| Tuesday, 25th August 2026, 3:08 pm

മമ്മൂട്ടി- മോഹന്‍ലാല്‍ ക്ലാഷില്‍ രണ്ടും കട്ടക്ക് കട്ടയാ, എന്നാല്‍ ഇവിടെ കംപ്ലീറ്റ് നിവിന്‍ ഡൊമിനേഷന്‍.... നാലാം തവണയും പൃഥ്വിയെ മലര്‍ത്തിയടിച്ചു

അമര്‍നാഥ് എം.

സൂപ്പര്‍താരങ്ങള്‍ തമ്മില്‍ ബോക്‌സ് ഓഫീസില്‍ ഏറ്റമുട്ടുമ്പോള്‍ ആരാധകര്‍ ആവേശത്തിലാകുന്നത് സ്ഥിരം കാഴ്ചയാണ്. ഒപ്പമിറങ്ങിയ സിനിമയെക്കാള്‍ വലിയ വിജയം ഇഷ്ടനടന്റെ സിനിമക്ക് ലഭിക്കണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുക. മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത് ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ്.

ഇരുവരും ഒരുപാട് തവണ ക്ലാഷില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ചിലപ്പോള്‍ മോഹന്‍ലാലും ചിലപ്പോള്‍ മമ്മൂട്ടിയും വിജയം കൈപ്പിടിയിലാ്ക്കാറുണ്ട്. അപൂര്‍വമായി മാത്രം ഇരുവരെയും മറികടന്ന് മറ്റൊരാള്‍ ക്ലാഷില്‍ വിജയിച്ച് കയറാറുമുണ്ട്. 1990ന് ശേഷം 22 തവണയാണ് ഇരുവരും ബോക്‌സ് ഓഫീസില്‍ ഏറ്റമുട്ടിയത്. 10 തവണ മമ്മൂട്ടിയും 10 തവണ മോഹന്‍ലാലും വിജയിച്ചപ്പോള്‍ രണ്ട് വട്ടം മറ്റൊരു സിനിമ ഇവരെ മലര്‍ത്തിയടിച്ചു.

എന്നാല്‍ ബിഗ് എംസിനെപ്പോലെയല്ല മറ്റ് താരങ്ങളുടെ ക്ലാഷ്. സീനിയര്‍ താരങ്ങളായ നിവിനും പൃഥ്വിയും എപ്പോഴൊക്കെ ക്ലാഷില്‍ ഏറ്റുമുട്ടിയിട്ടുണ്ടോ, അപ്പോഴെല്ലാം വിജയം നിവിന് മാത്രമാണ്. ഏറ്റവുമൊടുവിലെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ നാലില്‍ നാലും വിജയിച്ച് കംപ്ലീറ്റ് ഡൊമിനേഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് നിവിന്‍.

റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ 70 കോടിയിലേറെ ബെത്‌ലഹേം കുടുംബ യൂണിറ്റ് നേടിയപ്പോള്‍ നാല് ദിവസം കൊണ്ട് ഖലീഫ നേടിയത് 36 കോടിക്കടുത്താണ്. തിരുവോണത്തിനുള്ളില്‍ ബെത്‌ലഹേം 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്. ഓണം സീസണായതിനാല്‍ ഖലീഫ മുടക്കുമുതല്‍ തിരിച്ചുപിടിക്കുമെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു.

സമീപകാലത്ത് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച് ഒരുക്കിയ ചിത്രമാണ് ഖലീഫ. വലിയ ബജറ്റിനൊപ്പം മോഹന്‍ലാല്‍, ടൊവിനോ, സൗബിന്‍ എന്നിവരുടെ അതിഥിവേഷവും ചിത്രത്തിന്റെ ഹൈപ്പുയര്‍ത്തി. ഇത്രയും ഘടകങ്ങളുണ്ടായിരുന്നിട്ടും ബെത്‌ലഹേം കുടുംബ യൂണിറ്റെന്ന ചെറിയ റോം കോം ചിത്രത്തിന്റെ ഒപ്പമെത്താന്‍ ഖലീഫ പാടുപെടുകയാണ്.

2014ല്‍ ലണ്ടന്‍ ബ്രിഡ്ജ്- 1983, 2016ല്‍ ആദം ജോണ്‍- ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, 2019ല്‍ ബ്രദേഴ്‌സ് ഡേ- ലവ് ആക്ഷന്‍ ഡ്രാമ എന്നിങ്ങനെ ഓരോ ക്ലാഷിലും നിവിന് മുമ്പില്‍ തോല്‍ക്കാനായിരുന്നു പൃഥ്വിയുടെ വിധി. ഇപ്പോഴിതാ നാലാം വട്ടവും ചരിത്രം ആവര്‍ത്തിക്കുകയാണ്. അടുത്ത ക്ലാഷിലെങ്കിലും പൃഥ്വി ജയിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

Content Highlight: Bethlehem Kudumba Unit collected double margin of Khalifa movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more