| Saturday, 22nd August 2026, 7:25 am

രാജുവേട്ടനും ലാലേട്ടനും ഒറ്റക്ക് വന്നപ്പോഴും ഒന്നിച്ച് വന്നപ്പോഴും തീര്‍ത്തുവിട്ടു, ഒരേയൊരു നി'വിന്‍'

അമര്‍നാഥ് എം.

മോളിവുഡില്‍ ക്ലാഷ് റിലീസുകള്‍ പലപ്പോഴും സിനിമാപേജുകളില്‍ ചര്‍ച്ചയാകാറുണ്ട്. സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ തമ്മിലുള്ള ക്ലാഷും ജൂനിയര്‍ താരങ്ങളുടെ ക്ലാഷും പലപ്പോഴും ശ്രദ്ധയാകര്‍ഷിക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ക്കൊപ്പം ചെറിയ സിനിമകള്‍ റിലീസ് ചെയ്യുന്നതും അപ്രതീക്ഷിത വിജയം നേടുന്നതും വാര്‍ത്തയാകാറുണ്ട്.

തന്നെക്കാള്‍ സീനിയറായിട്ടുള്ള മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും ക്ലാഷില്‍ തോല്‍പ്പിച്ച ചരിത്രമുള്ള നടനാണ് നിവിന്‍. ഇരുവരുമായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം വിജയം നിവിന് തന്നെയായിരുന്നു. ഇരു താരങ്ങളും ഒന്നിച്ചെത്തിയ ഖലീഫയെയും ക്ലാഷില്‍ മലര്‍ത്തിയടിച്ചിരിക്കുകയാണ് നിവിന്‍ പോളി.

ഓണം റിലീസായെത്തിയ ബെത്‌ലഹേം കുടുംബയൂണിറ്റിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിനം തന്നെ ബോക്‌സ് ഓഫീസില്‍ ഗംഭീര കളക്ഷന്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് നേടിക്കഴിഞ്ഞു. ബുക്ക്‌മൈഷോയില്‍ കഴിഞ്ഞ 24 മണിക്കൂര്‍ കൊണ്ട് മൂന്ന് ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റഴിച്ചത്.

ഫസ്റ്റ് ഡേ കളക്ഷനിലും ബെത്‌ലഹേം കുടുംബ യൂണിറ്റ് ഖലീഫയെ മറികടന്നെന്നാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്. ഖലീഫ ആദ്യദിനം 13.4 കോടി നേടിയപ്പോള്‍ ബെത്‌ലഹേം കുടുംബയൂണിറ്റിന് മിനിമം 16 കോടിയെങ്കിലും ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടെ പൃഥ്വിരാജ്, മോഹന്‍ലാല്‍ എന്നിവരുമായുള്ള ക്ലാഷില്‍ നിവിന്റെ അപ്രമാദിത്വം തുടരുകയാണ്.

നാല് തവണ പൃഥ്വിരാജുമായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം വിജയം നിവിനൊപ്പമായിരുന്നു. 2014ല്‍ 1983, ലണ്ടന്‍ ബ്രിഡ്ജ്, 2016ല്‍ ആദം ജോണ്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, 2019ല്‍ ലവ് ആക്ഷന്‍ ഡ്രാമ, ബ്രദേഴ്‌സ് ഡേ എന്നിങ്ങനെയായിരുന്നു ഇതിന് മുമ്പുണ്ടായിരുന്ന ക്ലാഷ്. എല്ലാ തവണയും വിജയം നിവിനൊപ്പം തന്നെയായിരുന്നു.

2016ല്‍ മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകവും 2019ല്‍ ഇട്ടിമാണിയും ക്ലാഷിനുണ്ടായിരുന്നെങ്കിലും നിവിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. കഴിഞ്ഞവര്‍ഷം ക്രിസ്മസിന് ഒരിക്കല്‍കൂടി മോഹന്‍ലാലിനെ നിവിന്‍ ക്ലാഷില്‍ തീര്‍ത്തുവിട്ടു. വന്‍ ബജറ്റിലൊരുങ്ങിയ വൃഷഭയെ ഫീല്‍ ഗുഡ് ചിത്രമായ സര്‍വ്വം മായ കൊണ്ട് നിവിന്‍ മറികടന്നു.

പൃഥ്വിരാജ് നായകനായ ഖലീഫയില്‍ മോഹന്‍ലാല്‍ അതിഥിവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മാമ്പറക്കല്‍ അമീര്‍ അലിയായി പൃഥ്വിരാജ് വേഷമിട്ടപ്പോള്‍ മാമ്പറക്കല്‍ അഹമ്മദ് അലിയായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ലാലേട്ടനും രാജുവേട്ടനും ഒന്നിച്ചെത്തിയിട്ടും നിവിനെ ക്ലാഷില്‍ മറികടക്കാന്‍ ഇരുവര്‍ക്കും സാധിക്കാത്തതാണ് സിനിമാപേജുകളിലെ ചര്‍ച്ച.

Content Highlight: Bethlehem Kudumba Unit crossed first day collection of Khalifa

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more