| Monday, 5th October 2026, 9:24 am

ബെത്‌ലഹേമിൽ ഡിലീറ്റഡ് സീനുകൾ കുറവാണ്, നിവിൻ ചേട്ടൻ ചെയ്യുന്ന പരിപാടികളൊക്കെ ഭയങ്കര രസമായിരുന്നു; ആകാശ് ജോസഫ്

അജ്മല്‍ കെ

തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ നേടികൊണ്ടും സകല റെക്കോർഡുകൾ മറികടന്നുകൊണ്ടും ഗിരീഷ് എ.ഡിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒ.ടി.ടിയിലും മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. 2026ൽ ഓണം റിലീസായി കൊണ്ടാണ് ചിത്രം എത്തിയിരുന്നത്. 25 കോടിയിൽ നിർമിച്ച ചിത്രം തിയേറ്ററിൽ നിന്നും മാത്രമായി 325 കോടിയോളം കളക്ഷൻ നേടിയിരുന്നു.

ഇപ്പോഴിതാ ബെത്‌ലഹേം കുടുംബ യൂണിറ്റ് സിനിമയിൽ ജസ്റ്റിനും ആഷ്‌ലിയും ആദ്യമായി കണക്ട് ആകുന്ന രംഗം തന്നെയായിരുന്നു ചിത്രീകരിച്ച ആദ്യ രംഗമെന്ന് പറയുകയാണ് എഡിറ്റർ ആകാശ് ജോസഫ്. മമിത ബൈജു അവതരിപ്പിച്ച ആഷ്‌ലി ലാപ് വാങ്ങുന്നതിനായി ജസ്റ്റിന്റെ വീട്ടിലെത്തുന്ന രംഗമാണ് ആദ്യം ഷൂട്ട് ചെയ്തതെന്നും, സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രംഗങ്ങളിലൊന്നാണിതെന്നും ആകാശ് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. IMDb

‘മമിത ലാപ് വാങ്ങിക്കാനായി ജസ്റ്റിന്റെ വീട്ടിലേക്ക് പോകുന്നതാണ് നമ്മൾ ഫസ്റ്റ് ഷൂട്ട് ചെയ്തിരിക്കുന്നത്. അത് തന്നെ ഭയങ്കര ബ്യൂട്ടിഫുൾ ആയിട്ടുള്ള സീനാണ്. അവർ തമ്മിൽ ഫസ്റ്റ് കണക്ട് ആകുന്നതും ആ രംഗത്തിലാണ്. സിനിമയിൽ തന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീനാണത്,’ ആകാശ് പറഞ്ഞു.

നിവിൻ പോളിയുടെ പ്രകടനത്തെക്കുറിച്ചും ആകാശ് പറഞ്ഞു. പ്രത്യേകിച്ച് കോളേജ് ഫൈറ്റിന് ശേഷം കാറിൽ പോകുന്ന രംഗത്തിൽ നിവിൻ നൽകിയ ഒരു എക്സ്പ്രഷൻ തന്നെ ആ രംഗത്തിന്റെ എഡിറ്റിങ്ങിലും പ്രധാനമായി മാറിയെന്ന് ആകാശ് പറഞ്ഞു.

‘നിവിൻ ചേട്ടൻ ചെയ്യുന്ന പരിപാടികളൊക്കെ ഭയങ്കര രസമാണ്. കോളേജ് ഫൈറ്റ് കഴിഞ്ഞ് കാറിൽ പോകുന്ന ആ സീനുണ്ടല്ലോ, അതിന്റെ മേജോറിറ്റി ഭാഗങ്ങളും ഫ്രണ്ടിൽ നിന്ന് ഒറ്റ ഷോട്ടിലാണ് പോകുന്നത്. അവിടെ നമ്മുടെ സമീർ ഖാന്റെ ഒരു ഡയലോഗുണ്ട്. അതിന് ശേഷം നിവിൻ ചേട്ടന്റെ ഒരു നോട്ടമുണ്ട്. അവിടെ മാത്രം നമ്മൾ കട്ട് ചെയ്തിട്ടുണ്ട്. പുള്ളി അവിടെ അങ്ങനെ ഒരു എക്സ്പ്രഷൻ ഇട്ടതുകൊണ്ടാണ് നമ്മൾ അവിടെ കട്ട് പോയത്. ആ സീനിന് തിയേറ്ററിൽ ഭയങ്കര ചിരിയായിരുന്നു,’ ആകാശ് വ്യക്തമാക്കി.

