| Friday, 11th September 2026, 12:12 pm

ഗിരീഷേട്ടന്റെ പരിചയക്കാരന്റെ പരിചയക്കാരനാണ് ഗ്ലിക്‌സണ്‍, ജസ്റ്റിന്‍ അദ്ദേഹത്തിന് പരിചയമുള്ള ആളില്‍ നിന്നും ഇന്‍സ്പയറായതാണ്: കിരണ്‍ ജോസി

അശ്വിന്‍ രാജേന്ദ്രന്‍

വളരെ ചെറിയ ഒരു റോം-കോം ചിത്രവുമായെത്തി ബോക്‌സ് ഓഫീസിന് തീയിട്ടിരിക്കുകയാണ് സംവിധായകന്‍ ഗിരീഷ് എ.ഡി. അങ്കമാലിയിലെ കറുകുറ്റിയിലെ ബെത്‌ലഹേം എന്ന കുടുംബ യൂണിറ്റില്‍ നടക്കുന്ന പ്രണയത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം 280 കോടിയും കടന്ന് 300 കോടിയിലേക്കാണ് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍ഡസ്ട്രി ഹിറ്റായ വാഴ 2വിനെ വെട്ടി മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായ ചിത്രം മോളിവുഡിലെ ഹൈയസ്റ്റ് ഗ്രോസറെന്ന നേട്ടത്തിലേക്കാണ് ഇപ്പോള്‍ കണ്ണുവെച്ചിരിക്കുന്നത്. ഞായറാഴ്ചയോടെ ഈ നേട്ടവും ചിത്രം സ്വന്തമാക്കുമെന്നാണ് സിനിമാ പേജുകള്‍ വിലയിരുത്തുന്നത്.

പ്രേമലുവിന് ശേഷം ഭാവന സ്റ്റുഡിയോസും ഗിരീഷ് എ.ഡിയും വീണ്ടും കൈകോര്‍ത്തപ്പോള്‍ മറ്റൊരു മികച്ച റോം-കോം എന്റര്‍ടെയിനറാണ് മലയാളത്തിന് ലഭിച്ചിരിക്കുന്നത്. നിവിനും മമിതയ്ക്കും പുറമെ റോഷന്‍ ഷാനവാസ്, സുരേഷ് കൃഷ്ണ, ശ്യാം മോഹന്‍, ശ്രിന്ദ, മീനാക്ഷി തുടങ്ങി വലിയ താരനിരയുള്ള ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തത്. പ്രേമലുവിലെ പോലെ തന്നെ സംവിധായകന്‍ ഗിരീഷ് എ.ഡിയ്‌ക്കൊപ്പം കിരണ്‍ ജോസിയും ചേര്‍ന്നായിരുന്നു ബെത്‌ലഹേമിന്റെ തിരക്കഥ രചിച്ചത്.

Photo: Bhavana Studios

ബെത്‌ലഹേം കുടുംബ യൂണിറ്റിലെ നായക കഥാപാത്രം ജസ്റ്റിനും ഒപ്പം ഏറെ കൈയടി വാങ്ങിയ റോഷന്‍ ഷാനവാസിന്റെ ഗ്ലിക്‌സണും സംവിധായകന്‍ ഗിരീഷ് എ.ഡിയുടെ പരിചയത്തിലുള്ളവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചവയാണെന്ന് പറയുകയാണ് തിരക്കഥാകൃത്ത് കിരണ്‍ ജോസി. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജസ്റ്റിന്‍ എന്ന് പറയുന്ന കഥാപാത്രം അദ്ദേഹത്തിന്റെ തന്നെ പരിചയത്തിലുള്ള ആളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഉണ്ടായതാണ്. പൂര്‍ണമായും അങ്ങനെയല്ലെങ്കിലും പക്ഷേ ആ പ്രചോദനം ഉണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും ഇഷ്ടമുള്ള ചേട്ടന്‍ ഫിഗര്‍ എന്നുള്ള സാധനം ആ കഥാപാത്രത്തിലുണ്ടായിരുന്നു. മറ്റ് കഥാപാത്രങ്ങളൊന്നും തന്നെ ഒരാളെ കണ്ടിട്ട് എഴുതിയതല്ല,’ കിരണ്‍ പറയുന്നു.

എന്നാല്‍ മമിത അവതരിപ്പിച്ച ആഷ്‌ലി എന്ന കഥാപാത്രത്തിന്റെ പിന്നാലെ നടക്കുന്ന ഗ്ലിക്‌സണ്‍ എന്ന ക്യാരക്ടര്‍ ആരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്തതല്ലെന്നും ആ പേര് സംവിധായകന്റെ പരിചയത്തിലുള്ള ആളില്‍ നിന്നും എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

കിരണ്‍ ജോസി. Photo: Screen Grab/ Reporter Films/ Youtube.com

‘ഗ്ലിക്‌സണ്‍ എന്ന പേര് മാത്രം എടുത്തു എന്നാണ് എന്റെ അറിവ്. ഈ ക്യാരക്ടര്‍ ആദ്യം ഉണ്ടായിരുന്നില്ല. ഗിരീഷേട്ടന്റെ വേര്‍ഷനില്‍ ഗ്ലിക്‌സണ്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഞങ്ങള്‍ എഴുതാനിരുന്നപ്പോഴാണ് പിള്ളേരുടെ ഗ്യാങ്ങില്‍ ഒരാള്‍ക്ക് ആഷ്‌ലിയോട് ക്രഷ് തോന്നിയാല്‍ നന്നായിരിക്കും എന്ന ഐഡിയ വന്നത്. ഗിരീഷേട്ടന്റെ പരിചയക്കാരന്റെ പരിചയക്കാരനാണ് ഗ്ലിക്‌സണ്‍. ആ പേരെടുത്ത് ഇങ്ങോട്ടിട്ടതാണ്. അല്ലാതെ ഒരാളില്‍ നിന്നും ഇന്‍സ്പയറായി എഴുതിയത് ഒന്നുമല്ല,’ കിരണ്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Bethlehem Kudumba Unit Sctript writer Kiran Josi talks about characters in the movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more