| Thursday, 1st October 2026, 10:45 pm

എന്തായാലും നാളെ ഒ.ടി.ടിയില്‍ വരുവല്ലേ, പോകുന്ന പോക്കിന് ജന നായകനെ തീര്‍ത്ത് വിട്ടിട്ടുണ്ട്; ബെത്‌ലഹേമിന്റെ റെക്കോഡുകള്‍ അവസാനിക്കുന്നില്ല

അമര്‍നാഥ് എം.

സമീപകാലത്ത് ബോക്‌സ് ഓഫീസില്‍ ചരിത്രവിജയം രചിച്ച ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഒരുപാട് റെക്കോഡുകള്‍ സ്വന്തം പേരിലാക്കിക്കഴിഞ്ഞു. മലയാളത്തിലെ സര്‍വ്വകാലവിജയമായി മാറാന്‍ ഈ ഫീല്‍ഗുഡ് റോം കോം ചിത്രത്തിന് സാധിച്ചു.

ഓണം റിലീസായെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് 30 ദിവസത്തിലേറെ തിയേറ്ററുകളില്‍ വലിയ രീതിയില്‍ മുന്നേറിയിരുന്നു. 21ാം നൂറ്റാണ്ടില്‍ കേരളത്തില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റുപോയ റെക്കോഡടക്കം പല നേട്ടവും ബെത്‌ലഹേം സ്വന്തമാക്കി. നാളെ ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കാനിരിക്കെ ഇപ്പോഴും ബുക്ക്‌മൈഷോയുടെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ചിത്രമുണ്ട്.

ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ വലിയ ചര്‍ച്ചയായ ചിത്രം ഒ.ടി.ടിയിലെത്തിയാലും ഒരുപാട് പേരുടെ സംസാരവിഷയമാകുമെന്ന് ഉറപ്പാണ്. 40 ദിവസത്തിലേറെയായുള്ള തിയേറ്റര്‍ കുതിപ്പില്‍ 329 കോടിയാണ് നേടിയത്. ഈ വര്‍ഷത്തെ പല വമ്പന്‍ സിനിമകളെയും ബെത്‌ലഹേം മറികടന്നിരിക്കുകയാണ്.

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ അവസാന ചിത്രം ജന നായകന്റെ കളക്ഷനടക്കം ബെത്‌ലഹേമിന് മുന്നില്‍ മുട്ടുകുത്തി. 326 കോടിയായിരുന്നു ജന നായകന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. റിലീസിന് മുമ്പ് ഇന്റര്‍നെറ്റില്‍ ലീക്കായ ചിത്രം 300 കോടിയിലേറെ നേടിയത് വലിയ വാര്‍ത്തയായിരുന്നു. ഇത്രയും വലിയ കളക്ഷന്‍ നേടിയെങ്കിലും നിര്‍മാതാവിന് 150 കോടിയുടെ നഷ്ടമായിരുന്നു ജന നായകന്‍ സമ്മാനിച്ചത്.

തമിഴിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറുടെ അവസാന സിനിമയെ മലയാളത്തിലെ ചെറിയൊരു റോം കോം ചിത്രം മലര്‍ത്തിയടിച്ചത് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വമ്പന്‍ താരനിര, ബജറ്റ് എന്നിവയെക്കാള്‍ മികച്ച കണ്ടന്റുകളാണ് വലുതെന്ന് മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് മുന്നില്‍ മോളിവുഡ് തെളിയിച്ചു. നിവിന്‍ പോളി- ഗിരീഷ് എ.ഡി കോമ്പോ ആദ്യമായി കൈകോര്‍ത്തപ്പോള്‍ ഇത്തരമൊരു ബോക്‌സ് ഓഫീസ് വേട്ട ആരും പ്രതീക്ഷിച്ചില്ല.

തമിഴകത്തിന്റെ ദളപതിയുടെ ‘ലാസ്റ്റ് ഡാന്‍സിനെ’ മലര്‍ത്തിയടിച്ചാണ് ബെത്‌ലഹേം ബിഗ് സ്‌ക്രീന്‍ വിടുന്നത്. രണ്ട് സിനിമയിലെയും കോമണ്‍ ഫാക്ടര്‍ മമിത ബൈജുവാണെന്നതും എടുത്തുപറയണം. ജന നായകനില്‍ ദളപതിക്കൊപ്പം ആടിയും പാടിയും തകര്‍ത്ത മമിത ബെത്‌ലഹേമിലെ ആഷ്‌ലിയായി മനംകവര്‍ന്നു. വരുംദിവസങ്ങളില്‍ ജസ്റ്റിനും ആഷ്‌ലിയും കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Content Highlight: Bethlehem Kudumba Unit crossed lifetime collection of Jana Nayagan movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more