ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ പൊലീസ് വ്യാപകമായി പ്രയോഗിക്കുന്ന കണ്ണീര്‍വാതകം സ്ത്രീകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന ആശങ്ക ശക്തമാകുന്നു. ആര്‍ത്തവചക്രത്തിലെ മാറ്റങ്ങളും അസഹനീയമായ വേദനയും അമിത രക്തസ്രാവവുമടക്കം നിരവധി ആരോഗ്യപ്രശ്നങ്ങളാണ് കണ്ണീര്‍വാതകത്തിന് വിധേയരായ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്നത്.
സാധാരണഗതിയില്‍ ‘മാരകമല്ലാത്ത ആയുധം’ അഥവാ ‘കുറഞ്ഞ മാരകശേഷിയുള്ള ആയുധം’ എന്ന വിശേഷണത്തിലാണ് കണ്ണീര്‍വാതകം അറിയപ്പെടുന്നത്. എന്നാല്‍ അതിന്റെ ഉപയോഗം സ്ത്രീകളുടെ ശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഉയരുന്ന പുതിയ വിവരങ്ങള്‍ ഈ വിശേഷണത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തുകയാണ്. കണ്ണീര്‍വാതകം ഏല്‍ക്കേണ്ടിവന്ന ആയിരക്കണക്കിന് സ്ത്രീകളുടെ അനുഭവങ്ങള്‍ പുറത്തുവന്നതോടെ ഫ്രാന്‍സില്‍ ഇതിന്റെ ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
ഫ്രാന്‍സില്‍ സെപ്റ്റംബര്‍ പകുതിയോടെ ആരംഭിച്ച പ്രതിഷേധങ്ങള്‍ ഒക്ടോബറിലെത്തിയതോടെ കൂടുതല്‍ ശക്തമായി. സ്കൂളുകളിലെ സാഹചര്യങ്ങളും ജീവിതച്ചെലവിലുണ്ടായ വര്‍ധനവും പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സമരങ്ങള്‍ക്കുനേരെ ഫ്രഞ്ച് പൊലീസ് വ്യാപകമായി കണ്ണീര്‍വാതകം പ്രയോഗിച്ചു.
ഒക്ടോബര്‍ 17ന് മാത്രം പ്രതിഷേധക്കാര്‍ക്കുനേരെ ഏകദേശം 22,000 കണ്ണീര്‍വാതക ഗ്രനേഡുകളാണ് പൊലീസ് പ്രയോഗിച്ചത്. പത്ത് മണിക്കൂറിലധികം നീണ്ട പൊലീസ് നടപടികള്‍ക്കിടെ ഓരോ മൂന്ന് സെക്കന്‍ഡിലും രണ്ട് ഗ്രനേഡുകള്‍ വീതം പ്രയോഗിച്ചെന്നാണ് കണക്ക്.
സമാധാനപരമായി നടന്നിരുന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്നതിന് മുമ്പുതന്നെ പല സ്ഥലങ്ങളിലും പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പാരീസിലെ പ്ലാസ് ദെ ല റിപ്പബ്ലിക്കില്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണയറിയിച്ച് സംഗീതപരിപാടി നടത്തിയിരുന്ന ഓര്‍ക്കസ്ട്ര അംഗങ്ങള്‍ക്കിടയിലേക്ക് പോലും അന്ന് കണ്ണീര്‍വാതക ഗ്രനേഡുകള്‍ പതിച്ചു.
അതേസമയം, പ്രതിഷേധത്തിനിടെ പരിക്കേറ്റവരുടെ എണ്ണവും ഗുരുതരമായ പരിക്കുകളുടെ സ്വഭാവവും പൊലീസിന്റെ നടപടികളെക്കുറിച്ചുള്ള വിമര്‍ശനം ശക്തമാക്കി. പാരീസിന്റെ പ്രാന്തപ്രദേശത്ത് നടന്ന ഒരു പ്രതിഷേധ പരിപാടിയ്ക്ക് നേരെ പൊലീസ് പ്രയോഗിച്ച കണ്ണീര്‍വാതക ഗ്രനേഡ് പതിനാലുകാരനായ ഈഡന് എന്ന കുട്ടയുടെ താടിയെല്ല് തകര്‍ത്തു. പല്ലുകളില്‍ ഭൂരിഭാഗവും നഷ്ടപ്പെട്ട കുട്ടിക്ക് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടായി.
റബര്‍ ബുള്ളറ്റുകളും സ്റ്റണ്‍ ഗ്രനേഡുകളും ഉപയോഗിച്ചുള്ള പൊലീസ് നടപടികളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്ണുകള്‍ നഷ്ടപ്പെടുകയും കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ കണ്ണീര്‍വാതകത്തിന്റെ രാസഘടനയും അതിന്റെ ആരോഗ്യപ്രത്യാഘാതങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നത്.
