എട്ട് വര്‍ഷത്തോളം ഇന്‍ഡസ്ട്രി ഹിറ്റായി നിന്ന പുലിമുരുകനെ മറികടന്ന് ജൂഡ് ആന്തണിയുടെ 2018 ആ നേട്ടത്തിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. 2018ന് ശേഷം ആ സ്ഥാനം പല സിനിമകളും സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്. പല നടന്മാരും കരിയറിലെ ആദ്യ 100 കോടി നേടാന്‍ പാടുപെടുമ്പോള്‍ അധികം ഹൈപ്പില്ലാത്ത സിനിമകള്‍ കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുകയാണ്.
കഴിഞ്ഞവര്‍ഷം കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ആദ്യ ചിത്രമായ തുടരുമിനെ മറികടന്ന് ലോകഃ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. എന്നാല്‍ ആ സ്ഥാനത്ത് അധികകാലം ഇരിക്കാന്‍ ലോകഃക്ക് സാധിച്ചില്ല. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തുകൊണ്ടിരുന്ന ഒരുകൂട്ടം പിള്ളേര്‍ നീലിയെ തളച്ച് പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറി. പുതുമുഖങ്ങളുടെ സിനിമയെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയ മോളിവുഡ് മറ്റ് ഇന്‍ഡസ്ട്രികളില്‍ ചര്‍ച്ചയായി.
എന്നാല്‍ വെറും നാല് മാസം കൊണ്ട് വാഴ 2നെ മറികടന്ന് ഇന്‍ഡസ്ട്രി ഹിറ്റിന് പുതിയ അവകാശികള്‍ വന്നിരിക്കുകയാണ്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ് കേരളത്തില്‍ വാഴ 2ന്റെ കളക്ഷന്‍ തകര്‍ത്തെറിഞ്ഞതാണ് സിനിമാലോകത്തെ ഏറ്റവും പുതിയ വാര്‍ത്ത. റിലീസ് ചെയ്ത് വെറും 20 ദിവസത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് 125 നേടിക്കഴിഞ്ഞു.
പുലിമുരുകന്‍ മലയാളത്തില്‍ ആദ്യ 100 കോടി നേടിയപ്പോള്‍ പലര്‍ക്കും അത് അത്ഭുതമായിരുന്നു. ഇപ്പോഴിതാ, കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുക എന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. ഇന്‍ഡസ്ട്രി ഹിറ്റായി മാറിയെങ്കിലും ബെത്‌ലഹേമിന് മുന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള സിനിമയായി മാറാന്‍ ഇനിയും 24 കോടിയോളം ആവശ്യമാണ്.
ലോകഃ ചാപ്റ്റര്‍ വണ്‍ ആണ് നിലവില്‍ മലയാളത്തിലെ ഹൈയസ്റ്റ് ഗ്രോസര്‍. 303 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. 30 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ ലോകഃയുടെ ഈ വലിയ വിജയം മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് അത്ഭുതമായിരുന്നു. നീലിയെ തളയ്ക്കാന്‍ കറുകുറ്റിക്കാരന്‍ ജസ്റ്റിന് സാധിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപേജുകള്‍.
ആറ് വര്‍ഷത്തോളം വലിയ വിജയങ്ങളൊന്നുമില്ലാത്ത നിവിന്‍ പോളി ഇന്‍ഡസ്ട്രി ഹിറ്റ് നേട്ടം സ്വന്തമാക്കിയതും ചര്‍ച്ചയാകുന്നുണ്ട്. സര്‍വ്വം മായയിലൂടെ കഴിഞ്ഞവര്‍ഷം തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയ നിവിന്‍ ബെത്‌ലഹേമിലൂടെ മോളിവുഡിലെ സിംഹാസനം തന്റെ പേരിലാക്കി. 2015ല്‍ പ്രേമത്തില്‍ മിസ്സായ ഇന്‍ഡസ്ട്രി ഹിറ്റാണ് 11 വര്‍ഷത്തിനിപ്പുറം തന്റെ പേരിലാക്കിയത്.
Content Highlight: Bethlehem Kudumba Unit became new industry hit in Mollywood