| Monday, 21st September 2026, 10:56 pm

മുപ്പത്തിരണ്ടാം ദിനത്തില്‍ 150 കോടി; കേരള ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച് ബെത്‌ലഹേം

അശ്വിന്‍ രാജേന്ദ്രന്‍

ഓണം റിലീസായി തിയേറ്ററുകളിലെത്തി ഒരു മാസ് പിന്നിട്ടിട്ടും കൊടുങ്കാറ്റ് പോലെ ബോക്‌സ് ഓഫീസിനെ ചുഴറ്റിയെറിയുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. ബോക്‌സ് ഓഫീസിലെ പ്രധാനപ്പെട്ട റെക്കോര്‍ഡുകളെല്ലാം ചിത്രം ഇതിനോടകം സ്വന്തമാക്കിയിരുന്നെങ്കിലും മലയാള സിനിമയിലെ പുതിയ ഒരു നാഴികക്കല്ലാണ് നിവിന്‍ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം പിന്നിട്ടിരിക്കുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: Bhavana Studios/ X.com

കേരള ബോക്‌സ് ഓഫീസില്‍ നിന്നും ആദ്യമായി 150 കോടിയെന്ന മാര്‍ക്ക് പിന്നിടുന്ന ആദ്യ ചിത്രമെന്ന നേട്ടമാണ് ഇപ്പോള്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് തങ്ങളുടെ പേരിലാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് 32ാം ദിവസത്തിലാണ് ഭാവന സ്റ്റുഡിയോസ് നിര്‍മിച്ചിരിക്കുന്ന ചിത്രം ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. റിലീസ് ചെയ്തതിന് ശേഷമുള്ള നാലാം ആഴ്ചയിലും ഒരു കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയതോടെയാണ് അനായാസം ഇത്രയും വലിയ കളക്ഷന്‍ സ്വന്തമാക്കാന്‍ ബെത്‌ലഹേമിന് സാധിച്ചിരിക്കുന്നത്.

ഓണം റിലീസായി എത്തിയ ചിത്രത്തെ ഫാമിലി ഓഡിയന്‍സ് ഏറ്റെടുക്കുകയായിരുന്നു. ഇതോടെ അവധി കഴിഞ്ഞിട്ടും തിയേറ്ററുകളിലേക്ക് വലിയ രീതിയില്‍ പ്രേക്ഷകരെത്തിച്ചേരുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഐ ആം ഗെയിം അടക്കമുള്ള ചിത്രങ്ങളുടെ റിലീസുകള്‍ സെപ്റ്റംബര്‍ ആദ്യവാരങ്ങളില്‍ ഉണ്ടായിട്ടും ഇവയൊന്നും തന്നെ ബെത്‌ലഹേമിന്റെ കുതിപ്പിന് തടയിട്ടിരുന്നില്ല. ഇതോടെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിയേറ്ററിലെത്തി കണ്ട ചിത്രമായും ബെത്‌ലഹേം മാറുകയായിരുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: Bhavana Studios/ X.com

കേരള ബോക്‌സ് ഓഫീസിലെ കളക്ഷനില്‍ രണ്ടാം സ്ഥാനത്തുള്ള വാഴ 2വിനെ ബഹുദൂരം പിന്നിലാക്കിയാണ് ബെത്‌ലഹേമിന്റെ തേരോട്ടം. ഹാഷിറും ടീമും ആദ്യമായി നായകന്മാരെത്തിയ ചിത്രം 130 കോടിയ്ക്കടുത്തായിരുന്നു കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും നേടിയത്. മൂന്നാ സ്ഥാനത്തുള്ള കല്യാണി പ്രിയദര്‍ശന്‍ കേന്ദ്രകഥാപാത്രമായെത്തിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര 121 കോടിയുമായി മൂന്നാം സ്ഥാനത്താണ്. ബെത്‌ലഹേമിന്റെ കളക്ഷന്‍ വെട്ടിക്കാന്‍ സമീപക്കാലത്താര്‍ക്കും സാധിക്കില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Bethlehem Kudumba Unit  gets 150 crore from Kerala Box office

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more