കണ്ണീര്‍വാതകം പ്രയോഗിക്കുമ്പോള്‍ സാധാരണയായി കണ്ണെരിച്ചില്‍, കണ്ണുനീര്, ചുമ, നെഞ്ചുമുറുക്കം, ശ്വാസതടസ്സം, ചര്‍മത്തിലെ അസ്വസ്ഥതകള്‍ എന്നിവയാണ് അനുഭവപ്പെടുന്നത്. മിക്ക സാഹചര്യങ്ങളിലും ഏകദേശം 20 മിനിറ്റിനുള്ളില്‍ ഇത്തരം ലക്ഷണങ്ങള്‍ കുറയാറുണ്ട്.
എന്നാല്‍ എല്ലാവരിലും കണ്ണീര്‍വാതകം ഒരേ രീതിയിലല്ല പ്രതികരിക്കുന്നത്. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ഇതിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ ഗുരുതരമാകാം. ആസ്ത്മ, എംഫിസീമ തുടങ്ങിയ ശ്വാസകോശരോഗങ്ങളുള്ളവര്ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും അപകടസാധ്യത കൂടുതലാണ്.
കണ്ണീര്‍വാതകത്തിന്റെ വലിയ അളവിലുള്ള പ്രയോഗം ശ്വാസനാളത്തിലും ദഹനവ്യവസ്ഥയിലും കോശനാശത്തിനും ശ്വാസകോശത്തിലെ നീര്‍ക്കെട്ടിനും ആന്തരിക രക്തസ്രാവത്തിനും കാരണമാകാമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ 2020ല്‍ പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
2018 മുതല്‍ കണ്ണീര്‍വാതകത്തിന്റെ ദുരുപയോഗത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ആംനസ്റ്റി ഇന്റര്‍നാഷണല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 500ലധികം സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഫ്രാന്‍സിലെ സംഭവങ്ങളും ഉള്‍പ്പെടുന്നു. കണ്ണീര്‍വാതകത്തിന്റെ രാസഘടന സംബന്ധിച്ച നിയന്ത്രണങ്ങളുടെ അഭാവവും ഇത് പ്രയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ പരിശീലനം ലഭിക്കാത്തതും സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാല്‍ ഇതുവരെ നടന്ന ചര്‍ച്ചകളില്‍ പ്രധാനമായും കണ്ണെരിച്ചില്‍, ശ്വാസതടസ്സം, ശാരീരിക പരിക്കുകള്‍ തുടങ്ങിയവയ്ക്കാണ് പ്രാധാന്യം ലഭിച്ചിരുന്നത്. സ്ത്രീകളുടെ ആര്‍ത്തവചക്രത്തെയും പ്രത്യുത്പാദന ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കുന്നുവെന്ന കാര്യത്തില്‍ വേണ്ടത്ര പഠനങ്ങള്‍ നടന്നിട്ടില്ല.
ഫ്രാന്‍സില്‍ കണ്ണീര്‍വാതകം സ്ത്രീകളുടെ ആര്‍ത്തവത്തെയും പ്രത്യുത്പാദന ആരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് അന്വേഷിക്കുന്നതിനായി രൂപീകരിച്ച ഫെമിനിസ്റ്റ് കൂട്ടായ്മയാണ് ‘ലാക്രിമോസ് ദു സാങ്’ (Lacrymos du sang). ആക്ടിവിസ്റ്റുകളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന കൂട്ടായ്മ കണ്ണീര്‍വാതകത്തിന് വിധേയരായ സ്ത്രീകളില്‍നിന്നും പെണ്‍കുട്ടികളില്‍നിന്നും ആയിരക്കണക്കിന് അനുഭവസാക്ഷ്യങ്ങളാണ് ശേഖരിച്ചത്.
ഒക്ടോബറിലെ പ്രതിഷേധങ്ങള്‍ക്കുശേഷം കണ്ണീര്‍വാതകത്തിന് ഇരകളായ 9,200ലധികം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മൊഴികളാണ് കൂട്ടായ്മ ശേഖരിച്ചത്. ഇതില്‍ 94 ശതമാനം പേര്‍ക്കും ഗൈനക്കോളജിക്കല്‍ -ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതായി സംഘടന റിപ്പോര്‍ട്ട് ചെയ്തു.
ആര്‍ത്തവ ദിവസങ്ങളില്‍ സാധാരണ വേദനയെക്കാള്‍ പത്ത് മടങ്ങ് വേദന അനുഭവപ്പെട്ടതായി 20 കാരിയായ മൈവ പറയുന്നു. കണ്ണീര്‍വാതകത്തിന് വിധേയയായി ഒരു ദിവസത്തിനുശേഷമായിരുന്നു ഇതെന്നും അവര്‍ പറഞ്ഞു.
പാരീസിലെ ദേശീയ അസംബ്ലിയിൽ പഠനറിപ്പോർട്ട് അവതരിപ്പിക്കുന്ന ‘ലാക്രിമോസ് ദു സാങ് (Lacrymos de Sang) സ്ഥാപക ഇവാ-ലൂണ തോലന്സും സംഘടനയിലെ ചില അംഗങ്ങളും.
ആര്‍ത്തവം അവസാനിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ കഠിനമായ വേദനയും അമിതമായ രക്തസ്രാവവും ഉണ്ടായതായി കാമില്‍ എന്ന യുവതിയും സാക്ഷ്യപ്പെടുത്തി.
