| Sunday, 30th August 2026, 11:03 am

മോളിവുഡ് ചരിത്രത്തിലെ റിലീസിന് ശേഷമുള്ള മികച്ച രണ്ടാം ശനിയാഴ്ച്ച; ബെത്‌ലഹേം നേടിയത് 24 കോടി

അശ്വിന്‍ രാജേന്ദ്രന്‍

സകല റെക്കോര്‍ഡുകളും തകര്‍ത്തെറിയാനുള്ള ശക്തിയോടെ ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ് നടത്തുകയാണ് നിവിന്‍ പോളി നായകനായെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ്. മലയാളത്തിലെ മിനിമം ഗ്യാരണ്ടിയുള്ള സംവിധായകനായ ഗിരീഷ് എ.ഡി അണിയിച്ചൊരുക്കിയ ചിത്രം റിലീസ് ദിനം മുതല്‍ തന്നെ വമ്പന്‍ പ്രകടനമാണ് ബോക്‌സ് ഓഫീസില്‍ കാഴ്ചവെക്കുന്നത്. 2024ല്‍ ഗിരീഷിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രേമലുവിന്റെ കളക്ഷനെയും കടത്തിവെട്ടിയാണ് ബെത്‌ലഹേം മുന്നേറുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: District

പ്രേമലുവിന്റെ നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസ് തന്നെയാണ് ബെത്‌ലഹേമും പ്രേക്ഷകരിലേക്കെത്തിച്ചിരിക്കുന്നത്. പതിവ് ഗിരീഷ് എ.ഡി ചിത്രങ്ങളില്‍ നിന്നും വിപരീതമായി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. നിവിന്‍ പോളിയ്‌ക്കൊപ്പം മമിത ബൈജു, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാാനവാസ്, സംഗീത് പ്രതാപ്, ശ്യാം മോഹന്‍ തുടങ്ങിയവരും അവരുടെ ഭാഗങ്ങള്‍ ഗംഭീരമാക്കിയതോടെ ഒരു മികച്ച റോം കോം എന്റര്‍ടെയിനറായിരുന്നു മോളിവുഡിന് ലഭിച്ചത്.

ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും വമ്പന്‍ കളക്ഷനാണ് ബെത്‌ലഹേമിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് രണ്ടാമത്തെ ശനിയാഴ്ച്ച ബെത്‌ലഹേമിന് ലഭിച്ചിരിക്കുന്ന കളക്ഷനാണ് ഇപ്പോള്‍ സിനിമാലോകത്തെ പ്രധാനചര്‍ച്ചാവിഷയം. ഇന്നലെ (ശനി) മാത്രം ചിത്രത്തിന് 24 കോടി രൂപയാണ് ആഗോളതലത്തില്‍ ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചിരിക്കുന്നത്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ പുതിയ റെക്കോഡാണ് ഇത് എന്നതാണ് പലരിലും കൗതുകമുണര്‍ത്തുന്നത്. ചിത്രം പുറത്തിറങ്ങി രണ്ടാമത്തെ ശനിയാഴ്ച്ച ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ബെത്‌ലഹേം സ്വന്തമാക്കിയിരിക്കുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ഇതോടെ ചിത്രത്തിന്റെ ആഗോളതലത്തിലെ കളക്ഷന്‍ 170 കോടി പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം ഇരുനൂറ് കോടിയെന്ന നേട്ടത്തിലെത്തുമെന്നും ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ഏവരും ഉറ്റുനോക്കുന്നത് ചിത്രത്തിന്റെ ഫൈനല്‍ കളക്ഷനിലേക്കാണ്. 300 കോടിയിലേക്ക് എത്താനുള്ള പൊട്ടന്‍ഷ്യല്‍ ചിത്രത്തിനുണ്ടെങ്കിലും ഓണം അവധി ഇന്നത്തോടെ അവസാനിക്കുന്നതും ദുല്‍ഖര്‍ സല്‍മാന്റെ ഐ ആം ഗെയിം സെപ്റ്റംബര്‍ നാലിന് തിയേറ്ററുകളിലേക്കെത്തുന്നതും ബെത്‌ലഹേമിന്റെ സ്വപ്‌നങ്ങലെ പ്രതികൂലമായി ബാധിച്ചേക്കാം.

Content Highlight: Bethlehem Kudumba Unit gets good collection in second Saturday after release

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more