കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ഇന്‍ഡസ്ട്രി ഹിറ്റും ആഗോളതലത്തില്‍ 300 കോടിയിലധികം കളക്ഷനും നേടി സ്വപ്‌നക്കുതിപ്പ് നടത്തുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാന്‍സിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകന്‍ ഒരുക്കിയത്. ചിത്രത്തിലെ നിവിനും മമിതയും തമ്മിലുള്ള കോമ്പോയെ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ലോകഃയെയും വെട്ടി മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടമാണ് ഇപ്പോള്‍ ബെത്‌ലഹേം സ്വന്തമാക്കിയിരിക്കുന്നത്.
നിവിനും മമിതയ്ക്കും പുറമെ സംഗീത് പ്രതാപ്, ശ്യാം മോഹന്‍, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്രിന്ദ, മീനാക്ഷി തുടങ്ങി ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയവരെല്ലാം തങ്ങളുടെ ഭാഗം മികച്ചതാക്കിയപ്പോള്‍ മറ്റൊരു മികച്ച റോം-കോം എന്റര്‍ടെയിനറായിരുന്നു മലയാളികള്‍ക്ക് ലഭിച്ചത്. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു മമിത അവതരിപ്പിച്ച നായിക കഥാപാത്രത്തിന്റെ അമ്മയായ ബിജി. മഞ്ജുശ്രീ നായര്‍ എന്ന ആര്‍ട്ടിസ്റ്റായിരുന്നു കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചത്.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com
ചിത്രവുമായി ബന്ധപ്പെട്ട് എം.സി ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചിത്രത്തിലെ ഗോവ ട്രിപ്പ് ഭാഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു ശ്രീ നായര്‍. ഈ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ കുറഞ്ഞ ആര്‍ട്ടിസ്റ്റുകള്‍ ഒഴിച്ച് ബാക്കിയുള്ളവര്‍ക്കെല്ലാം ഒരു ഗോവ ട്രിപ്പിന് പോയ അനുഭവമായിരുന്നുവെന്ന് പറയുകയാണ് മഞ്ജു.
‘ഗോവയില്‍ പോയപ്പോള്‍ എനിക്ക് ശരിക്കും ട്രിപ്പ് പോലെ തന്നെയായിരുന്നു. വെറുതെ നടന്ന് പല പല സ്ഥലങ്ങള്‍ കാണുക മാത്രമായിരുന്നു ഞങ്ങള്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. ബീച്ച്, ഫോര്‍ട്ട്, പള്ളികള്‍ തുടങ്ങി എല്ലാ സ്ഥലത്തും ഞങ്ങള്‍ ടൂര്‍ പോലെ പോകുമ്പോള്‍ ക്യാമറ അതെല്ലാം എടുക്കും. ഇതിനിടയില്‍ വിനയ് ഫോര്‍ട്ടിനും സുരേഷേട്ടനും മമിതയ്ക്കും എല്ലാം കുറച്ച് കുറച്ച് ഭാഗങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ക്കുള്ള സീനെല്ലാം അതിനിടയില്‍ അവരെടുക്കുന്നുണ്ട്. ഞങ്ങള്‍ കുറേ പേര് ഫുള്‍ ജോളിയായി നടക്കുകയായിരുന്നു.
Photo: Bhavana Studios
ബെത്‌ലഹേമിന്റെ ഇടയില്‍ വേറെ പടം ഒന്നും പിടിക്കരുതെന്ന് നേരത്തേ പറഞ്ഞിരുന്നു. കാരണം നമുക്ക് ഗോവയും വാഗമണ്ണും അടക്കം പല പല ലൊക്കേഷനുകളില്‍ പോകാനുള്ളതാണെന്ന് പറഞ്ഞിരുന്നു,’ മഞ്ജു പറഞ്ഞു.
Content Highlight: Bethlehem Kudumba Unit Fame Manjushree Nair talks about goa trip scenes in movie