പാരീസില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത 24 കാരിയായ സോണ്‍ പറയുന്നത് പ്രതിഷേധങ്ങള്‍ക്ക് എത്തുന്നവര്‍ മുന്‍ കാലങ്ങളില്‍ ഒന്നുമില്ലാത്ത രീതിയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ നേരിടേണ്ടി വരുന്നുവെന്നാണ്.
‘ഒരുകാലത്ത് പ്രതിഷേധങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന സ്വാതന്ത്ര്യബോധം ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ആളുകള്‍ ഇപ്പോള്‍ സ്കാര്‍ഫുകളും മാസ്കുകളും കണ്ണടകളും കണ്ണില്‍ ഒഴിക്കാനുള്ള തുള്ളിമരുന്നുകളുമൊക്കെയായാണ് പ്രതിഷേധത്തിന് എത്തുന്നത്. പൊലീസിനെക്കുറിച്ചുള്ള ഭയവും പ്രതിഷേധക്കാരുടെ രോഷവും ഒരേസമയം വര്‍ധിക്കുകയാണ്,’ അവര്‍ പറഞ്ഞു.
ഇവരുടെ സുഹൃത്തായ 23കാരി വാലും സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചു. കണ്ണീര്‍വാതകത്തിന് വിധേയരായ സുഹൃത്തുക്കളില്‍ പലര്‍ക്കും പെല്‍വിക് ഭാഗത്ത് കടുത്ത വേദനയും അസാധാരണമായ ആര്‍ത്തവവേദനയും അനുഭവപ്പെട്ടതായി പറഞ്ഞിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി. ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ പൊതുചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നതില്‍ സമൂഹമാധ്യമങ്ങള്‍ക്കും സ്വതന്ത്ര മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൂട്ടായ്മയുടെ സ്ഥാപകയായ മിഡ്വൈഫ് ജോഹാന്‍ വോഹാങി-നിരിനയുടെ നേതൃത്വത്തിലാണ് കണ്ണീര് വാതകത്തിന് ഇരകളായവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. അമേരിക്കയിലെ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ 2020ല്‍ പോര്ട്ട്ലന്ഡില് നടന്ന പഠനമാണ് ഈ പ്രവര്‍ത്തനത്തിന് പ്രചോദനമായതെന്ന് ഇവര്‍ പറയുന്നു.
2,200 പേരെ ഉള്‍പ്പെടുത്തി നടത്തിയ ആ പഠനത്തില്‍ പകുതിയിലധികം പേര്‍ക്കും കണ്ണീര്‍വാതകത്തിന് ഇരകാളായതിനുശേഷം വയറുവേദന, അമിതമായ രക്തസ്രാവം, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ നേരിടേണ്ടി വന്നിരുന്നു. ചിലരില്‍ ഈ ലക്ഷണങ്ങള്‍ ദിവസങ്ങളോളം തുടര്‍ന്നു.
ടെസ്റ്റോസ്റ്റിറോണ്‍ ചികിത്സ സ്വീകരിക്കുന്നതിനാല്‍ സാധാരണയായി ആര്‍ത്തവം നിലയ്ക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളില്‍ പോലും കണ്ണീര്‍വാതകത്തിന് വിധേയമായതിനുശേഷം വീണ്ടും വേദനയും രക്തസ്രാവവും ഉണ്ടായതായി അമേരിക്കയിലെ ഒറിഗണ്‍ പബ്ലിക് ബ്രോഡ്കാസ്റ്റിങ്ങിന് നല്കിയ അഭിമുഖങ്ങളില്‍ ചിലര്‍ വെളിപ്പെടുത്തിയിരുന്നു.
പോര്‍ട്ട്ലന്‍ഡിലെ പഠനത്തില്‍ പങ്കെടുത്തവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പേരുടെ അനുഭവങ്ങള്‍ ശേഖരിക്കാനാകുമെന്ന പ്രതീക്ഷ പോലും ഫ്രഞ്ച് കൂട്ടായ്മയ്ക്കുണ്ടായിരുന്നില്ല. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 10,000ത്തോളം പേരാണ് തങ്ങളെ സമീപിച്ചത് വിവരങ്ങള്‍ പങ്കുവെച്ചതെന്ന് അവര്‍ പറയുന്നു.
‘പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടില്ലാത്ത ചില സ്ത്രീകളില്നിന്നുപോലും ഞങ്ങള്‍ക്ക് സമാനമായ മൊഴികള്‍ ലഭിച്ചു. കണ്ണീര്‍വാതകം പ്രയോഗിച്ച സ്ഥലത്തിനടുത്ത് താമസിക്കുകയോ അവിടെയുള്ള കടകളില്‍ പോകുകയോ നായയുമായി വഴിയരികിലൂടെ നടക്കുകയോ ചെയ്തവരായിരുന്നു അവര്‍. അവര്‍ക്കും അസാധാരണമായ വേദനയുള്ള ആര്‍ത്തവം അനുഭവപ്പെട്ടു. പ്രതിഷേധക്കാരെപ്പോലെ മാനസിക സമ്മര്‍ദം അനുഭവിക്കാത്തവരിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായത് സമ്മര്‍ദം മാത്രമല്ല ഇതിന് കാരണമെന്ന സൂചന നല്കുന്നു,’ വോഹാങി-നിരിന പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കണ്ണീര്‍വാതകം ഏല്‍ക്കാത്ത നിരവധി ആളുകളിലേക്കും അതിന്റെ പ്രത്യാഘാതങ്ങള്‍ വ്യാപിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വിവരങ്ങള്‍ ശേഖരിച്ച പലരിലും കഠിനമായ ഗര്‍ഭാശയ വേദനയും അസാധാരണമായ രക്തസ്രാവവും മുതല്‍ ആര്‍ത്തവം പൂര്‍ണമായി മുടങ്ങുന്നതുവരെയുള്ള അനുഭവങ്ങളുണ്ട്. വേദന കാരണം നടക്കാനോ ജോലിക്ക് പോകാനോ കഴിയാത്ത അവസ്ഥയിലായവരും ആഴ്ചകളോളം രക്തസ്രാവം നേരിട്ടവരും അക്കൂട്ടത്തിലുണ്ട്.
