ഒരു കാലത്ത് മലയാള സിനിമയിലെ യുവതാരനിരയിൽ ബോക്‌സ് ഓഫീസ് ഉറപ്പായിരുന്ന പേരുകളിലൊന്നായിരുന്നു നിവിൻ പോളി. ഇടക്കാലത്ത് പ്രതീക്ഷിച്ച തരത്തിലുള്ള വിജയങ്ങൾ ലഭിക്കാതെ പോയെങ്കിലും ഇപ്പോഴിതാ ശക്തമായ തിരിച്ചുവരവിന്റെ സൂചനയാണ് താരം നൽകുന്നത്. ഓണം റിലീസായി എത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ അതിന് ഏറ്റവും വലിയ തെളിവായി മാറുകയാണ്.
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം റിലീസിന് പിന്നാലെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയതിനൊപ്പം ബോക്‌സ് ഓഫീസിലും മികച്ച തുടക്കമാണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യദിനത്തിലെ ആഗോള കളക്ഷൻ 15 കോടിക്ക് മുകളിലേക്ക് എത്തിയതോടെ നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണറായി ചിത്രം മാറിയിരിക്കുകയാണ്.
ബെത്‌ലഹേം കുടുംബ യൂണിറ്റ്.Photo: IMDb
നിവിന്റെ മുൻകാല ചിത്രങ്ങളുടെ ഓപ്പണിങ് റെക്കോർഡുകളെ മറികടന്നാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഈ നേട്ടത്തിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ ചിത്രം നേടുന്ന ആദ്യദിന കളക്ഷനേക്കാൾ ഏറെ പ്രധാനപ്പെട്ടത് നിവിൻ പോളിയുടെ കരിയറിന് ഇത് നൽകുന്ന സൂചനയാണ്. ഒരു മികച്ച കഥാപാത്രവും പ്രേക്ഷക സ്വീകാര്യതയും ലഭിച്ചാൽ നിവിന് വീണ്ടും ബോക്‌സ് ഓഫീസിൽ ശക്തമായി തിരിച്ചെത്താനാകുമെന്ന് ചിത്രം തെളിയിക്കുകയാണ്.
‘പ്രേമലു’ പോലുള്ള വമ്പൻ വിജയത്തിന് ശേഷം ഗിരീഷ് എ.ഡി ഒരുക്കുന്ന ചിത്രം എന്നതും ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന് റിലീസിന് മുമ്പേ വലിയ പ്രതീക്ഷ നൽകാൻ കാരണമായിരുന്നു. എന്നാൽ ആ പ്രതീക്ഷയെ തിയേറ്റർ പ്രതികരണത്തിലേക്കും ബോക്‌സ് ഓഫീസ് പ്രകടനത്തിലേക്കും എത്തിക്കാനായത് ചിത്രത്തിന്റെ മറ്റൊരു നേട്ടമാണ്.
നിവിൻ പോളിക്കൊപ്പം മമിത ബൈജു എത്തുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ‘പ്രേമലു’വിലൂടെ വലിയ ജനപ്രീതി നേടിയ മമിത വീണ്ടും ഗിരീഷ് എ.ഡിക്കൊപ്പം എത്തുമ്പോൾ, നിവിനും മമിതയും തമ്മിലുള്ള കോമ്പിനേഷനും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ഇരുവരുടെയും സ്ക്രീൻ കെമിസ്ട്രി ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറുന്നുവെന്ന പ്രതികരണങ്ങളും പുറത്തുവരുന്നുണ്ട്.
നിവിൻ പോളിയുടെ കരിയറിൽ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മറ്റൊരു തരത്തിലും പ്രധാനപ്പെട്ട ചിത്രമാണ്. വലിയൊരു താരനിരയെ മുന്നിൽ നിർത്തിയുള്ള മാസ് ചിത്രത്തിന് പകരം, കുടുംബ പശ്ചാത്തലവും ബന്ധങ്ങളും മുൻനിർത്തിയുള്ള ഗിരീഷ് എ.ഡി ചിത്രത്തിലൂടെയാണ് താരം ഈ തിരിച്ചുവരവ് നടത്തുന്നത്. അതുകൊണ്ടുതന്നെ ലഭിക്കുന്ന പ്രേക്ഷക സ്വീകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ട്.
നിവിൻ പോളി. മമിത ബൈജു. Photo: Mamitha baiju/ Nivin pauly/ Insagram
റിലീസിന് ശേഷമുള്ള മികച്ച പ്രതികരണവും ആദ്യദിനത്തിലെ റെക്കോർഡ് കളക്ഷനും ഒരുമിച്ച് പരിഗണിക്കുമ്പോൾ വരും ദിവസങ്ങളിലാണ് ചിത്രത്തിന്റെ യഥാർത്ഥ ബോക്‌സ് ഓഫീസ് ശക്തി വ്യക്തമാകുക. ഓണം അവധി കൂടി മുന്നിലുള്ളതിനാൽ കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ചിത്രത്തിന് തുടർന്നുള്ള ദിവസങ്ങളിലും മികച്ച നേട്ടമുണ്ടാക്കാനുള്ള സാധ്യതയുണ്ട്.
നിവിൻ പോളിക്ക് ഇത് വെറുമൊരു പുതിയ സിനിമയുടെ വിജയമല്ല. കരിയറിലെ ഒരു ഘട്ടത്തിന് ശേഷം വീണ്ടും പ്രേക്ഷകരുടെ വിശ്വാസം തിരിച്ചുപിടിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പുകൂടിയാണ്. ആദ്യദിനത്തിൽ തന്നെ തന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് സ്വന്തമാക്കിയതോടെ, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ നിവിൻ പോളിയുടെ തിരിച്ചുവരവിന്റെ പുതിയ അധ്യായമായി മാറുകയാണ്.
മമിത ബൈജു, സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ശ്യാം മോഹൻ, വിനയ് ഫോർട്ട്, ശ്രിന്ദ, മീനാക്ഷി തുടങ്ങിയ വമ്പൻ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം മികച്ച പ്രതികാരങ്ങളോട് കൂടി തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്.
Content Highlight: ‘Bethlehem Kudumba Unit’ becomes the biggest-grossing film of Nivin Pauly’s career