| Friday, 16th January 2026, 12:28 pm

ഒരു മാറ്റവുമില്ല, സിനിമ മാറിയതറിയാത്ത തമാശകള്‍, ഒ.ടി.ടിയിലും എയറിലായി ഭ ഭ ബ

അമര്‍നാഥ് എം.

തിയേറ്ററിലെ പരാജയത്തിന് ശേഷം ഭ ഭ ബ കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. സീ ഫൈവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ദിലീപ് നായകനായ ചിത്രത്തിന് ഒ.ടി.ടിയിലും തിയേറ്ററിലെ അതേ ഗതി തന്നെയാണ്. അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും മോശം ചിത്രമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ലോജിക്കില്ല, മാഡ്‌നെസ് മാത്രമേയുള്ളൂ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം പുറത്തിറങ്ങിയത്. സ്പൂഫ് ഴോണറിലെത്തിയ ചിത്രം ഒരുതരത്തിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്നില്ല. കണ്ടുമടുത്ത തമാശകളുടെ ആവര്‍ത്തനം തന്നെയാണ് ഭ ഭ ബയില്‍ പലയിടത്തും. സത്യ പ്രതിജ്ഞ ചെയ്ത ശേഷം സ്വന്തം മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോകുന്ന ഒരാളുടെ കഥയാണ് ചിത്രത്തിന്റേത്.

വന്നവരും നിന്നവരും ഒരുപോലെ വെറുപ്പിച്ച മറ്റൊരു സിനിമയുമില്ലെന്നാണ് പലരുടെയും അഭിപ്രായം. പഴയ പഴത്തൊലി തമാശകളൊന്നും ഇനിയുണ്ടാകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ദിലീപിന്റെ എന്‍ട്രി. എന്നാല്‍ പഴത്തൊലി തമാശകളെ വെല്ലുന്ന ചളികളായിരുന്നു പിന്നീട് അങ്ങോട്ട്. ഇന്റര്‍വെലിന് മുമ്പുള്ള ഫൈറ്റ് സീനെല്ലാം അസഹനീയമാണെന്ന് തിയേറ്റര്‍ റിലീസ് സമയത്ത് വിമര്‍ശനങ്ങളായിരുന്നു.

അതിഥിവേഷത്തിലെത്തിയ മോഹന്‍ലാലിനും ട്രോള്‍ മഴയാണ്. ഗില്ലി ബാല എന്ന കഥാപാത്രം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മോശം റോളാണെന്ന് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നുണ്ട്. വിജയ് ആരാധകനായ ഗില്ലി ബാലയായി മോഹന്‍ലാല്‍ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങളും ട്രോളന്മാര്‍ ഏറ്റെടുക്കുകയാണ്. ദിലീപിന് കത്ത് എഴുതി വെച്ച് നാടുവിടുന്ന സീന്‍, ക്ലൈമാക്‌സ് ഫൈറ്റിലെ ഇന്‍ട്രോ തുടങ്ങി പല രംഗങ്ങളും ഇതിനോടകം മീം മെറ്റീരിയലായി മാറി.

ദശരഥം എന്ന ക്ലാസിക് ചിത്രത്തിലെ ഐക്കോണിക് ഇമോഷണല്‍ രംഗം വികൃതമായി അനുകരിച്ചതും ക്ലൈമാക്‌സിലെ ഗണ്‍ ഫൈറ്റുമെല്ലാം ഇനിയങ്ങോട്ടുള്ള ദിവസങ്ങളില്‍ എയറിലാകുമെന്ന് ഉറപ്പാണ്. ബിഗ് ബ്രദര്‍, മരക്കാര്‍, ബാറോസ് എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാല്‍ ഭ ഭ ബയിലൂടെ വീണ്ടും ട്രോള്‍ മെറ്റീരിയലായി മാറിയിരിക്കുകയാണ്.

‘ലക്ഷ്മിക്കുട്ടിയെ അണ്ണന്‍ തട്ടിക്കൊണ്ടുപോയി കറന്നു’ എന്ന ഡയലോഗ് തിയേറ്റര്‍ റിലീസിന്റെ സമയത്ത് തന്നെ വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. സിനിമയുടെ രീതികള്‍ മാറിയിട്ടും ഇത്തരം സ്ത്രീവിരുദ്ധ ഡയലോഗുകള്‍ വിടാന്‍ ഉദ്ദേശമില്ലെന്ന് ദിലീപ് ഒരിക്കല്‍കൂടി തെളിയിച്ചെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ ആ ഡയലോഗില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന് തിരക്കഥാകൃത്ത് ഫഹീം സഫര്‍ ന്യായീകരിച്ചിരുന്നു.

40 കോടി ബജറ്റിലൊരുങ്ങിയ ഭ ഭ ബ ബോക്‌സ് ഓഫീസില്‍ നിന്ന് വെറും 46 കോടി മാത്രമാണ് നേടിയത്. ചിത്രം ഹിറ്റാകാന്‍ 70 കോടി ആവശ്യമാണെന്നിരിക്കെ വലിയ നഷ്ടമാണ് ചിത്രം വരുത്തിവെച്ചത്. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലെത്തിയ ഭ ഭ ബ വന്‍ പരാജയമായി മാറി.

Content Highlight: Bha Bha Ba getting negative response after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more