| Sunday, 27th September 2026, 3:04 pm

ഒക്ടോബര്‍ രണ്ടിന് തന്നെ, ആഷ്‌ലിയും ജസ്റ്റിനും കുടുംബ യൂണിറ്റും ഒ.ടി.ടിയിലേക്ക്

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിയേറ്ററിലെത്തി കണ്ട ചിത്രം എന്ന റെക്കോഡ് സ്വന്തമാക്കിയ സിനിമയായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡിയും പ്രൊഡക്ഷന്‍ ഹൗസായ ഭാവന സ്റ്റുഡിയോസും ഒന്നിച്ച ബെത്‌ലഹേം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ഓണം വെക്കേഷന്‍ ലക്ഷ്യമിട്ട് ഓഗസ്റ്റ് 21ന് തിയേറ്ററുകളിലെത്തിയ ചിത്രം 325 കോടിയിലധികമാണ് ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്. കേരള ബോക്‌സ് ഓഫീസില്‍ ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രം 150 കോടി കടക്കുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. രണ്ടും മൂന്നും തവണ തിയേറ്ററുകളിലെത്തി ചിത്രം കണ്ടവരും ഒട്ടനവധിയാണ്. ഇപ്പോഴിതാ ചിത്രം ഒക്ടോബര്‍ രണ്ടിന് തന്നെ ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കും എന്ന വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോയ ജിയോ ഹോട്‌സ്റ്റാര്‍.

ഇതോടെ തങ്ങളുടെ പ്രിയപ്പെട്ട ചിത്രം എത്ര തവണ വേണമെങ്കിലും റിപ്പീറ്റ് അടിച്ചുകാണാനുള്ള അവസരമാണ് സിനിമാ പ്രേക്ഷകര്‍ക്ക് കൈവന്നിരിക്കുന്നത്. ഏജ്-ഗ്യാപ്പ് റൊമാന്‍സിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ ജസ്റ്റില്‍ എന്ന കഥാപാത്രമായി നിവിന്‍ പോളിയും ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജുവും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി കൃത്യമായി വര്‍ക്കൗട്ടായതായിരുന്നു ബെത്‌ലഹേമിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ഇരുവര്‍ക്കും പുറമെ ചിത്രത്തില്‍ വന്നുപോയ കഥാപാത്രങ്ങളെല്ലാം അവരുടെ ഭാഗം ഗംഭീരമാക്കിയപ്പോള്‍ ചിത്രം ഫണ്‍ പാക്ക്ഡ് ഫാമിലി എന്റര്‍ടെയിനറായി മാറുകയായിരുന്നു. സംഗീത് പ്രതാപ്, റോഷന്‍ ഷാനവാസ്, സുരേഷ് കൃഷ്ണ, മീനാക്ഷി, ശ്രിന്ദ, ശ്യാം മോഹന്‍, ജാസര്‍ ക്ലിക്ക്‌സ് തുടങ്ങിയവരെല്ലാം ചിത്രത്തില്‍ കൈയടി നേടിയിരുന്നു. ചിത്രത്തിന്റെ ഭാഗമായി പുറത്തുവിട്ട സോള്‍മേറ്റ്‌സ് ഒരു സാത്തുക്കുടി പ്രണയത്തിന് കോടിക്കണക്കിന് കാഴ്ച്ചക്കാരെയാണ് യൂട്യൂബില്‍ ലഭിച്ചത്.

Content Highlight: Bethlehem Kudumba Unit ott streaming date out

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more