ന്യൂദല്‍ഹി: പരീക്ഷാ പുനര്‍മൂല്യ നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സി.ബി.എസ്.ഇക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പോക്കറ്റടിക്കാര്‍ ഇന്ന് സി.ബി.എസ്.ഇയുടെ അകത്താണ് ഇരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
‘പോക്കറ്റടിക്കാരെ സൂക്ഷിക്കുക- ഇന്ന് അവര്‍ സി.ബി.എസ്.ഇയുടെ അകത്തിരിക്കുകയാണണ്,’ രാഹുല്‍ എക്‌സില്‍ കുറിച്ചു.
സി.ബി.എസ്.ഇയുടെ പിഴവ് കാരണം നിങ്ങളുടെ മാര്‍ക്ക് തെറ്റായിപ്പോയാല്‍ നിങ്ങള്‍ക്ക് എന്ത് കിട്ടും. ഒരു ബില്ല് കിട്ടും. ഡിജിറ്റല്‍ സ്‌കാന്‍ കോപ്പി 100 രൂപ, ഒരു വിഷയത്തിന് 100 രൂപ, പുനര്‍ മൂല്യ നിര്‍ണയം ഒരു ചോദ്യത്തിന് 25 രൂപ വച്ച്,’ രാഹുല്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
‘ഒരു വിദ്യാര്‍ത്ഥിക്ക് ഉത്തരക്കടലാസ് ശരിയായി പുനപരിശോധിക്കാന്‍ 2000 രൂപ വരെ നല്‍കേണ്ടി വരും. ആലോചിച്ച് നോക്കൂ, നാല് ലക്ഷത്തിലധികം കുട്ടികള്‍ അത്തരം അപേക്ഷ സമര്‍പിച്ചാല്‍ സി.ബി.എസ്.ഇ എത്ര പണമുണ്ടാക്കുന്നുണ്ടാവും,’ രാഹുല്‍ ചോദിച്ചു.
എക്‌സ് പോസ്റ്റിനൊപ്പം ഒരു വീഡിയോയും രാഹുല്‍ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ രാഹുല്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീറ്റ് പുനര്‍ മൂല്യനിര്‍ണയത്തെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കിയത്.
പുനര്‍ മൂല്യ നിര്‍ണയത്തിനായി വരുന്ന കണക്കുകളെക്കുറിച്ച് വീഡിയോയില്‍ വിദ്യാര്‍ത്ഥികള്‍ രാഹുലിനോട് സംസാരിക്കുന്നുണ്ട്.
പുനര്‍ മൂല്യനിര്‍ണയത്തിന് ഡിജിറ്റല്‍ സ്‌കാന്‍ കോപ്പിക്കായി 100 രൂപ നല്‍കണം. ഒരു വിഷയത്തിന് ലഭിച്ച മാര്‍ക്ക് വീണ്ടും കൂട്ടി നോക്കാന്‍ 100 രൂപ വീതം നല്‍കണം. ഒരോ ചോദ്യവും ശരിയാണോ എന്ന് പുനപരിശോധിക്കാന്‍ 25 രൂപ വീതം നല്‍കണം എന്നാണ് വിദ്യാര്‍ത്ഥികള്‍ പുനപരിശോധനയ്ക്കുള്ള ചിലവിനെക്കുറിച്ച് പറയുന്നത്.
ഇത്തരത്തില്‍ മുപ്പതോ മുപ്പത്തഞ്ചോ ചോദ്യങ്ങളാണ് ഒരു വിഷയത്തിലുണ്ടാവുകയെന്നും ഇവ ഓരോന്നും പരിശോധിക്കാന്‍ 25 രൂപ വച്ച് വേണമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഉത്തരക്കടലാസുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ അതില്‍ മാര്‍ക്കിങ് തെറ്റായി കാണിക്കാനുള്ള സാധ്യത വലുതാണെന്നും അത് പുനപരിശോധിക്കാനുള്ള ഭാരം കുട്ടികളുടെ ചുമലിലിടുകയാണെന്നും രാഹുല്‍ പറഞ്ഞു.
‘തെറ്റ് പറ്റുന്നത് സി.ബി.എസ്.ഇക്കാണ്. പക്ഷേ അതിന്റെ ശിക്ഷ കുട്ടിക്കാണ് കിട്ടുന്നത്. ലാഭം സര്‍ക്കാരിനും,’ രാഹുല്‍ പറഞ്ഞു. ഈ മൊത്തം പ്രക്രിയ ഒരു ബിസിനസ് ആയി മാറിയെന്ന് സി.ബി.എസ്.ഇ പുനര്‍ മൂല്യ നിര്‍ണയത്തക്കുറിച്ച് പറഞ്ഞു.
‘വിദ്യാഭ്യാസം കച്ചവടമാവുമ്പോള്‍ തെറ്റ് തിരുത്തപ്പെടുകയല്ല, അവ പല മടങ്ങ് വര്‍ധിക്കുകയാണ് ചെയ്യുക. അതിന് ഏറ്റവും വലിയ വില കൊടുക്കുന്നത് നമ്മുടെ കുഞ്ഞുങ്ങളാണ്. അവരുടെ സമയം, അവരുടെ ആത്മവിശ്വാസം, അവരുടെ ഭാവി,’ രാഹുല്‍ പറഞ്ഞു.
നേരത്തെ സി.ബി.എസ്.ഇ പരീക്ഷാ മൂല്യനിര്‍ണയത്തിന് ഉപയോഗിച്ച ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ് (ഒ.എസ്.എം) സംവിധാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയേക്കാള്‍ പ്രധാനമന്ത്രി തന്റെ സര്‍ക്കാരിന്റെ നിലനില്‍പ്പിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആരോപിച്ചിരുന്നു.
മൂല്യനിര്‍ണയത്തില്‍ ഉണ്ടായ വന്‍ വീഴ്ചയില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
Content Highlight:Beware of pickpockets, They are in CBSE Now- Rahul Gandhi