ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രഈല്‍ സന്ദര്‍ശനത്തിനെതിരെ സി.പി.ഐ.എം. ഫലസ്തീനികളുടെ ലക്ഷ്യങ്ങളോടുള്ള വഞ്ചനയാണ് പ്രധാനമന്ത്രിയുടെ ഇസ്രഈല്‍ സന്ദര്‍ശനമെന്ന് സി.പി.ഐ.എം പറഞ്ഞു.
ഗസയില്‍ ഇപ്പോഴും ഇസ്രഈല്‍ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് മോദിയുടെ ഈ സന്ദര്‍ശനമെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
വെടിനിര്‍ത്തല്‍ പ്രാബല്യത്തിലിരിക്കെയാണ് ഇസ്രഈല്‍ ഫലസ്തീനികള്‍ക്കെതിരായ അക്രമം തുടരുന്നത്. നിരവധി മനുഷ്യരെ ഇസ്രഈല്‍ കൊന്നൊടുക്കിയെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങള്‍ രൂക്ഷമാകുകയാണ്. മേഖലയിലെ അനധികൃത കുടിയേറ്റങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു. ഇതിനിടെ മോദിയുടെ ഇസ്രഈല്‍ സന്ദര്‍ശനം കൊലപാതകിയായ നെതന്യാഹുവിന്റെ ഭരണകൂടത്തെ നിയമവിധേയമാക്കുന്നുവെന്നും സി.പി.ഐ.എം പറഞ്ഞു.
അമേരിക്കയുടെ സഹായത്തോടെ ഫലസ്തീനില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു സയണിസ്റ്റ് ഭരണകൂടവുമായി തന്ത്രപരവും സൈനികവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് മോദിയുടെ സന്ദര്‍ശനത്തിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും സി.പി.ഐ.എം വിമര്‍ശിച്ചു.
ഇസ്രഈലിന്റെ പ്രേരണയാല്‍ ഇറാനെ സൈനികമായി ആക്രമിക്കാന്‍ യു.എസ് തയ്യാറെടുക്കുന്ന സമയം കൂടിയാണിത്. അതുകൊണ്ട് തന്നെ മോദിയുടെ ഇസ്രഈല്‍ യാത്ര കൂടുതല്‍ അനുചിതമാണെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.
ഈ സന്ദര്‍ശനത്തിലൂടെ പശ്ചിമേഷ്യയിലെ യു.എസ്-ഇസ്രഈല്‍ അച്ചുതണ്ടിനോടുള്ള തങ്ങളുടെ ‘ലജ്ജാകരമായ’ പ്രതിബദ്ധത ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും തുറന്നുകാട്ടിയെന്നും വിമര്‍ശനമുണ്ട്.
അതേസമയം ഇന്ന് (ബുധന്‍) ഉച്ചയോടെ മോദി ഇസ്രഈലിന്റെ തലസ്ഥാന നഗരമായ ടെല്‍ അവീവില്‍ എത്തിയിരുന്നു. നെതന്യാഹുവും അദ്ദേഹത്തിന്റെ പങ്കാളി സാറയും പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.
ശാസ്ത്ര-സാങ്കേതിക വിദ്യ, പ്രതിരോധം, സുരക്ഷ, കൃഷി, ജല മാനേജ്മന്റ്, വ്യാപാരം, സമ്പദ് വ്യവസ്ഥ തുടങ്ങിയ മേഖലകള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തല്‍.
ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി മോദി ഇസ്രഈല്‍ പാര്‍ലമെന്റായ നെസറ്റിനെ അഭിസംബോധന ചെയ്യുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ജെ.പി. സിങ് അറിയിച്ചിരുന്നു. നാളെ (വ്യാഴം) ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സൊഗുമായും മോദി കൂടിക്കാഴ്ച നടത്തും.
Content Highlight: Betrayal of Palestinians; CPIM opposes Modi’s visit to Israel
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