വളരെ ചെറിയ ഒരു റോം-കോം ചിത്രവുമായെത്തി ബോക്സ് ഓഫീസിന് തീയിട്ടിരിക്കുകയാണ് സംവിധായകന്‍ ഗിരീഷ് എ.ഡി. അങ്കമാലിയിലെ കറുകുറ്റിയിലെ ബെത്ലഹേം എന്ന കുടുംബ യൂണിറ്റില്‍ നടക്കുന്ന പ്രണയത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം കേരള ബോക്‌സ് ഓഫീസില്‍ നിന്നും 150 കോടിയും ആഗോളതലത്തില്‍ 320 കോടിയും കടന്ന് മലയാളത്തിലെ സര്‍വകാല ഹിറ്റായി മാറിയിരിക്കുകയാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ ജനനായകനെയും വെട്ടി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമെന്ന നേട്ടത്തിലാണ് ബെത്‌ലഹേം എത്തിയിരിക്കുന്നത്.
കിരണ്‍ ജോസി. Photo: Reporter Filims
പ്രേമലുവിന് ശേഷം ഭാവന സ്റ്റുഡിയോസും ഗിരീഷ് എ.ഡിയും വീണ്ടും കൈകോര്‍ത്തപ്പോള്‍ മറ്റൊരു മികച്ച റോം-കോം എന്റര്‍ടെയിനറാണ് മലയാളത്തിന് ലഭിച്ചിരിക്കുന്നത്. നിവിനും മമിതയ്ക്കും പുറമെ റോഷന്‍ ഷാനവാസ്, സുരേഷ് കൃഷ്ണ, ശ്യാം മോഹന്‍, ശ്രിന്ദ, മീനാക്ഷി തുടങ്ങി വലിയ താരനിരയുള്ള ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തത്. പ്രേമലുവിലെ പോലെ തന്നെ സംവിധായകന്‍ ഗിരീഷ് എ.ഡിയ്ക്കൊപ്പം കിരണ്‍ ജോസിയും ചേര്‍ന്നായിരുന്നു ബെത്ലഹേമിന്റെ തിരക്കഥ രചിച്ചത്.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ഫിലിംസന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ബെത്‌ലഹേമിന്റെ തിരക്കഥ എഴുതുമ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് കിരണ്‍ ജോസി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഗ്ലിക്‌സന്റെ സീനുകള്‍ ചിരിച്ചുകൊണ്ടാണ് എഴുതിയതെന്ന് പറയുകയാണ് അദ്ദേഹം.
Photo: X.com
‘ചിത്രത്തിലെ കുറേ സീനുകള്‍ ഞാന്‍ ആസ്വദിച്ച് കൊണ്ട് തന്നെയാണ് എഴുതിയത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളെല്ലാം അങ്ങനെ എഴുതിയതാണ്. പ്രീക്ലൈമാക്‌സിലുള്ള ജസ്റ്റിന്റെയും ആഷ്‌ലിയുടെയും സംഭാഷണങ്ങളെല്ലാം ഒരുപാട് ആസ്വദിച്ചാണ് എഴുതിയത്. അതുപോലെ തന്നെയായിരുന്നു ഗ്ലിക്‌സന്റെ ഭാഗങ്ങളും. ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ മമിതയ്‌ക്കൊപ്പം ബസിലുണ്ടായിരുന്ന സീനെല്ലാം തന്നെ ഒരുപാട് ചിരിച്ചിട്ടായിരുന്നു എഴുതിയത്. തിയേറ്ററിലെയും ആഷ്‌ലിയുടെ അനിയനായിട്ടുള്ള ഗ്ലിക്‌സന്റെ സീനുകളും എല്ലാം തന്നെ ഒരുപാട് എന്‍ജോയ് ചെയ്ത് എഴുതിയതാണ്,’ കിരണ്‍ പറഞ്ഞു.
Content Highlight: Bethlehem Kudumba Unit Script writer talks about Roshan shanvas’s character in the movie