| Monday, 6th July 2026, 10:20 am

കിങ്ങും സംഗക്കാരയുമെല്ലാം ഇവള്‍ക്കുമുന്നില്‍ മുട്ടുകുത്തി; ലോക ചരിത്രത്തിലെ ആദ്യ താരമായി ബെത് മൂണി

ശ്രീരാഗ് പാറക്കല്‍

വനിതാ ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ തങ്ങളുടെ ഏഴാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ലോര്‍ഡ്‌സില്‍ നടന്ന കലാശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റുകള്‍ക്ക് വീഴ്ത്തിയാണ് ഓസീസ് ചാമ്പ്യന്മാരായത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ബെത് മൂണിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഓസ്ട്രേലിയ വിജയിച്ചുകയറിയത്. 49 പന്തില്‍ 64 റണ്‍സാണ് ബെത് മൂണി സ്വന്തമാക്കിയത്. 10 ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും മൂണിക്ക് സാധിച്ചിരിക്കുകയാണ്.

ഫൈനലില്‍ നേടിയ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ പുരുഷ-വനിതാ ടി-20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തില്‍ മൂന്ന് തവണ 50+ റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യ ബാറ്ററെന്ന റെക്കോഡാണ് ബെത് മൂണി സ്വന്തമാക്കി.

ഫൈനലുകളില്‍ രണ്ട് തവണ വീതം അര്‍ധസെഞ്ച്വറി നേടിയിട്ടുള്ള ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി, ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര, വെസ്റ്റ് ഇന്‍ഡീസ് താരം മെര്‍ലോണ്‍ സാമുവല്‍സ് എന്നിവരെയെല്ലാം പിന്നിലാക്കിയാണ് മൂണി ചരിത്രം കുറിച്ചത്. ഫൈനലിലെയും പരമ്പരയിലെയും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും ബെത്ത് മൂണിയാണ്.

രണ്ടാം വിക്കറ്റില്‍ ഫോബ് ലിച്ച്ഫീല്‍ഡിനൊപ്പം പടുത്തുയര്‍ത്തിയ 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയന്‍ വിജയം അനായാസമാക്കിയത്. 35 പന്തില്‍ ആറ് ഫോറുകളും രണ്ട് സിക്സുകളും അടക്കം 48 റണ്‍സാണ് താരം സ്വന്തമാക്കിയത്.

Content Highlight: Beth Mooney In Historical Record Achievement In World Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more