‘ഇതിനുമുമ്പ് ഒരിക്കലും ഇത്തരത്തില്‍ രക്തസ്രാവം ഉണ്ടായിട്ടില്ല,’ ഒരു പ്രതിഷേധക്കാരി ഗാര്‍ഡിയനോട് പറഞ്ഞു.
അമിതമായ രക്തനഷ്ടത്തെത്തുടര്ന്ന് വിളര്‍ച്ച ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായി രണ്ട് പേര് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകള്‍, ഹോര്‍മോണ്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവര്‍, ടെസ്റ്റോസ്റ്റിറോണ്‍ ചികിത്സ സ്വീകരിക്കുന്നവര്‍ എന്നിവരിലും രക്തസ്രാവം ഉണ്ടായതായി സാക്ഷ്യങ്ങളുണ്ട്.
കണ്ണീര്‍വാതകത്തിന് വിധേയരായ 47 ഗര്‍ഭിണികളില്‍ 15 പേര്‍ക്ക് ഗര്‍ഭം അലസിയതായി കൂട്ടായ്മ അറിയിച്ചു. 17 പേര്‍ക്ക് കടുത്ത വേദന, രക്തസ്രാവം തുടങ്ങിയ പ്രശ്നങ്ങളുണ്ടായി. രണ്ട് പേര് അടിയന്തര ഗൈനക്കോളജിക്കല്‍ ചികിത്സ തേടുകയും ചെയ്തു.
വഴിയരികിലൂടെ നായയുമായി നടക്കുന്നതിനിടെ കണ്ണീര്‍വാതകത്തിന് വിധേയയായ ഒരു സ്ത്രീയുടെ അനുഭവവും കൂട്ടായ്മ ശേഖരിച്ച റിപ്പോര്‍ട്ടിലുണ്ട്. ഏതാനും മിനിറ്റുകളോളം വാതകം മുഖത്തേറ്റതിനെത്തുടര്ന്ന് ശക്തമായ ഛര്‍ദിയും രക്തസ്രാവവുമുണ്ടായി. അവര്‍ പറയുന്നു.
‘എനിക്ക് മൂത്രമൊഴിക്കുന്നതുപോലെയാണ് തോന്നിയത്. ഏഴ് മാസം ഗര്‍ഭിണിയായിരിക്കെ എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടു.’ അവര്‍ പറഞ്ഞു.
20 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളിലും യുവതികളിലുമാണ് കൂടുതല്‍ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് കൂട്ടായ്മയുടെ പ്രാഥമിക നിരീക്ഷണം. പ്രായമായവരെ അപേക്ഷിച്ച് ഇവരില്‍ ലക്ഷണങ്ങള്‍ വേഗത്തില്‍ പ്രത്യക്ഷപ്പെടുകയും കൂടുതല്‍ തീവ്രമാകുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
46കാരിയായ നൈമ ഡി പിയേറോയുടെ അനുഭവം കണ്ണീര്‍വാതകവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ്.
എന്‍ഡോമെട്രിയോസിസ് ബാധിച്ച അവര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ആര്‍ത്തവം നിയന്ത്രിക്കുന്നതിനായി ഗുളികകള്‍ ഉപയോഗിക്കുകയായിരുന്നു. അതിനാല്‍ ഈ കാലയളവില്‍ ആര്‍ത്തവം വളരെ കുറവായിരുന്നു.
എന്നാല്‍ ഒക്ടോബര്‍ 17ന് ഫ്രാന്‍സില്‍ നടന്ന രാജ്യവ്യാപക പ്രതിഷേധത്തിനിടെ കണ്ണീര്‍വാതകത്തിന് വിധേയയായതിന് രണ്ട് ദിവസത്തിനുശേഷം അവര്‍ക്ക് കനത്ത രക്തസ്രാവം ആരംഭിച്ചു.
