| Wednesday, 26th August 2026, 1:16 pm

മലയാളത്തിലെ നാലാമത്തെ അതിവേഗ നൂറുകോടിയാകാന്‍ ബെത്‌ലഹേം; നേട്ടം സാധ്യമാകുക ആറ് ദിവസം കൊണ്ട്

അശ്വിന്‍ രാജേന്ദ്രന്‍

നിലവില്‍ തിയേറ്ററുകളെ ഫുള്ളാക്കി കൊണ്ട് ജൈത്രയാത്ര തുടരുന്ന ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് ഓഗസ്റ്റ് 21ന് തിയേറ്ററുകളിലെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച് സൂപ്പര്‍ ശരണ്യ, പ്രേമലു, ഐ ആം കാതലന്‍ തുടങ്ങി റിപ്പീറ്റ് വാല്യൂവും മിനിമം ഗ്യാരണ്ടിയും നല്‍കുന്ന സംവിധായകനില്‍ നിന്നും മറ്റൊരു ചിത്രം കൂടെയെത്തിയപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

മലയാളത്തിലെ റോം-കോം ഴോണറിലെ സൂപ്പര്‍ ഹിറ്റ് നായകനായ നിവിന്‍ പോളിയ്‌ക്കൊപ്പം തെന്നിന്ത്യയുടെ ഭാഗ്യനായികയായ മമിത ബൈജുവും ചേര്‍ന്നപ്പോള്‍ മനസ് നിറഞ്ഞ് ചിരിച്ച് ആസ്വദിക്കാന്‍ സാധിക്കുന്ന ഒരു ഫീല്‍ ഗുഡ് ചിത്രമാണ് മോളിവുഡിന് ലഭിച്ചിരിക്കുന്നത്. പ്രേമലുവിന്റെ നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസ് തന്നെ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയ സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, റോഷന്‍ ഷാനവാസ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരെല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചതോടെ മികച്ച റിപ്പോര്‍ട്ടുകളാണ് ചിത്രത്തിന് ആദ്യ ദിനം മുതല്‍ തന്നെ ലഭിച്ചത്.

ഇപ്പോഴിതാ മറ്റൊരു നേട്ടം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് ബെത്‌ലഹേം. മലയാളത്തില്‍ നിന്നും അതിവേഗം നൂറ് കോടി എന്ന നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ചിത്രമെന്ന റെക്കോഡിലേക്കാണ് ബെത്‌ലഹേം അതിവേഗം എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ചിത്രം 95 കോടിയോളം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. റിലീസ് ചെയ്ത വീക്കെന്‍ഡിലെ ആദ്യ മൂന്ന് ദിനങ്ങളില്‍ 64 കോടിയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഓണം വെക്കേഷന്‍ ആരംഭിച്ചതോടെ ഇതില്‍ കാര്യമായ വര്‍ധനവുണ്ടാകുകയായിരുന്നു. തിരുവോണ ദിനത്തില്‍ ടിക്കറ്റുകളെല്ലാം മുഴുവനായും വിറ്റ് തീരുന്ന നിലയിലാണ് ചിത്രത്തിന് കിട്ടുന്ന പ്രതികരണം. ഇതോടെ ഇന്ന് രാത്രിയോടെ തന്നെ ബെത്‌ലഹേം നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുമെന്നും ഉറപ്പായിരിക്കുകയാണ്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

രണ്ട് മാസ് ആക്ഷന്‍ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ക്ലാഷ് റിലീസ് നിശ്ചയിച്ചിരുന്നത് എന്നാല്‍ ഐ ആം ഗെയിം റിലീസ് മാറ്റിവെക്കുകയും ഖലീഫയ്ക്ക് സമ്മിശ്ര പ്രതികരണം ലഭിക്കുകയും ചെയ്തതോടെ ബെത്‌ലഹേമിന് കാര്യങ്ങള്‍ അനുകൂലമാകുകയായിരുന്നു.

Content Highlight: Bethlehem Kudumba unit set to enter in 100 crore club

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more