| Tuesday, 8th September 2026, 8:00 am

‘ബെത്‌ലഹേമിൽ’ ആദ്യം നായകനാകേണ്ടിയിരുന്നത് ആസിഫ് അലിയും ടൊവിനോയും, പിന്നീടാണ് നിവിനിലേക്ക് എത്തിയത്; ആകാശ് ജോസഫ്

അജ്മല്‍ കെ

തിയേറ്ററുകളിൽ ചരിത്രവിജയം നേടുകയാണ് നിവിൻ പോളി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച പ്രേക്ഷക പിന്തുണ നേടിക്കൊണ്ട് ചിത്രം മുന്നേറികൊണ്ടിരിക്കുകയാണ്. ഒരു ഫീൽ ഗുഡ് റോം കോം സിനിമയ്‌ക്ക് കിട്ടുന്ന ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ചിത്രം.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ 250 കോടിക്ക് മുകളിൽ സ്വന്തമാക്കിക്കഴിഞ്ഞു. കേരളത്തിലെ അടുത്ത ബോക്‌സ് ഓഫീസ് ഹിറ്റായി സിനിമ മാറുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കേരളത്തിൽ നിന്ന് മാത്രം 100 കോടിക്ക് മുകളിൽ നിന്ന് കളക്ഷൻ നേടിയ വാഴ 2, തുടരും, ലോകഃ എന്നീ ചിത്രങ്ങളുടെ കേരള കളക്ഷൻ അധികം വൈകാതെ ബെത്‌ലഹേം മറികടക്കുമെന്നാണ് പലരുടെയും പ്രവചനം. ചിത്രത്തിന് കേരളത്തിന് പുറത്തും വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: IMDb

എന്നാൽ ചിത്രത്തിൽ നിവിൻ പോളിക്ക് പകരം ആദ്യം കാസറ്റ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് ആസിഫ് അലിയെയും ടോവിനോ തോമസിനെയും ആണെന്ന് പറയുകയാണ് ചിത്രത്തിന്റെ എഴുത്തുകാരൻ കിരൺ ജോഷിയും എഡിറ്ററായിട്ടുള്ള ആകാശ് ജോസഫ് വർഗീസും. മിർച്ചി മലയാളത്തിന് വേണ്ടി നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇതേ കുറിച്ച് തുറന്നു സംസാരിച്ചത്.

ബെത്‌ലഹേമിന്റെ കഥ ആദ്യം തന്നെ ആസിഫ് അലിയോടും ടൊവിനോ തോമസിന്റെ മാനേജരോടും പറഞ്ഞിരുന്നുവെന്നും ചിത്രത്തിന്റെ എഡിറ്റർ ആകാശ് പറഞ്ഞു. എന്നാൽ ടൊവിനോയോട് നേരിട്ട് കഥ പറഞ്ഞിരുന്നോ എന്ന കാര്യത്തിൽ കൃത്യമായ അറിവില്ലെന്നും ആകാശ് വ്യക്തമാക്കി.

‘ബെത്‌ലഹേമിന്റെ കഥ ആസിഫിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. ടൊവിനോയോട് നേരിട്ട് അല്ല. മാനേജരോടോ അങ്ങനെ എന്തോ പറഞ്ഞിട്ടുണ്ടായിരുന്നു. കൃത്യമായിട്ട് എന്താണ് അറിയില്ല. പക്ഷെ ഫസ്റ്റ് എനിക്ക് തോന്നുന്നു ടൊവിയുടെ മാനേജരോടോ അങ്ങനെ എന്തോ പറഞ്ഞിട്ടുണ്ട്. പിന്നെ ആസിഫ് ഇക്കയോട് എനിക്ക് തോന്നുന്നു പറഞ്ഞിട്ടുണ്ടായിരുന്നു,’ ആകാശ് പറഞ്ഞു.

എന്നാൽ ആ സമയത്ത് ചിത്രം മറ്റൊരു പ്രൊഡക്ഷൻ കമ്പനിക്ക് വേണ്ടിയായിരുന്നു ആലോചിച്ചിരുന്നതെന്ന് ചിത്രത്തിന്റെ എഴുത്തുകാരൻ കിരൺ പറയുന്നു. ഏകദേശം മൂന്ന്–നാല് വർഷം മുൻപുണ്ടായിരുന്ന ആ പ്രോജക്ട് പിന്നീട് പല മാറ്റങ്ങളിലൂടെയാണ് ഭാവന സ്റ്റുഡിയോസിന്റെ അടുത്തെത്തിയത്. അതോടെയാണ് ചിത്രത്തിന്റെ നായക കഥാപാത്രം നിവിൻ പോളിയിലേക്ക് എത്തിയത് എന്നും കിരൺ പറഞു.

‘അന്ന് അത് വേറെ പ്രൊഡക്ഷന് വേണ്ടിയിട്ടായിരുന്നു. അത് ഒരു മൂന്ന് നാല് വർഷം മുൻമ്പാണ്. പിന്നെ അത് മാറി മാറി ഭാവന സ്റ്റുഡിയോസിന്റെ അടുത്ത് എത്തിയപ്പോൾ ചിത്രം പിന്നെ നിവിൻ ചേട്ടന്റിലേക്ക് തന്നെയാണ് പോയത്,’ കിരൺ പറഞ്ഞു.

കിരൺ ജോഷി,ആകാശ് ജോസഫ്. Photo: Screen Grab/ Youtube

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രതേകതയും ചിത്രത്തിനുണ്ട്. പ്രേമലു എന്ന സൂപ്പർ ഹിറ്റ് മൂവിക്ക് ശേഷം ഗിരീഷ് എ.ഡി ഒരുക്കുന്ന ചിത്രം ഭാവനാ സ്റ്റുഡിയോസാണ് നിർമിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിലേത് മികച്ച കാസ്റ്റിംങ് തന്നെയാണെന്നും ഏറ്റവും ബെസ്റ്റ് ഓപ്ഷൻ തന്നെയാണ് നിവിൻ പോളി എന്നുമാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

Content Highlight: ‘Bethlehem Kudumba Unit’ Editor Aakash Reveals Asif Ali and Tovino Thomas Were Initially Considered as Leads

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more