‘പത്ത് ദിവസത്തോളം രക്തസ്രാവം തുടര്‍ന്നു. ആര്‍ത്തവസമയത്ത് അടിവസ്ത്രം ദിവസത്തില്‍ പലതവണ മാറ്റേണ്ടിവരുന്നുണ്ടായിരുന്നു. രക്തത്തിന്റെ അളവ് വളരെ കൂടുതലായിരുന്നു. പിന്നീട് രക്തം കട്ടപിടിക്കുകയും അസഹനീയമായ വേദന അനുഭവപ്പെടുകയും ചെയ്തു. വേദന കാരണം ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടായി. രാത്രിയില്‍ വേദനസംഹാരികളേയും ചൂടുവെള്ളക്കുപ്പിയേയും ആശ്രയിക്കേണ്ടിവന്നു. എനിക്ക് ഒരിക്കലും ഇത്രയധികം ക്ഷീണം തോന്നിയിട്ടില്ല. മുടി കൊഴിയുന്നതിനാല്‍ ഇപ്പോള്‍ ഞാന്‍ ശിരോവസ്ത്രം ധരിക്കുകയാണ്,’ അവര്‍ പറഞ്ഞു.
ആദ്യം ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ കാരണം തനിക്ക് മനസ്സിലായിരുന്നില്ലെന്നും എന്നാല്‍ പ്രതിഷേധങ്ങളില്‍ കണ്ണീര്‍വാതകത്തിന് വിധേയരായ സ്ത്രീകളില്‍ സമാനമായ അനുഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് ആശങ്ക വര്‍ധിച്ചതെന്നും ഇവര്‍ പറയുന്നു.
20 കാരിയായ ലൂയിസ മാര്‍ട്ടിനും സമാനമായ അനുഭവമാണ് പങ്കുവെച്ചത്. പോളിഎന്‍ഡോക്രൈന്‍ മെറ്റബോളിക് ഓവറിയന്‍ സിന്‍ഡ്രോം എന്ന ഹോര്‍മോണ്‍ അവസ്ഥയുള്ള അവര്‍ക്ക് വര്‍ഷങ്ങളായി ആര്‍ത്തവം വളരെ അപൂര്‍വമായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 17ലെ പ്രതിഷേധത്തില്‍ പങ്കെടുത്തതിനുശേഷം അസാധാരണമായ കനത്ത രക്തസ്രാവം അനുഭവപ്പെട്ടു.
‘ആദ്യം ഞാന്‍ വളരെ സന്തോഷവതിയായിരുന്നു. വര്‍ഷങ്ങളോളം ആര്ത്തവമില്ലാതെയോ വളരെ കുറവായോ ജീവിച്ചതിനുശേഷം എന്റെ പ്രത്യുത്പാദന ആരോഗ്യം ഒടുവില്‍ മെച്ചപ്പെട്ടോ എന്നാണ് ഞാന്‍ ചിന്തിച്ചത്. എന്നാല്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത തന്റെ മൂന്ന് സഹോദരിമാരോടും സംസാരിച്ചപ്പോഴാണ് അവര്‍ക്കും ആര്‍ത്തവത്തില്‍ മാറ്റങ്ങളുണ്ടായതായി മനസ്സിലായത്. കണ്ണീര്വാതകമല്ലാതെ മറ്റൊരു കാരണം ഇതിനില്ല,’ അവര്‍ പറഞ്ഞു.
കണ്ണീര്‍വാതകത്തിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കുന്നതിനായി ഗവേഷകര്‍ പ്രധാനമായും പരിശോധിക്കുന്നത് സി എസ് (CS 2chlorobenzylidene malononitrile) എന്ന രാസസംയുക്തത്തെയാണ്. ഫ്രഞ്ച് പൊലീസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ സുരക്ഷാസേനകള്‍ ഉപയോഗിക്കുന്ന കണ്ണീര്വാതകങ്ങളില് സാധാരണയായി ഈ ഘടകം അടങ്ങിയിട്ടുണ്ട്.
സി.എസ് ശരീരത്തിലെ പ്രകോപനവും വേദനയും തിരിച്ചറിയുന്ന റിസപ്റ്ററുകളെ സജീവമാക്കുന്നു. ഇതാണ് കണ്ണെരിച്ചില്‍, ചുമ, വേദന തുടങ്ങിയ പ്രതികരണങ്ങള്‍ക്ക് കാരണമാകുന്നത്. എന്നാല്‍ ഇതേ സംവിധാനം ഗര്‍ഭാശയത്തിലെയും മറ്റ് പ്രത്യുത്പാദന അവയവങ്ങളിലെയും പ്രതികരണങ്ങളെ ബാധിക്കാമെന്നാണ് ഗവേഷകര്‍ സംശയിക്കുന്നത്.
സി.എസ് ഗര്‍ഭാശയത്തിലെ ചില റിസപ്റ്ററുകളെ സജീവമാക്കുന്നതിലൂടെ ഗര്‍ഭാശയ സങ്കോചങ്ങള്‍ക്ക് കാരണമാകാമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് ആര്‍ത്തവവേദന വര്‍ധിപ്പിക്കാനുള്ള ഒരു സാധ്യതയാണ്.
