വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസം അവസാനിച്ചപ്പോള്‍ ഏറെ കാലത്തെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിടാനിരിക്കുകയാണ് സൗത്ത് ആഫ്രിക്ക. 282 റണ്‍സിന്റെ ടാര്‍ഗറ്റാണ് സൗത്ത് ആഫ്രിക്കയ്ക്ക് മുന്നില്‍ ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയത്.
രണ്ട് ദിവസം ശേഷിക്കെ 69 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടമണിയാം. നിലവില്‍ 56 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് പ്രോട്ടിയാസ് നേടിയത്.
എന്നാല്‍ നാലാം ദിനം മത്സരം തുടങ്ങുമ്പോള്‍ എട്ട് വിക്കറ്റുകള്‍ നേടിയെടുക്കുന്നതാണ് ഓസ്‌ട്രേലിയയുടെ പ്രധാന ലക്ഷ്യം. അതേസമയം വിക്കറ്റുകള്‍ വീഴാതെ നാലാം ദിവസം കളിവിജയിക്കാനും കിരീടം സ്വന്തമാക്കാനുമാണ് പ്രോട്ടിയാസ് കളത്തിലിറങ്ങുന്നത്. ഇപ്പോള്‍ നാലാം ദിവസം മത്സരത്തില്‍ വിചിത്രമായ കാര്യങ്ങള്‍ സംഭവിക്കുമെന്ന് പറയുകയാണ് ഓസീസ് ബാറ്റര്‍ ബ്യൂ വെബ്‌സ്റ്റര്‍.
പ്രോട്ടിയാസിനെതിരെ പദ്ധതികള്‍ തയ്യാറാക്കുമെന്നും കളിയില്‍ വിചിത്രമായ കാര്യങ്ങള്‍ സംഭവിക്കുമെന്നും ബ്യൂ പറഞ്ഞു. മാത്രമല്ല ബൗളിങ് ആക്രമണത്തില്‍ സോസീസ് ചില പുതിയ കാര്യങ്ങള്‍ പരീക്ഷിച്ചെന്നും എന്നാല്‍ അവസാനം പ്രോട്ടിയാസ് മികച്ച പ്രകടനമാണ് നടത്തിയതെന്നും ഓസീസ് താരം കൂട്ടിച്ചേര്‍ത്തു.
‘രാവിലെ നമ്മള്‍ തിരിച്ചുവന്ന് ഒരു പദ്ധതി തയ്യാറാക്കണം. കളിക്കാര്‍ എല്ലാ രീതിയിലും കോണ്‍ട്രിബ്യൂഷന്‍ നല്‍കും. ഈ കളിയില്‍ വിചിത്രമായ കാര്യങ്ങള്‍ സംഭവിക്കും. ബൗളിങ് ആക്രമണത്തില്‍ ഞങ്ങള്‍ ചില പുതിയ കാര്യങ്ങള്‍ പരീക്ഷിച്ചു, പക്ഷേ അവസാനം അവര്‍ മികച്ച പ്രകടനമാണ് നടത്തിയത്,’ ബ്യൂ വെബ്സ്റ്റര്‍ പറഞ്ഞു.
നിലവില്‍ പ്രോട്ടിയാസിന് വേണ്ടി ക്രീസിലുള്ളത് 159 പന്തില്‍ 102 റണ്‍സുമായി ഓപ്പണര്‍ ഏയ്ഡന്‍ മര്‍ക്രവും 121 പന്തില്‍ 65 റണ്‍സുമായി ക്യാപ്റ്റന്‍ തെംബ ബാവുമയുമാണ്. മൂന്നാം ഓവറില്‍ റിയാന്‍ റിക്കെല്‍ട്ടനെ ആറ് റണ്‍സിനും 17ാം ഓവറില്‍ വിയാന്‍ മുള്‍ഡറെ 27 റണ്‍സിനും മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ ടീമിനെ വിജയതീരത്തെത്തിക്കാന്‍ കച്ചകെട്ടി ഇറങ്ങുകയായിരുന്നു ഓപ്പണര്‍ ഏയ്ഡന്‍ മാര്‍ക്രവും ക്യാപ്റ്റനും.
Content Highlight: Beau Webster Talking About Fourth Day In World Test Championship Final