ചെറിയ ബജറ്റില്‍ സിനിമയൊരുക്കി വലിയ വിജയങ്ങള്‍ സ്വന്തമാക്കിയ സംവിധായകനാണ് ഗിരീഷ് എ.ഡി. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ മുതല്‍ ‘സൂപ്പര്‍ ശരണ്യ’, ‘പ്രേമലു’ തുടങ്ങി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ വരെ എത്തുമ്പോള്‍, ഓരോ സിനിമയ്ക്കൊപ്പവും ഗിരീഷ് തന്റെ സിനിമകളുടെ സ്‌കെയിലും പതുക്കെ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അടുത്ത സിനിമയിലേക്ക് പോകുമ്പോള്‍ ബജറ്റ് കൂട്ടുക എന്നത് മാത്രമല്ല തന്റെ ലക്ഷ്യമെന്ന് പറയുകയാണ് ഗിരീഷ് എ.ഡി.
‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ ബജറ്റ് ഏകദേശം 25 കോടി രൂപയാണെന്നും, തന്റെ മുന്‍ സിനിമകളെ അപേക്ഷിച്ച് സ്‌കെയില്‍ വളര്‍ന്നിട്ടുണ്ടെങ്കിലും ഇതിനെ മലയാള സിനിമയിലെ ഒരു ‘വലിയ ബജറ്റ് സിനിമ’യായി വിശേഷിപ്പിക്കാനാകില്ലെന്നും ഗിരീഷ് പറയുന്നു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ചെയ്ത സിനിമകളില്‍ ഒരു പടവും വലിയ പടമെന്ന് പറയാനില്ല. മലയാള സിനിമയുടെ സ്‌കെയില്‍ അനുസരിച്ച് പണ്ടൊക്കെ 10 കോടി രൂപയുടെ പടമെന്ന് പറഞ്ഞാല്‍ ഭയങ്കര വലിയ പടമാണ്. ഇന്ന് അത് ഒരു നോര്‍മല്‍ ബജറ്റാണ്. ബെത്ലഹേമിന്റേത് 25 കോടിയുടെ അടുത്താണ്. അപ്പോഴും ഇത് ഭയങ്കര വലിയ പടമെന്ന് പറയാന്‍ പറ്റില്ല,’ ഗിരീഷ് എ.ഡി പറഞ്ഞു.
തന്റെ സിനിമകളുടെ ബജറ്റ് പതുക്കെ ഉയര്‍ന്നുവരുന്നതാണെന്നും ഒറ്റയടിക്ക് വലിയ ബജറ്റിലേക്ക് ചാടാന്‍ താത്പര്യമില്ലെന്നും ഗിരീഷ് പറയുന്നു. വലിയ ബജറ്റില്‍ സിനിമ ചെയ്യുകയാണെങ്കില്‍ അതിന് അനുയോജ്യമായ മറ്റൊരു ഘടകം കൂടി ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
‘ഞാന്‍ ഗ്രാജ്വലായി ഇങ്ങനെ കയറി വരുന്ന ആളാണ്. ഒറ്റയടിക്ക് അങ്ങനെ ഭയങ്കര ബജറ്റുള്ള പടമൊന്നും ആലോചിച്ചിട്ടില്ല. അങ്ങനെ എടുക്കുകയാണെങ്കില്‍ തന്നെ ഒരു ബിഗ് സ്റ്റാര്‍ പടമൊക്കെയായിരിക്കണം,’ ഗിരീഷ് പറഞ്ഞു.
അടുത്ത സിനിമയെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. എന്നാല്‍ അടുത്ത സിനിമയുടെ ബജറ്റ് ‘ഇതിനേക്കാള്‍ കൂടിയേക്കാം’ എന്ന സൂചനയും ഗിരീഷ് നല്‍കുന്നുണ്ട്.
‘എന്റെ ആഗ്രഹം എന്ന് പറഞ്ഞാല്‍ കാര്യങ്ങള്‍ സ്മൂത്ത് ആയി പോവുക എന്നതാണ്. അടുത്ത പടം ഇതിനേക്കാള്‍ ബജറ്റ് കൂടുക എന്നതല്ല. മറിച്ച് ആ പടത്തിന് എന്താണ് വേണ്ടത്, ആ സാധനം അതില്‍ ഉണ്ടാകണം. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഇതിനേക്കാള്‍ ബജറ്റ് കൂടുമായിരിക്കും. ആ പടത്തിന് അങ്ങനെയാണ് വിചാരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
അടുത്ത സിനിമയിലും തിരക്കഥാകൃത്ത് കിരണ്‍ തന്നെയുണ്ടാകുമെന്ന സൂചനയും ഗിരീഷ് നല്‍കി. ബെത്ലഹേമിന്റെ ചിത്രീകരണത്തിനിടെ തന്നെ അടുത്ത സിനിമയെക്കുറിച്ചുള്ള ആലോചനകള്‍ ആരംഭിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
‘അടുത്ത പ്ലാന്‍ പറയാറായിട്ടില്ല. ഞാനും കിരണും കൂടെ ഇരിക്കുന്നുണ്ട്. അവനൊപ്പം തന്നെയായിരിക്കും. അത് നീക്കി തുടങ്ങണം. ബെത്‌ലഹേം ഷൂട്ടിനിടെ ആലോചിച്ച ഒരു പരിപാടിയാണ്. അതിന്റെ വേറെ പരിപാടി ഒന്നും ആയിട്ടില്ല,’ ഗിരീഷ് എ.ഡി കൂട്ടിച്ചേര്‍ത്തു.
Content Highlight: Bethlehem’s budget is close to ?25 crore; whatever the next film is, it could be bigger than this”: Girish A.D.