| Friday, 11th September 2026, 3:30 pm

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പതിനൊന്നാം ഇന്‍ഡസ്ട്രി ഹിറ്റ്; പതിനൊന്നാമനായി നിവിന്‍ പോളി

അശ്വിന്‍ രാജേന്ദ്രന്‍

സിനിമാ മേഖലുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ സാധാരണയായി കേട്ടുവരുന്ന വാക്കാണ് ഇന്‍ഡസ്ട്രി ഹിറ്റ്. ഒരു നിര്‍ദിഷ്ട സിനിമാ മേഖലയില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രത്തെയാണ് സാധാരണയായി ഇന്‍ഡസ്ട്രി ഹിറ്റ് എന്ന പദം കൊണ്ട് സൂചിപ്പിക്കാറുള്ളത്. പുതിയ ചിത്രങ്ങള്‍, മുമ്പിറങ്ങിയ ചിത്രത്തെക്കാള്‍ കളക്ഷന്‍ നേടുന്ന മുറയ്ക്ക് ഈ സ്ഥാനം കൈമാറി പോരുന്നതാണ് പതിവ് രീതി. അതിനാല്‍ തന്നെ ഇന്‍ഡസ്ട്രി ഹിറ്റടിക്കുന്ന ചിത്രങ്ങള്‍ക്ക് ഒരുപാട് കാലം ഈ നേട്ടത്തില്‍ തുടരാന്‍ സാധിക്കാറില്ല.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ഇപ്പോഴിതാ മോളിവുഡ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മലയാള സിനിമയില്‍ ഈ നേട്ടത്തിന് പുതിയ ഒരു ഉടമ എത്തിയതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ് 130 കോടിയിലധികം നേടിയതോടെയാണ് മലയാളത്തിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ വാഴ 2വിനെ താഴെയിറക്കിയാണ് ബെത്‌ലഹേം ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 21ന് റിലീസ് ചെയ്ത ബെത്‌ലഹേം അതിന്റെ മൂന്നാം ആഴ്ചയിലാണ് ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. കേരള ബോക്‌സ് ഓഫീസില്‍ നിന്നും 130 കോടിയോളം നേടിയാണ് ബെത്‌ലഹേമിന്റെ കുതിപ്പ്. അതേസമയം 123 കോടിയായിരുന്നു വാഴ 2വിന്റെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍. ഇതോടെ 2000ന് ശേഷം മലയാള സിനിമയില്‍ നിന്നും ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടത്തിലെത്തുന്ന പതിനൊന്നാമത്തെ ചിത്രമായി വാഴ 2 മാറിയിരിക്കുകയാണ്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

മോഹന്‍ലാലിന്റെ 2000ല്‍ പുറത്തിറങ്ങിയ നരസിംഹം ആയിരുന്നു നൂറ്റാണ്ടിലെ ആദ്യത്തെ ഇന്‍ഡസ്ട്രി ഹിറ്റ്. നീണ്ട അഞ്ച് വര്‍ഷത്തോളം പദവിയില്‍ തുടര്‍ന്ന നരസിംഹത്തെ താഴെയിറക്കിയത് മമ്മൂട്ടിയുടെ രാജമാണിക്യമായിരുന്നു. 2005ലായിരുന്നു ഇത്. പിന്നാലെ 2006ല്‍ പുറത്തിറങ്ങിയ ക്ലാസ്‌മേറ്റ്‌സ്, 2008ല്‍ ട്വന്റി 20, 2013ല്‍ ദൃശ്യം, 2016ല്‍ പുലിമുരുകന്‍, 2023ല്‍ 2018, 2025ല്‍ തുടരുമും ലോകയും, ബെത്‌ലഹേമിന് മുമ്പ് വാഴ 2വുമായിരുന്നു ഈ ലിസ്റ്റിലെ സ്ഥാനപതികള്‍.

Content Highlight: Bethlehem Kudumba Unit becomes the 11th industry hit in Malayalam in 21st Centuary

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more