ഐ ആം ഗെയിമിന്റെ റിലീസിനിടയിലും തിയേറ്ററില്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്തുകയാണ് നിവിന്‍ പോളിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഓണം റിലീസായെത്തിയ ചിത്രം വെക്കേഷന്‍ തീര്‍ന്നിട്ടും ഗംഭീര കളക്ഷനുമായി മുന്നേറുകയാണ്. വര്‍ക്കിങ് ഡേയിലും പല തിയേറ്ററുകളിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിന്.
വേള്‍ഡ്‌വൈഡായി 200 കോടിക്ക് മുകളില്‍ കളക്ട് ചെയ്ത ചിത്രം കേരളത്തിലും ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം 96 കോടിക്കടുത്ത് ചിത്രം നേടിക്കഴിഞ്ഞു. ഇന്നത്തെ കളക്ഷന്‍ കൊണ്ട് മാത്രം കേരളത്തില്‍ നിന്ന് 100 കോടി നേടാന്‍ ബെത്‌ലഹേമിന് സാധിക്കുമെന്നാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്.
കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന നാലാമത്തെ ചിത്രമായി ബെത്‌ലഹേം കുടുംബ യൂണിറ്റ് മാറുമെന്ന് ഉറപ്പാണ്. നിലവിലെ ഇന്‍ഡസ്ട്രി ഹിറ്റായ വാഴ 2നെ മറികടക്കാന്‍ ഇനിയും 34 കോടിക്കടുത്ത് ആവശ്യമാണ്. ഇന്‍ഡസ്ട്രി ഹിറ്റ് മാത്രമല്ല, കേരളത്തില്‍ നിന്ന് മാത്രം 150 കോടിയാണ് ചിത്രം ലക്ഷ്യമിടുന്നത്.
കരിയറിലെ ആദ്യ ഇന്‍ഡസ്ട്രി ഹിറ്റിലേക്ക് വളരെ കുറച്ച് ദൂരം മാത്രമേയുള്ളൂ. ഒരിക്കല്‍ കൈയെത്തും ദൂരത്ത് ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം നിവിന് നഷ്ടപ്പെട്ടിരുന്നു. 2015ല്‍ പുറത്തിറങ്ങിയ പ്രേമം അന്നത്തെ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞിരുന്നു. എന്നാല്‍ സെന്‍സര്‍ കോപ്പി ലീക്കായത് ഈ നേട്ടം ഇല്ലാതാക്കി. ഒരുപക്ഷേ, സെന്‍സര്‍ കോപ്പി ലീക്കായില്ലായിരുന്നെങ്കില്‍ മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായി പ്രേമം മാറിയേനെ.
അന്ന് പ്രേമത്തിന് ലഭിക്കാത്ത നേട്ടം ഇന്ന് ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ നിവിന്‍ നേടാനൊരുങ്ങുകയാണ്. തന്റെ സേഫ് സോണിലെ സിനിമയിലൂടെ ബോക്‌സ് ഓഫീസിലെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് നിവിന്‍. ദുല്‍ഖറിന്റെ ബിഗ് ബജറ്റ് സിനിമക്ക് പോലും ടഫ് കോമ്പറ്റീഷന്‍ കൊടുക്കുകയാണ് നിവിന്‍ പോളി.
ക്ലോസിങ് കളക്ഷനില്‍ 300 കോടിയെങ്കിലും ചിത്രം നേടുമെന്നാണ് വിലയിരുത്തല്‍. ലോകഃക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന സിനിമയായി ബെത്‌ലഹേം കുടുംബ യൂണിറ്റ് മാറുമെന്നാണ് പ്രതീക്ഷ. വമ്പന്‍ താരനിരയും സ്റ്റാര്‍ കാസ്റ്റുമില്ലാതെ സിമ്പിള്‍ കഥയും മേക്കിങ്ങും കൊണ്ട് ചരിത്രവിജയമാക്കുന്ന മോളിവുഡിന്റെ ട്രെന്‍ഡ് ബെത്‌ലഹേമിലൂടെ തുടരുകയാണ്.
പ്രേമലു എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളി നായകനായ ചിത്രത്തില്‍ മമിത ബൈജുവാണ് നായികയായി വേഷമിട്ടത്.
Content Highlight: Bethlehem Kudumba Unit heading towards 100 crore from Kerala