| Thursday, 6th November 2025, 5:27 pm

ബെറ്റിങ് ആപ്പ് കേസ്; സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 11.14 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയാണ് ഇ.ഡിയുടെ നടപടി.

നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിഖര്‍ ധവാന് ഇ.ഡി സമന്‍സ് അയച്ചിരുന്നു. ബെറ്റിങ് ആപ്പായ 1xBet-മായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സമന്‍സ്.

സുരേഷ് റെയ്‌നയെ എട്ട് മണിക്കൂറിലധികം ഇ.ഡി ചോദ്യം ചെയ്യുകയുമുണ്ടായി. ഇവ ഇന്ത്യയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പുകള്‍ക്കെതിരായ നടപടികളുടെ ഭാഗമാണ്.

പ്രസ്തുത അന്വേഷണത്തില്‍ ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റയ്ക്കും ഇ.ഡി നോട്ടീസ് അയച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല ഇടപാടുകള്‍ എന്നിവയുള്‍പ്പെടെ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷണം നേരിടുന്ന ബെറ്റിങ് ആപ്പുകളുടെ പ്രചരണത്തിന് ഗൂഗിളും മെറ്റയും സൗകര്യമൊരുക്കുന്നതായാണ് ഇ.ഡിയുടെ ആരോപണം.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബെറ്റിങ് ആപ്പുകളുടെ മറവില്‍ നടക്കുന്ന നികുതിവെട്ടിപ്പിനെ കുറിച്ചും ഹവാല ഇടപാടുകളെ കുറിച്ചും ഇ.ഡി അന്വേഷിച്ചുവരികയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസ് അന്വേഷണം ആരംഭിച്ചത്.

ജംഗ്ലീ റമ്മി, എ23, ജീറ്റ്വിന്‍, പാരിമാച്ച്, ലോട്ടസ്365 തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി ഇ.ഡി സംശയിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലെ 29 സെലിബ്രിറ്റികള്‍ക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു.

തെലങ്കാനയിലും ആന്ധ്രപ്രദേശിലും ഫയല്‍ ചെയ്ത അഞ്ച് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. സിനിമ താരങ്ങളായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, നിധി അഗര്‍വാള്‍, പ്രണിത സുഭാഷ്, മഞ്ചു ലക്ഷ്മി, അനന്യ നാഗെല്ല എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് ഇ.ഡി കേസ് എടുത്തത്.

അഭിനേതാക്കള്‍ക്ക് പുറമെ ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, യൂട്യൂബര്‍മാര്‍ എന്നിവര്‍ക്ക് എതിരെയും കേസെടുത്തിരുന്നു. മുന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, യുവ് രാജ് സിങ്, നടി ഉര്‍വശി റൗട്ടേല, നടന്‍ സോനു സൂദ് എന്നിവരെ ഇ.ഡി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Content Highlight: Betting app case; ED attaches assets worth Rs 11.14 crore of Suresh Raina and Shikhar Dhawan

We use cookies to give you the best possible experience. Learn more