| Saturday, 15th August 2026, 10:38 pm

നസ്‌ലെനില്ലാതെ ഗിരീഷ് എ.ഡിയുടെ ആദ്യ സിനിമ... കാമിയോ പ്രതീക്ഷിക്കുന്നുണ്ടെന്ന് സിനിമാപേജുകള്‍

അമര്‍നാഥ് എം.

ഓണം റിലീസുകളില്‍ നിന്ന് ഐ ആം ഗെയിം പിന്മാറിയതോടെ ബെത്‌ലഹേം കുടുംബ യൂണിറ്റിന് വലിയ സാധ്യതയാണ് തുറന്നിരിക്കുന്നത്. കൂടൂതല്‍ സ്‌ക്രീനുകള്‍ ലഭിക്കുന്നതടക്കം പല പോസിറ്റീവും ചിത്രത്തിന് ഇതോടെ ലഭിച്ചു. അനൗണ്‍സ്‌മെന്റ് മുതല്‍ ഫീല്‍ ഗുഡ് ഫാമിലി ചിത്രമെന്ന പ്രതീതി നല്‍കിയ ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അങ്കമാലിയിലെ ഒരു ചെറിയ റെസിഡെന്‍ഷ്യല്‍ ഏരിയയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കഥ. കാറ്ററിങ് കമ്പനിയും അല്ലറ ചില്ലറ ചുറ്റിക്കറങ്ങലുമൊക്കെയായി നടക്കുന്ന ജസ്റ്റിന്‍ എന്ന കഥാപാത്രമായാണ് നിവിന്‍ പോളി വേഷമിടുന്നത്. കോമഡിയും ഇമോഷനുമെല്ലാം ചേര്‍ന്ന ചിത്രം നിവിന്റെ സേഫ് സോണിലാണ് ഒരുങ്ങുന്നത്.

പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ബെത്‌ലഹേം കുടുംബ യൂണിറ്റിനുണ്ട്. എന്നാല്‍ അതിനെക്കാളേറെ പലരും ചര്‍ച്ച ചെയ്യുന്നത് മറ്റൊരു കാര്യമാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ തന്റെ എല്ലാ സിനിമകളിലും അവിഭാജ്യ ഘടകമായ നസ്‌ലെന്‍ ഈ ചിത്രത്തിലില്ല.

തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ മെല്‍വിന്‍, സൂപ്പര്‍ ശരണ്യയിലെ സംഗീത്, പ്രേമലുവിലെ സച്ചിന്‍, ഐ ആം കാതലനിലെ വിഷ്ണു എന്നീ കഥാപാത്രങ്ങളായി വേഷമിട്ടത് നസ്‌ലെനായിരുന്നു. ഗിരീഷ് എ.ഡിയുടെ സിനിമകളിലെ അവിഭാജ്യഘടകമായ നസ്‌ലെന്‍ ഈ സിനിമയിലുണ്ടാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

കാമിയോ റോളില്‍ നസ്‌ലെന്‍ ഉണ്ടെങ്കില്‍ അതൊരു പ്ലസ് പോയിന്റായേക്കുമെന്നും ചിത്രത്തിന് ഗുണം ചെയ്യുമെന്നുമാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. നസ്‌ലെനില്ലാത്ത ഗിരീഷ് എ.ഡിയുടെ ആദ്യസിനിമ എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുന്നുണ്ടെന്നും ചിലര്‍ പങ്കുവെച്ച പോസ്റ്റുകളില്‍ പറയപ്പെടുന്നു.

മമിത ബൈജുവാണ് ചിത്രത്തിലെ നായിക. സുരേഷ് കൃഷ്ണ, റോഷന്‍ ഷാനവാസ്, വെട്ടുകിളി പ്രകാശ്, ബിന്ദു പണിക്കര്‍, സംഗീത് പ്രതാപ്, ശ്യാം മോഹന്‍, ശ്രിന്ദ, വിനയ് ഫോര്‍ട്ട് തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മമിത- നിവിന്‍ കോമ്പോയുടെ ഫ്രഷ്‌നസ്സാണ് സിനിമയുടെ ഹൈലൈറ്റുകളിലൊന്ന്.

Content Highlight: Bethlehem Kudumba Unit is the first movie of Gireesh A D without Naslen

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more