മറ്റൊരു സാധ്യത സി.എസ് ശരീരത്തില്‍ വിഘടിക്കുമ്പോള്‍ രൂപപ്പെടുന്ന തയോസയനേറ്റ് എന്ന പദാര്‍ഥവുമായി ബന്ധപ്പെട്ടതാണ്. തൈറോയ്ഡ് ഗ്രന്ഥിക്ക് അയഡിന്‍ ആഗിരണം ചെയ്യാനുള്ള കഴിവിനെ ഈ പദാര്‍ഥം തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ കണ്ണീര്‍വാതകത്തിന് വിധേയമാകുന്നതിലൂടെ ശരീരത്തില്‍ ഉണ്ടാകുന്ന തയോസയനേറ്റിന്റെ അളവ് തൈറോയ്ഡ് പ്രവര്‍ത്തനത്തെ ബാധിക്കാന്‍ മതിയാകുമോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. അതുപോലെ ഇത് അസാധാരണമായ രക്തസ്രാവത്തിന് കാരണമാകുമോ എന്ന കാര്യത്തിലും വ്യക്തമായ തെളിവുകളില്ല.
കണ്ണീര്‍വാതകത്തിന്റെ പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങള്‍ വളരെ പരിമിതമാണ്. 1980കളില്‍ നടത്തിയ പഠനങ്ങളില്‍ ഭൂരിഭാഗവും ആണ്മൃഗങ്ങളിലായിരുന്നു. കണ്ണീര്വാതകത്തിനുശേഷമുള്ള ആര്‍ത്തവപ്രശ്നങ്ങളെക്കുറിച്ച് പിയര്‍ റിവ്യൂ ചെയ്ത രണ്ട് പഠനങ്ങള്‍ മാത്രമാണ് നിലവിലുള്ളത്.
ഈ പഠനങ്ങളൊന്നും കണ്ണീര്‍വാതകവും ആര്‍ത്തവപ്രശ്നങ്ങളും തമ്മില്‍ നേരിട്ടുള്ള കാരണബന്ധം സ്ഥാപിച്ചിട്ടില്ല. എന്നിരുന്നാലും പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുള്ള നിരവധി ജൈവപ്രവര്‍ത്തനങ്ങള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
2019 ലെ ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങള്‍, 2020 ലെ അമേരിക്കയിലെ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭങ്ങള്‍, 2024ലും 2025 ലും ഗസയില്‍ നടന്ന പ്രതിഷേധങ്ങള്‍ എന്നിവയിലും കണ്ണീര്‍വാതക പ്രയോഗത്തിനുശേഷം സ്ത്രീകളില്‍ ആര്‍ത്തവപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
പ്രതിഷേധങ്ങള്‍ക്കിടയിലെ മാനസിക സമ്മര്‍ദം ആര്‍ത്തവചക്രത്തില്‍ മാറ്റങ്ങളുണ്ടാക്കാമെന്ന വാദവും ഈ വിഷയത്തില്‍ ഉയരുന്നുണ്ട്. എന്നാല്‍ കണ്ണീര്‍വാതകത്തിന് വിധേയരായ സ്ത്രീകളില്‍ റിപ്പോര്‍ട്ട് ചെയ്ത എല്ലാ ലക്ഷണങ്ങളെയും സമ്മര്‍ദം കൊണ്ട് വിശദീകരിക്കാനാകില്ലെന്നാണ് ആരോഗ്യഗവേഷകരുടെ നിലപാട്.
‘സമ്മര്‍ദം ആര്‍ത്തവചക്രത്തെ തടസ്സപ്പെടുത്തുകയും ആര്‍ത്തവം നേരത്തെയോ വൈകിയോ വരാന്‍ കാരണമാകുകയും ചെയ്യും. എന്നാല്‍ ആര്‍ത്തവവിരാമം സംഭവിച്ചവരില്‍ കനത്ത രക്തസ്രാവം ഉണ്ടാകുന്നതും ഗര്‍ഭം അലസലുകള്‍ക്ക് കാരണമാകുന്നതും ഇത്തരം സമ്മര്‍ദങ്ങള്‍ കൊണ്ട് മാത്രമല്ല,’ ന്യൂറോ എന്‍ഡോക്രൈനോളജിയില്‍ ഡോക്ടറല്‍ ഗവേഷണം നടത്തുന്ന സൊലീന്‍ റൂഗക്സ് പറഞ്ഞു.
കണ്ണീര്‍വാതകം ആവര്‍ത്തിച്ച് പ്രയോഗിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് കൂട്ടായ്മയുടെ സ്ഥാപക ഇവാ-ലൂണ തോലന്സും പറഞ്ഞു.
പാരീസിലെ പോര്‍ട്ട്-റോയല്‍ മെറ്റേണിറ്റി ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ ഡോ. മഹാ ഈദ് ഒക്ടോബര്‍ 20ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനിടെ കഠിനമായ ആര്‍ത്തവവേദനയും എന്‍ഡോമെട്രിയോസിസ് ലക്ഷണങ്ങള്‍ രൂക്ഷമായതുമായി നിരവധി രോഗികള്‍ എത്തിയതായി വെളിപ്പെടുത്തിയിരുന്നു.
