മലയാള സിനിമയിൽ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി കൊണ്ട് ഒരു ബെഞ്ച് മാർക്ക് സൃഷ്ട്ടിച്ച സിനിമയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. തിയേറ്ററുകളിൽ ഹിറ്റായ സിനിമയിതാ ഇപ്പോൾ ഒ.ടി.ടിയിൽ ഇറങ്ങിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലെത്തിയതോടെ സിനിമയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ ബെത്‌ലഹേമിൽ മമിത അവതരിപ്പിച്ച ആഷ്‌ലി എന്ന കഥാപാത്രത്തെ കുറിച്ചുള്ള വ്യത്യസ്തമായ വായനകളും ചർച്ചകളുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത്. ആഷ്‌ലി എന്ന കഥാപാത്രം പതിവ് നായിക സങ്കല്പങ്ങളെ മാറ്റി മറിക്കുന്ന രീതിയിൽ ഉള്ളതാണെന്നുമുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കണ്ടിറങ്ങുമ്പോൾ മമിത ബൈജു അവതരിപ്പിച്ച ആഷ്‌ലിയെക്കുറിച്ച് ഓർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്.
ജസ്റ്റിനോടുള്ള പ്രണയത്തിൽ മാത്രമല്ല, ദൈനംദിന ജീവിതത്തിലെ ചെറിയ ശീലങ്ങളിൽ പോലും പതിവ് നായികാ സങ്കൽപ്പങ്ങളിൽ നിന്ന് മാറിനിൽക്കുന്ന കഥാപാത്രമാണ് ആഷ്‌ലി. വലിയ ഡയലോഗുകളിലൂടെയോ പ്രഖ്യാപനങ്ങളിലൂടെയോ അല്ല, വളരെ സ്വാഭാവികമായ പെരുമാറ്റങ്ങളിലൂടെയാണ് സിനിമ ഈ വ്യത്യാസം പ്രേക്ഷകരിലോട്ട് തുറന്നു കാണിക്കുന്നത്.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen grab/ Youtube
ആഷ്‌ലിയുടെ ഉറക്കം തന്നെ അതിന് ഏറ്റവും വലിയ ഒരു ഉദാഹരണമാണ്. പുതിയൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ കാറിൽ സുഖമായി വായും പൊളിച്ച് കിടന്നുറങ്ങുന്ന ആഷ്‌ലിയെയാണ് ആദ്യം കാണുന്നത്. അവിടെ എത്തിയിട്ടും ഉറക്കം തീരാതെ, പിന്നീട് പല രംഗങ്ങളിലും അവൾ സുഖമായി ഉറങ്ങുന്നത് കാണാം. മലയാള സിനിമയിലെ പല നായികമാരെയും നോക്കിയാൽ ഉറങ്ങുമ്പോൾ പോലും ഒരു പ്രത്യേക അച്ചടക്കവും സൗന്ദര്യബോധവും കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള അവതരണമായാണ് പലപ്പോഴും കാണാറുള്ളത്. എന്നാൽ ആഷ്‌ലി ഉറങ്ങുന്നത് പതിവ് നായിക സങ്കൽപ്പങ്ങൾക്ക് എതിരെയാണ്. അതിന് പ്രത്യേകിച്ച് ഒരു ‘നായികാ ഭംഗി’ ആവശ്യമില്ല എന്ന് ഗിരീഷ് എ.ഡി ചിത്രത്തിലൂടെ കാണിക്കുന്നുണ്ട്.
ഭക്ഷണത്തിന്റെ കാര്യത്തിലും ആഷ്‌ലി ഇതേ സ്വഭാവമാണ് കാണിക്കുന്നത്. ഇഷ്ടമുള്ള ഭക്ഷണം മുന്നിലെത്തിയാൽ ‘വേണ്ട’ എന്ന് പറഞ്ഞ് മാറിനിൽക്കുന്ന ആളല്ല അവൾ. വിശക്കുന്ന സമയത്ത് ഭക്ഷണം ചോദിച്ച് കഴിക്കും. ജസ്റ്റിനൊപ്പമുള്ള യാത്രയ്ക്കിടെ ഹോട്ടലിൽ ഭക്ഷണം ആവശ്യപ്പെടുന്നതും ബിരിയാണി വേണമെന്ന് പറയുന്നതുമൊക്കെ അതിന്റെ ഭാഗമാണ്. വഴിയരികിൽ കാണുന്ന കടകളിൽ നിന്ന് ജ്യൂസും മറ്റും കഴിക്കുന്നതിലും, ഗ്രാമീണ ഹോട്ടലിൽനിന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതിലുമെല്ലാം ഒരു സ്വാഭാവികതയുണ്ട്. മാത്രവുമല്ല ജസ്റ്റിന്റെ വീട്ടിലേക്ക് ആദ്യമായി നന്നാക്കിയ ലാപ് വാങ്ങാൻ പോകുമ്പോഴും അവിടെന്ന് കൊടുക്കുന്ന പരിപ്പ് വട മുഴുവനായി കൊണ്ടുപോകാനും ആഷ്‌ലി ശ്രെമിക്കുന്നുണ്ട്. അവിടെയെല്ലാം നായിക സങ്കല്പങ്ങൾക് എതിരായാണ് സിനിമ പ്രവർത്തിക്കുന്നത്.
