മലയാളസിനിമ ഈയടുത്ത് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ക്ലാഷിനാണ് ഇത്തവണ ഓണത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ബിഗ് എംസ് ഇല്ലെങ്കിലും ബ്രഹ്‌മാണ്ഡ സിനിമകള്‍ ഒരുമിച്ച് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുകയാണ്. വ്യത്യസ്ത ഴോണറുകളുമായി സൂപ്പര്‍താരങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ സിനിമാപ്രേമികളും ആവേശത്തിലാണ്.
പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി എന്നിവരാണ് ഇത്തവണ ഓണത്തിന് ബോക്‌സ് ഓഫീസ് പോരിനിറങ്ങുന്നത്. മൂന്ന് പേരും ഒന്നിച്ച് ക്ലാഷിനെത്തുന്നത് ഇത് ആദ്യമായാണ്. ഓരോ സിനിമയും പ്രേക്ഷകര്‍ ഒരുപാട് കാത്തിരിക്കുന്നവ കൂടിയാണ്. ദുല്‍ഖറും പൃഥ്വിയും ആദ്യമേ ഓണം റിലീസ് പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവുമൊടുവിലാണ് നിവിന്‍ വരവറിയിച്ചത്.
ബെത്‌ലഹേം കുടുംബ യൂണിറ്റ് Photo: Nivin Pauly/ X.com
ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ പുതിയ പോസ്റ്ററിലാണ് ഓണം റിലീസെന്ന് വ്യക്തമാക്കിയത്. അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാപേജുകളില്‍ ചിത്രം ചര്‍ച്ചയായിരുന്നു. സര്‍വ്വം മായക്ക് ശേഷം ചെറുതായി അടിതെറ്റിയ നിവിന്‍ ഈ ചിത്രത്തിലൂടെ തിരിച്ചുവരുമെന്നാണ് ആരാധകര്‍ കരുതുന്നത്.
നിവിനും കൂടി ഓണം റേസില്‍ പങ്കെടുക്കുമ്പോള്‍ മത്സരം കടുത്തിരിക്കുകയാണ്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രങ്ങളുമായി ദുല്‍ഖറും പൃഥ്വിയുമെത്തുമ്പോള്‍ ഫീല്‍ ഗുഡ് ഡ്രാമയുമായാണ് നിവിന്റെ വരവ്. ഓണം സീസണില്‍ സിനിമയുമായി വന്നപ്പോള്‍ പലപ്പോഴും കപ്പ് നേടിയ ചരിത്രമാണ് നിവിനുള്ളത്. അപ്പോഴൊക്കെ എതിരെയുണ്ടായിരുന്നത് ബിഗ് എംസായിരുന്നു.
2017ല്‍ അല്‍ത്താഫ് സലിമുമായി കൈകോര്‍ത്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ആ വര്‍ഷത്തെ ഓണം വിന്നറായി മാറി. അന്ന് എതിരെയുണ്ടായ മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ, പൃഥ്വിയുടെ ആദം ജോണ്‍ എന്നിവയെ തകര്‍ത്താണ് നിവിന്‍ കപ്പുയര്‍ത്തിയത്. ഫീല്‍ ഗുഡ് സിനിമയില്‍ നിവിന്‍ തിളങ്ങുകയായിരുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഓണത്തിന് നിവിന്‍ ക്ലാഷിനെത്തി. മോഹന്‍ലാലിന്റെ ഇട്ടിമാണി, പൃഥ്വിയുടെ ബ്രദേഴ്‌സ് ഡേ എന്നീ സിനിമകളുണ്ടായിരുന്നിട്ടും ആ വര്‍ഷം കപ്പ് പൊക്കിയത് നിവിന്റെ ലവ് ആക്ഷന്‍ ഡ്രാമയായിരുന്നു. ഒരിക്കല്‍ കൂടി ഓണത്തിന് നിവിനെത്തിയപ്പോള്‍ അടിതെറ്റി. ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്ത, നിവിന്‍ പോളിയുടെ രാമചന്ദ്രബോസ് ആന്‍ഡ് കോ എന്നീ ചിത്രങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ സര്‍പ്രൈസ് ഹിറ്റായത് ആര്‍.ഡി.എക്‌സായിരുന്നു.
മൂന്ന് വര്‍ഷത്തിനിപ്പുറം മറ്റൊരു ഓണം ക്ലാഷിന് നിവിന്‍ തയാറെടുക്കുകയാണ്. ഐ ആം ഗെയിം എന്ന സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രവുമായി ദുല്‍ഖറും ഖലീഫ എന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലറുമായി പൃഥ്വിയും കട്ടക്ക് കോമ്പറ്റീഷന്‍ നല്‍കുമെന്ന് ഉറപ്പാണ്. സേഫ് സോണായ ഫീല്‍ ഗുഡുമായി നിവിന്‍ വരുമ്പോള്‍ പ്രതീക്ഷകളേറെയാണ്. മൂന്ന് സിനിമകളില്‍ ആര് കപ്പ് പൊക്കുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.
Content Highlight: Bethlehem Kudumba Unit release day poster out now
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