അതേസമയം ‘പ്രേമലു’വുമായി താരതമ്യം ചെയ്യുമ്പോൾ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ൽ ഡിലീറ്റ് ചെയ്ത സീനുകൾ വളരെ കുറവാണെന്നും ആകാശ് ജോസഫ് പറഞ്ഞു.

‘പ്രേമലു വെച്ച് കമ്പയർ ചെയ്യുമ്പോൾ ബെത്‌ലഹേമിൽ ഡിലീറ്റഡ് സീനുകൾ കുറവാണ്. അധികം സീനുകൾ നമ്മൾ കളഞ്ഞിട്ടില്ല. ഏതെങ്കിലും സീനുകളിൽ ചെറിയ ഭാഗങ്ങളോ ഡയലോഗുകളോ കളഞ്ഞിട്ടുണ്ടാകും എന്നല്ലാതെ മുഴുവൻ സീനുകളായിട്ട് നമ്മൾ കളഞ്ഞിട്ടില്ല,’ ആകാശ് പറഞ്ഞു.

സിനിമയുടെ ഫസ്റ്റ് കട്ട് ഏകദേശം മൂന്ന് മണിക്കൂറായിരുന്നെങ്കിലും, പിന്നീട് അത് 2 മണിക്കൂർ 34 മിനിറ്റിലേക്ക് എത്തിക്കുകയായിരുന്നു. സെൻസറും മറ്റ് കാര്യങ്ങളും കഴിഞ്ഞിട്ട് സിനിമയുടെ ദൈർഘ്യം 2 മണിക്കൂർ 36 മിനിറ്റാണ്. അതുകൊണ്ടുതന്നെ വലിയ രീതിയിൽ സീനുകൾ ഒഴിവാക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും ആകാശ് വ്യക്തമാക്കി.

‘ഫസ്റ്റ് കട്ട് മൂന്ന് മണിക്കൂറേ ഉണ്ടായിരുന്നുള്ളൂ. പിന്നെ സിനിമയുടെ കണ്ടന്റ് 2 മണിക്കൂറും 34 മിനിറ്റുമാണ്. സെൻസറും ബാക്കി എല്ലാം കൂടെ 2 മണിക്കൂർ 36 മിനിറ്റാണ്. അതുകൊണ്ട് അധികം സീനുകളൊന്നും പോയിട്ടില്ല. ഡയലോഗുകളും കുറച്ച് കാര്യങ്ങളുമാണ് കട്ട് ചെയ്തിട്ടുള്ളത്,’ ആകാശ് കൂട്ടിച്ചേർത്തു.

സിനിമയുടെ പ്രധാന ആകർഷണമായ ഹ്യൂമറിനും എഡിറ്റിങ്ങിൽ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. ഹ്യൂമർ രംഗങ്ങൾ പരമാവധി നിലനിർത്തിയാണ് സിനിമ കട്ട് ചെയ്തതെന്നും, ചിത്രത്തിലെ ഭൂരിഭാഗം തമാശകളും നേരത്തെ തന്നെ സ്ക്രിപ്റ്റിലുണ്ടായിരുന്നുവെന്നും ആകാശ് ജോസഫ് വ്യക്തമാക്കി.

‘സിനിമയിലെ ഹ്യൂമറുകൾ അധികം പോകാത്ത രീതിയിൽ തന്നെയാണ് നമ്മൾ കട്ട് ചെയ്തേക്കുന്നത്. പിന്നെ ഹ്യൂമറുകൾ എല്ലാം തന്നെ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നതാണ്. ഡബ്ബിൽ ഒന്നോ രണ്ടോ സാധനങ്ങൾ മാത്രമാണ് ആഡ് ചെയ്തേക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ബാക്കി മുഴുവൻ പരിപാടികളും സ്ക്രിപ്റ്റിൽ തന്നെ ഉണ്ടായിരുന്നു,’ ആകാശ് പറഞ്ഞു.

Content Highlight: ‘Bethlehem Kudumba Unit’ has very few deleted scenes, reveals editor Akash Joseph Varghese

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more