ഇവിടെയൊന്നും ആഷ്‌ലി മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെക്കുന്നില്ല. അതേസമയം, ഇതെല്ലാം വലിയൊരു ‘വുമൺ എംപവർമെന്റാക്കി’ മാറ്റാനും സിനിമ ശ്രമിക്കുന്നില്ല. ഉറങ്ങണമെന്ന് തോന്നുമ്പോൾ ഉറങ്ങുകയും, ഇഷ്ടമുള്ളത് കഴിക്കുകയും, യാത്ര ആസ്വദിക്കുകയും, പ്രണയം തോന്നുമ്പോൾ അത് തുറന്ന് സമ്മതിക്കുകയും ചെയ്യുന്ന ഒരു സാധാരണ കഥാപാത്രമായാണ് ആഷ്‌ലിയെ അവതരിപ്പി ച്ചിരിക്കുന്നത്.
പ്രണയത്തിലും ഇതേ സ്വഭാവമാണ്. ജസ്റ്റിനോട് തനിക്ക് പ്രണയമാണെന്ന് തിരിച്ചറിഞ്ഞാൽ അത് മറച്ചുവെക്കാനോ അനാവശ്യമായി ചുറ്റിക്കറങ്ങാനോ ആഷ്‌ലി തയ്യാറല്ല. ജസ്റ്റിനേക്കാൾ പ്രായം കുറവാണെങ്കിലും സ്വന്തം വികാരങ്ങളെക്കുറിച്ച് അവൾക്ക് വ്യക്തതയുണ്ട്. കുടുംബത്തിൽനിന്നോ സമൂഹത്തിൽനിന്നോ എതിർപ്പ് വന്നാലും തനിക്ക് തോന്നുന്ന കാര്യത്തിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും ആഷ്‌ലിക്കുണ്ട്.
മദ്യപിക്കുന്ന രംഗങ്ങളും ഈ കഥാപാത്രനിർമിതിയുടെ മറ്റൊരു ഭാഗമാണ്. സ്ത്രീ കഥാപാത്രങ്ങൾ എങ്ങനെ പെരുമാറണം എന്നതിന് സമൂഹം വരച്ചിട്ടുള്ള അതിരുകൾക്കുള്ളിൽ ആഷ്‌ലിയെ ഒതുക്കിയിട്ടില്ല. അതുകൊണ്ടുതന്നെ, ആഷ്‌ലിയുടെ പ്രത്യേകത ഏതെങ്കിലും ഒരു പ്രതേക രംഗത്തിൽ മാത്രമല്ല. ഉറക്കം മുതൽ ഭക്ഷണം വരെ, പ്രണയം മുതൽ ജീവിതം ആസ്വദിക്കുന്ന രീതി വരെ അവൾക്ക് സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാൻ സിനിമ ഇടം നൽകുന്നുണ്ട്.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen grab/ Youtube
മമിത ബൈജുവിന്റെ ആഷ്‌ലി അതുകൊണ്ടുതന്നെ ബെത്‌ലഹേമിലെ മറ്റൊരു രസകരമായ കഥാപാത്രമായി മാറുന്നു. പതിവ് നായികാ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തയാണെന്ന് പറഞ്ഞ് സ്വയം പ്രഖ്യാപിക്കേണ്ടി വരാത്ത ഒരു നായിക. അവളുടെ ചെറിയ ചെറിയ സ്വാഭാവികതകളാണ് ആ വ്യത്യാസം പ്രേക്ഷകർക്ക് മനസിലാക്കിക്കൊടുക്കുന്നത്. സിനിമയുടെ വിജയത്തിനൊപ്പം ആഷ്‌ലിയെക്കുറിച്ചുള്ള ഇത്തരം വായനകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
Content Highlight: ‘Bethlehem Kudumba Unit’: Ashley’s character challenges conventional ideas of a heroine