ഓണം റിലീസുകളില്‍ മറ്റാര്‍ക്കും തൊടാനാകാത്ത ഉയരത്തിലേക്ക് കുതിക്കുകയാണ് നിവിന്‍ പോളി നായകനായ ബെത്‌ലഹേം കുടുംബ യൂണിറ്റ്. പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ആദ്യ ആഴ്ചയില്‍ തന്നെ 100 കോടി എന്ന മാന്ത്രിക സംഖ്യ സ്വന്തമാക്കിയിരുന്നു. 100 കോടിയിലും നില്‍ക്കാതെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റിലേക്ക് കുതിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.
പലയിടത്തും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ ചിത്രം തിയേറ്ററുകളെ ജനസാഗരമാക്കിയാണ് മുന്നേറുന്നത്. ഒപ്പം റിലീസ് ചെയ്ത ഖലീഫയെയും പാന്‍ ഇന്ത്യന്‍ ചിത്രം ടോക്‌സിക്കിനെയും മലര്‍ത്തിയടിച്ചാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് ബോക്‌സ് ഓഫീസ് തേരോട്ടം നടത്തുന്നത്.
വേള്‍ഡ്‌വൈഡായി 125 കോടി നേടിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 50 കോടിക്കുമുകളില്‍ സ്വന്തമാക്കിക്കഴിഞ്ഞു. വെള്ളിയാഴ്ച മാത്രം കേരളത്തില്‍ നിന്ന് റെക്കോഡ് കളക്ഷനാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് സ്വന്തമാക്കിയത്. ഒറ്റദിവസത്തെ ട്രാക്ക്ഡ് കളക്ഷന്‍ 9.5 കോടിയാണെന്ന് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ കണക്കുകൂട്ടുന്നു.
ഓണം വെക്കേഷന്‍ പരമാവധി മുതലാക്കാന്‍ ബെത്‌ലഹേമിന് സാധിച്ചിട്ടുണ്ട്. വെക്കേഷന്‍ കഴിഞ്ഞ ശേഷം ചിത്രത്തിന്റെ കളക്ഷന്‍ എത്രത്തോളം മുന്നോട്ട് പോകുമെന്നാണ് ട്രാക്കര്‍മാര്‍ നിരീക്ഷിക്കുന്നത്. സെപ്റ്റംബര്‍ മൂന്നിന് ദുല്‍ഖറിന്റെ ഐ ആം ഗെയിം റിലീസ് ചെയ്യുന്നത് ബെത്‌ലഹേമിന്റെ കളക്ഷനെ ബാധിക്കാന്‍ സാധ്യതയുണ്ടായേക്കും.
മോഹന്‍ലാലിന് ശേഷം കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ഒരു ദിവസം ഏറ്റവുമുയര്‍ന്ന തുക നേടിയ ചിത്രം കൂടിയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. എമ്പുരാന്‍ ഒന്ന്, നാല്, അഞ്ച് ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് 10 കോടിക്ക് മുകളില്‍ നേടിയിരുന്നു. മറ്റൊരു മലയാള സിനിമക്കും ഈയൊരു നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.
മോഹന്‍ലാലിന് ശേഷം ബോക്‌സ് ഓഫീസില്‍ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ കെല്പുള്ള നടനാണ് നിവിനെന്ന് ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ ഒരിക്കല്‍കൂടി തെളിയിച്ചു. മോഹന്‍ലാലിനെപ്പോലെ സ്ലീപ്പര്‍ സെല്‍ ഫാന്‍സുള്ള നടനാണ് താനെന്ന് സര്‍വ്വം മായയിലൂടെ നിവിന്‍ ഒരു സാമ്പിള്‍ കാണിച്ചു തന്നതാണ്. ബെത്‌ലഹേമിലൂടെ അതിന്റെ ഫോം ടോപ്പിലെത്തുകയും ചെയ്തു.
അങ്കമാലി കറുകുറ്റിയിലെ ഒരു റസിഡന്‍ഷ്യല്‍ ഏരിയയെ ചുറ്റിപ്പറ്റിയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ കഥ വികസിക്കുന്നത്. നിവിന്‍- മമിത കെമിസ്ട്രി തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
Content Highlight: Bethlehem Kudumba Unit collected more than nine crores from Kerala Box Office