‘കൂടുതല്‍ ഗവേഷണം കൂടാതെ ഉറച്ച നിഗമനങ്ങളില്‍ എത്താന്‍ കഴിയില്ല. എന്നാല്‍ എക്സ്പോഷറിന്റെ തീവ്രതയും ദൈര്‍ഘ്യവും അനുസരിച്ച് ഗര്‍ഭാശയ പാളിയില്‍ കാണപ്പെടുന്ന TRPA1 റിസപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ളവയെ സി.എസ് സജീവമാക്കുമെന്ന് നമുക്കറിയാം. ഇത് ഗര്‍ഭാശയ സങ്കോചങ്ങള്‍ക്ക് കാരണമാകാം. ഗര്‍ഭാവസ്ഥയുടെ ആദ്യഘട്ടത്തില്‍ ഇത് അപകടസാധ്യത സൃഷ്ടിക്കാനും സാധ്യതയുണ്ട്,’ അവര്‍ പറഞ്ഞു.
കണ്ണീര്‍വാതകം പ്രത്യുത്പാദനത്തേയും ആരോഗ്യത്തെയും ബാധിക്കുന്നതിനെക്കുറിച്ച് അമേരിക്കയില്‍ പഠനം നടത്തിയ ആശ ഹസ്സനും സമ്മര്‍ദം മാത്രമാണ് ഇതിന് കാരണമെന്ന വാദത്തെ ചോദ്യം ചെയ്യുന്നുണ്ട്. കണ്ണീര്‍വാതകവും പെട്ടെന്നുണ്ടാകുന്ന രക്തസ്രാവം ഉള്‍പ്പെടെയുള്ള ആര്‍ത്തവപ്രശ്നങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞ പഠനത്തിന് നേതൃത്വം നല്കിയ വ്യക്തികൂടിയാണ് അവര്‍.
പഠനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ വിവരിച്ച ലക്ഷണങ്ങള്‍ ശരീരത്തില്‍ സമ്മര്‍ദമുണ്ടാകുന്ന സാഹചര്യങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന പ്രതികരണങ്ങളില്‍നിന്ന് വ്യത്യസ്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
‘ഇത് കുട്ടികള്‍ക്ക് സുരക്ഷിതമാണെന്ന് തെളിയിക്കാന്‍ അവര്‍ക്ക് കഴിയുമോ? സുരക്ഷിതമാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരുകള്‍ക്കാണ്. അല്ലാതെ, സുരക്ഷിതമല്ലെന്ന് തെളിയിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമല്ല,’ ആശ ഹസ്സന് പറഞ്ഞു.
കണ്ണീര്‍വാതകത്തിന്റെ ആരോഗ്യപ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതല്‍ ഗവേഷണം വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ശേഖരിച്ച ആയിരക്കണക്കിന് പേരുടെ മൊഴികള്‍ വിശദമായി പരിശോധിക്കാനാണ് ലാക്രിമോസ് ദു സാങ് ലക്ഷ്യമിടുന്നത്.
ആദ്യം ശേഖരിച്ച മൊഴികള്‍ നവംബര്‍ 17ന് പുറത്തുവിടാനാണ് കൂട്ടായ്മ തീരുമാനിച്ചിരുന്നത്. ഇത്രയധികം സ്ത്രീകളും പെണ്‍കുട്ടികളും ഒരേ തരത്തിലുള്ള ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അവഗണിക്കാനാകില്ലെന്ന്് ഗവേഷകരും പറയുന്നു.
‘ശാസ്ത്രീയ പഠനങ്ങള്‍ പരിമിതമാണ്. എന്നാല്‍ സമാനമായ രീതിയില്‍ കണ്ണീര്‍വാതകത്തിന് വിധേയരായതിനുശേഷം ഒരേ സമയത്ത് സമാനമായ ലക്ഷണങ്ങള്‍ അനുഭവിച്ച ആയിരക്കണക്കിന് ആളുകളുണ്ട്. ഈ പ്രതിഭാസത്തെ നമുക്ക് അവഗണിക്കാനാകില്ല. സുരക്ഷിതമാണെന്നതിന് മതിയായ തെളിവുകളില്ലാതെ സര്‍ക്കാര്‍ ജനക്കൂട്ടങ്ങള്‍ക്കുനേരെ വലിയ അളവില്‍ കണ്ണീര്‍വാതകം പ്രയോഗിക്കുന്നു. ഇപ്പോഴും അത് തുടരുകയാണ്,’ റൂഗക്സ് പറയുന്നു.
കണ്ണീര്‍വാതകത്തിന്റെ ദോഷഫലങ്ങള്‍ കേവലം ശാരീരിക അസ്വസ്ഥതകളില്‍ ഒതുങ്ങുന്നില്ലെന്നാണ് ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിലെ ഡോക്ടറായ രോഹിണി ഹാര് പറയുന്നത്.
‘ആളുകളെ പ്രതിഷേധങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുന്ന തരത്തില്‍ വേദനയുണ്ടാക്കുക എന്നതും ഈ ആയുധത്തിന്റെ രൂപകല്‍പ്പനയുടെ ഭാഗമാണ്. ഇത് അഭിപ്രായസ്വാതന്ത്ര്യത്തേയും ഒത്തുചേരാനുള്ള അവകാശത്തേയും ഇത് പ്രതികൂലമായി ബാധിക്കും,’ അവര്‍ പറഞ്ഞു.
