| Friday, 21st August 2026, 12:51 pm

മാമ്പറക്കല്‍ തറവാട്ടുകാര്‍ക്ക് അങ്കമാലിക്കാരന്‍ ജസ്റ്റിന്‍ വക പണി.... ആദ്യ ഷോയ്ക്ക് പിന്നാലെ ഗംഭീര പ്രതികരണവുമായി ബെത്‌ലഹേം കുടുംബ യൂണിറ്റ്

അമര്‍നാഥ് എം.

ഓണം സീസണിലെ രണ്ടാമത്തെ ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി അണിയിച്ചൊരുക്കിയ ചിത്രത്തിന് അതിഗംഭീര പ്രതികരണങ്ങളാണ് ആദ്യ ഷോയ്ക്ക് പിന്നാലെ ലഭിക്കുന്നത്. റോം കോം ഴോണറിലൊരുങ്ങിയ ചിത്രം ഷുവര്‍ഷോട്ട് ബ്ലോക്ക്ബസ്റ്ററാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

തന്റെ സേഫ് സോണായ റോം കോമിലേക്ക് നിവിന്‍ തിരിച്ചെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ഈ വര്‍ഷത്തെ അടുത്ത 100 കോടി ചിത്രമായി മാറുമെന്നും പലരും അഭിപ്രായപ്പെടുന്നു. സീസണില്‍ ക്ലാഷ് വെച്ച ഖലീഫക്ക് സമ്മിശ്ര പ്രതികരണങ്ങളായതിനാല്‍ ഓണക്കപ്പ് നിവിന്‍ തൂക്കിയെന്ന് ആരാധകരും അവകാശപ്പെടുന്നുണ്ട്.

അങ്കമാലിയിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമായ ജസ്റ്റിന്‍ എന്ന കഥാപാത്രമായാണ് നിവിന്‍ പ്രത്യക്ഷപ്പെടുന്നത്. ജസ്റ്റിന്റെ അയല്‍വീട്ടിലേക്ക് ആഷ്‌ലി എന്ന പെണ്‍കുട്ടിയും കുടുംബവും താമസം മാറി വരുന്നതും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ കഥ. ഓരോ സീനിലും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സംവിധായകന്‍ ഗിരീഷ് എ.ഡിക്ക് സാധിച്ചിട്ടുണ്ടെന്നും പലരും പ്രതികരിക്കുന്നു.

നിവിന്‍ തന്റെ സേഫ് സോണില്‍ നിറഞ്ഞാടുമ്പോള്‍ മമിത പ്രേക്ഷകഹൃദയം കീഴടക്കിയെന്നും കമന്റുകളുണ്ട്. വിശ്വനാഥ് ആന്‍ഡ് സണ്‍സിന് പിന്നാലെ പെര്‍ഫോമര്‍ മമിത വീണ്ടും കൈയടി നേടിയെന്നും പോസ്റ്റുകളുണ്ട്. ഒരിടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ മമിത കൈയടി നേടുകയാണെന്നും പോസ്റ്റുകളില്‍ പറയുന്നു.

നിവിന്‍- മമിത കോമ്പോയുടെ ഫ്രഷ്‌നസ്സാണ് സിനിമയുടെ പോസിറ്റീവ്. പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡിയുടെ കൈയിലേക്ക് വീണ്ടും എത്തിപ്പെട്ട സംഗീത് പ്രതാപ് ആദ്യാവസാനം സ്‌കോര്‍ ചെയ്തിട്ടുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു. ഗിരീഷ് എ.ഡി എന്ന സംവിധായകന്‍ തന്റെ സോണില്‍ നിന്ന് ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, ശ്രിന്ദ, റോഷന്‍ ഷാനവാസ്, വിനയ് ഫോര്‍ട്ട്, ശ്യാം മോഹന്‍, വെട്ടുകിളി പ്രകാശ് തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗിരീഷ് എ.ഡിയാണ് ചിത്രത്തിന്റെ സംഗീതം. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ ചേര്‍ന്നാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Bethlehem Kudumba Unit getting terrific response after first show

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more