്ള പോസ്റ്റും വൈറലായി. ഫോറം മാളിലെ പി.വി.ആര്‍ വരെ ഇങ്ങനെ ഒഴിച്ചിടണമെങ്കില്‍ റേഞ്ച് വേറെയാണെന്നും പോസ്റ്റില്‍ കുറിക്കുന്നു. അഴിഞ്ഞാട്ടം കൈയില്‍ വെച്ചാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

45 കോടിയിലേറെ ബജറ്റിലൊരുങ്ങിയ ചിത്രം ബ്രേക്ക് ഇവനാകണമെങ്കില്‍ പോലും 70 കോടിയിലേറെ വേണം. ഇപ്പോഴുള്ള അവസ്ഥയില്‍ ഭ ഭ ബ 50 കോടി കളക്ഷന്‍ നേടുമോ എന്നുപോലും സംശയമാണ്. ബജറ്റ് തിരിച്ചുപിടിക്കാനാകാതെ ബോക്‌സ് ഓഫീസില്‍ വീഴാന്‍ സാധ്യതയുണ്ടെന്നാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്. ഗോകുലം മൂവീസ്- ദിലീപ് കോമ്പോയിലെ രണ്ടാമത്തെ പരാജയമായി ഭ ഭ ബ മാറുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മോഹന്‍ലാലിന്റെ അതിഥിവേഷത്തിന് പോലും ഭ ഭ ബയെ രക്ഷിക്കാനായിട്ടില്ല. ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്താനായി കൊണ്ടുവന്ന മോഹന്‍ലാല്‍ ഫാക്ടര്‍ പ്രീ റിലീസ് ഹൈപ്പില്‍ മാത്രമാണ് പ്രതിഫലിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രകടനവും ട്രോളിന് വിധേയമായി മാറി. വന്‍ ഹൈപ്പിലെത്തി പ്രേക്ഷകരെ നിരാശരാക്കിയ സിനിമകളുടെ പട്ടികയില്‍ ഭ ഭ ബയും ഉള്‍പ്പെട്ടിരിക്കുകയാണ്.

Content Highlight: Bha Bha Ba movie collection dropped in Box Office

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more