ദുല്‍ഖറിന്റെ ഐ ആം ഗെയിം പിന്മാറിയതോടെ ഓണം റിലീസുകളില്‍ വലിയ സാധ്യതയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിന് ലഭിച്ചിരിക്കുന്നത്. അനൗണ്‍സ്‌മെന്റ് മുതല്‍ പലരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഗ്രാന്‍ഡ് റിലീസിന് തയാറെടുക്കുകയാണ്. ഓരോ അപ്‌ഡേറ്റിലും മിനിമം ഗ്യാരണ്ടി കാത്തുസൂക്ഷിക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നിരിക്കുകയാണ്.
റിലീസിന് ഒരാഴ്ച ബാക്കിയുള്ളപ്പോള്‍ പുറത്തുവിട്ട ട്രെയ്‌ലര്‍ ആരാധകരെ ഒരുപോലെ ഹാപ്പിയാക്കുന്ന ഒന്നാണ്. അങ്കമാലിയിലെ ഒരു ഗ്രാമവും അവിടത്തെ ചെറുപ്പക്കാരുടെ ജീവിതവുമെല്ലാം കാണിച്ചുകൊണ്ടുള്ള കഥയാണ് ഗിരീഷ് എ.ഡി അണിയിച്ചൊരുക്കിയതെന്ന് ട്രെയ്‌ലറിലൂടെ വ്യക്തമാക്കുന്നുണ്ട്. നിവിന്റെ സേഫ് സോണായ റോം കോമില്‍ താരത്തിന്റെ അഴിഞ്ഞാട്ടം കാണാനാകുമെന്നും ട്രെയ്‌ലര്‍ അടിവരയിടുന്നു.
ജോലിയൊന്നുമില്ലാതെ നാട്ടില്‍ മെയിനായി നടക്കുന്ന ജസ്റ്റിന്റെ അയല്‍വക്കത്ത് ആഷ്‌ലി എന്ന പെണ്‍കുട്ടി താമസത്തിനെത്തുന്നതും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ കഥ. നിവിന്‍ ജസ്റ്റിനായി വേഷമിടുമ്പോള്‍ ആഷ്‌ലിയായി എത്തുന്നത് മമിത ബൈജുവാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ട്രെയ്‌ലറിന്റെ ഹൈലൈറ്റുകളിലൊന്നാണ്.
സര്‍വ്വം മായക്ക് ശേഷം നിവിന്‍ പോളി തന്റെ സേഫ് സോണിലേക്കെത്തുമ്പോള്‍ മിനിമം ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. മമിത- നിവിന്‍ കോമ്പോയുടെ ഫ്രഷ്‌നസ് ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ പ്രധാന പോസിറ്റീവുകളിലൊന്നായേക്കും. ജെന്‍ സീയുടെ പുതിയ പദപ്രയോഗങ്ങളെക്കുറിച്ചുള്ള നിവിന്റെ ഡയലോഗാണ് ട്രെയ്‌ലറിന്റെ ഹൈലൈറ്റ്. ഓണം റിലീസുകളില്‍ വലിയ പ്രതീക്ഷയോടെയാണ് പലരും ബെത്‌ലഹേമിനെ കാണുന്നത്.
വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നിവിനും മമിതക്കും പുറമെ സംഗീത് പ്രതാപ്, റോഷന്‍ ഷാനവാസ്, സുരേഷ് കൃഷ്ണ, വെട്ടുകിളി പ്രകാശ്, ബിന്ദു പണിക്കര്‍, ശ്രിന്ദ, ശ്യാം മോഹന്‍, വിനയ് ഫോര്‍ട്ട് തുടങ്ങി നിരവധി പേര്‍ ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ അണിനിരക്കുന്നുണ്ട്.
പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണു വിജയ്‌യാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ശ്യാം പുഷ്‌കര്‍, ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഐ ആം ഗെയിം പിന്മാറിയതോടെ 150ല്‍ നിന്ന് 300നടുത്ത് സ്‌ക്രീനുകള്‍ ചിത്രത്തിന് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
Content Highlight: Bethlehem Kudumba Unit movie trailer out