2017ല്‍ തന്നെ ഫ്രാന്‍സിലെ ഹ്യൂമണ്‍ റൈറ്റ്സ് ഓംബുഡ്സ്മാന് കണ്ണീര്‍വാതക പ്രയോഗം ആരോഗ്യത്തിന് അപകടമുണ്ടാക്കാമെന്നും അതിനെ നിസാരമായി കാണരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇതിന്റെ ഉപയോഗം വര്‍ധിച്ചെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
കണ്ണീര്‍വാതകത്തിന്റെ ആരോഗ്യപ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെ ഫ്രഞ്ച് സര്‍ക്കാരിന്റെ നിലപാടും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്.
2021ലും 2022ലും സര്‍ക്കാര്‍ സ്വന്തം നിലയില്‍ പഠനങ്ങള്‍ നടത്തിയിരുന്നുവെന്നും കണ്ണീര്‍വാതക പ്രയോഗം മൂലം പ്രത്യേക ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും നവംബര്‍ 2ന് നടന്ന പാര്‍ലമെന്ററി ഹിയറിങ്ങില്‍ ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്റ് നുനെസ് പറഞ്ഞിരുന്നു. അതിനാല്‍ കണ്ണീര്‍വാതകത്തിന്റെ ഉപയോഗം താത്ക്കാലികമായി നിര്ത്തിവെക്കില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഈ രണ്ട് പഠനങ്ങളും ഇതുവരെ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചിട്ടില്ല.
സി.എസ് ഗ്യാസ് ശരീരത്തില്‍ വിഘടിക്കുമ്പോള്‍ ഉണ്ടാകുന്ന ചില മെറ്റബോളിറ്റുകള്‍ ആരോഗ്യത്തെ ബാധിക്കാനുള്ള സാധ്യത ഗവേഷകര്‍ മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും അവ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.
‘ശരീരത്തില്‍ സി.എസ് ഗ്യാസ് വിഘടിക്കുമ്പോള്‍ രൂപപ്പെടുന്ന മെറ്റബോളിറ്റുകള്‍ ചില പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാമെന്ന് വിലയിരുത്തലുകളുണ്ട്. എന്നാല്‍, ഇവ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. സമ്മര്‍ദം തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നമുക്കറിയാം,’ ആഭ്യന്തര മന്ത്രാലയ വക്താവ് ദി ഗാര്‍ഡിയനോട് പറഞ്ഞു.
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ നടത്തിയ പഠനങ്ങളിലെ കണ്ടെത്തലുകള്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ബാധകമാണെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നാണ് ആരോഗ്യഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
കാരണം, മുതിര്‍ന്നവരുടെയും കുട്ടികളുടെയും ശരീരം രാസവസ്തുക്കളോട് പ്രതികരിക്കുന്ന രീതി വ്യത്യസ്തമായിരിക്കാം. ഫ്രാന്‍സിലെ സമീപകാല പ്രതിഷേധങ്ങളില്‍ കണ്ണീര്‍വാതകം ഏറ്റവരില്‍ വലിയൊരു വിഭാഗം കൗമാരക്കാരായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, ഇടതുപക്ഷ പാര്‍ട്ടിയായ ഫ്രാന്‍സ് അണ്‍ബൗഡിന്റെ (LFI) ഒരു നിയമസഭാംഗം കണ്ണീര്‍വാതകത്തിന്റെ ആരോഗ്യപ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നതുവരെ അതിന്റെ ഉപയോഗം നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലെന്‍സ് നഗരത്തില്‍ ഒരു വിദ്യാര്‍ഥിയുടെ കൈ തകര്‍ത്ത സ്റ്റണ്‍ ഗ്രനേഡിന്റെ ഒരിനം ഉപയോഗിക്കുന്നതില്‍നിന്ന് കഴിഞ്ഞ മാസം ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പൊലീസിനെ വിലക്കിയിരുന്നു. എന്നാല്‍ മറ്റ് ‘കുറഞ്ഞ മാരകശേഷിയുള്ള’ ആയുധങ്ങളുടെ ഉപയോഗത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കണ്ണീര്‍വാതകത്തിന്റെ ഉപയോഗം പ്രതിഷേധിക്കാനുള്ള അവകാശത്തെ തന്നെ ബാധിക്കുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. പ്രതിഷേധങ്ങളില്‍നിന്ന് ആളുകളെ അകറ്റിനിര്‍ത്താന്‍ ഭയം സൃഷ്ടിക്കുന്ന ആയുധമായി ഇത് മാറുന്നുവെന്നാണ് ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.
‘പ്രതിഷേധങ്ങളില്‍നിന്ന് ആളുകളെ പിന്തിരിപ്പിക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. പ്രതിഷേധിക്കുകയെന്നത് അടിസ്ഥാനപരമായ അവകാശമാണ്. അവരുടെ ആരോഗ്യത്തിന് ഭീഷണിയുണ്ടാകുമെന്ന ഭയമില്ലാതെ ആ അവകാശം വിനിയോഗിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്,’ ആക്ടിവിസ്റ്റ് വോഹാങി-നിരിന പറഞ്ഞു.
Content Highlight: Beyond Tears: Tear Gas Linked to Serious Health Problems Among Women in France, Including Miscarriages