ഫൈറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുക എന്നത് ഏതൊരു ഫിലിംമേക്കറിനും വെല്ലുവിളിയാണ്. കൃത്യമായ മീറ്ററില്‍ സംഘട്ടനരംഗങ്ങള്‍ സിനിമയില്‍ ചിത്രീകരിക്കുകയും അത് പ്രേക്ഷകരിലേക്ക് കണക്ടാക്കുകയും ചെയ്യുക എന്നത് സംവിധായകനെ സംബന്ധിച്ച് ടാസ്‌ക് തന്നെയാണ്. വെറുതേ നാലഞ്ച് ഫൈറ്റ് കാണിച്ചുപോകാതെ ആ സീനിലേക്കുള്ള സ്‌റ്റേജ് സെറ്റിങ് ഭംഗിയായി ചെയ്യുക എന്നതും വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്.
കാണുന്ന പ്രേക്ഷകന് അടി പൊട്ടണം എന്ന് തോന്നുന്നിടത്ത് ഫൈറ്റ് സീന്‍ പ്ലെയ്‌സ് ചെയ്യുമ്പോഴാണ് എഴുത്തുകാരനും സംവിധായകനും വിജയിക്കുന്നത്. നായകന്റെയും എതിരാളികളുടെയും പോരാട്ടം വിശ്വസനീയമാക്കി എടുക്കുക എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഈ വര്‍ഷം അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് രോമാഞ്ചം സമ്മാനിച്ച ചില ഫൈറ്റ് സീനുകള്‍
ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് തെലുങ്ക് ചിത്രം ഡാക്കു മഹാരാജാണ്. മലയാളി പ്രേക്ഷകര്‍ ട്രോള്‍ പേജുകളിലൂടെ മാത്രം കണ്ടുശീലിച്ച നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ ചിത്രമായിരുന്നു ഡാക്കു മഹാരാജ്. ട്രോളാന്‍ വന്നവരെക്കൊണ്ട് കൈയടിപ്പിച്ച ഫൈറ്റ് സീനായിരുന്നു ചിത്രത്തിന്റെ ഇന്റര്‍വെല്ലില്‍ കാണിച്ചത്.
കാടിന്റെ പശ്ചാത്തലത്തില്‍ മാസിന്റെ ഏറ്റവും ഉയരത്തിലെത്തിച്ച ഫൈറ്റ് സീനായിരുന്നു ഇത്. ഒരു പൊടിക്ക് കൂടിയിരുന്നെങ്കില്‍ ട്രോള്‍ മെറ്റീരിയലായി മാറിയേക്കാവുന്ന സീനിനെ സംവിധായകന്‍ ബോബി കൊല്ലിയും ഫൈറ്റ് മാസ്റ്റര്‍ വെങ്കട്ടും ചേര്‍ന്ന് മറ്റൊരു തലത്തിലെത്തിച്ചു. തമന്‍ ഒരുക്കിയ ബി.ജി.എം കൂടിയായപ്പോള്‍ രോമാഞ്ചത്തിന്റെ പീക്ക് അനുഭവം ഡാക്കു മഹാരാജ് സമ്മാനിച്ചു.
രണ്ടാം സ്ഥാനത്ത് മലയാള ചിത്രം ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയാണ്. ചിത്രത്തിന്റെ ഇന്റര്‍വെല്‍ ഫൈറ്റും കാടിന്റെ പശ്ചാത്തലത്തിലാണ്. സാവധാനം കൊണ്ടുപോയ വേള്‍ഡ് ബില്‍ഡിങ്ങും വിജയരാഘവന്റെ കഥാപാത്രം നല്‍കുന്ന നരേഷനും ശേഷമാണ് ഈ ഫൈറ്റ് സീന്‍ വരുന്നത്. നായികക്ക് പകരം നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ച ചെറിയ കുട്ടിയാണ് ഈ ആക്ഷന്‍ സീന്‍ ചെയ്തതെന്നത് ശ്രദ്ധേയമാണ്.
ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഗംഭീരമായ സീക്വന്‍സാണ് ഒരുക്കിയത്. ദുര്‍ഗ സി. വിനോദ് എന്ന ഒമ്പതുവയസുകാരിയുടെ അസാമാന്യ മെയ്‌വഴക്കവും ലോകഃയുടെ ഫൈറ്റ് സീനിനെ കൂടുതല്‍ മികച്ചതാക്കി. തിയേറ്ററില്‍ അപ്രതീക്ഷിതമായി ലഭിച്ച ഈ സീന്‍ പലരെയും അത്ഭുതപ്പെടുത്തിയിരുന്നു.
മൂന്നാം സ്ഥാനത്ത് മറ്റൊരു അന്യഭാഷാ ചിത്രമാണ്. തിയേറ്ററുകളില്‍ റെക്കോഡ് മുന്നേറ്റം നടത്തുന്ന കാന്താര ചാപ്റ്റര്‍ വണ്ണിലെ ഇന്റര്‍വെല്‍ ഫൈറ്റാണ് മൂന്നാമത്. ആദ്യഭാഗത്തെ ഓര്‍മിപ്പിക്കുന്ന ബി.ജി.എമ്മിന് ശേഷം അടുത്തത് എന്തെന്ന ആകാംക്ഷ നിറച്ച് മുന്നോട്ടുപോകുന്ന ആദ്യ പകുതി അവസാനിക്കുന്നത് ഹൈ വോള്‍ട്ടേജ് ആക്ഷന്‍ സീനോടുകൂടിയാണ്.
റിഷബിന്റെ ബെര്‍മെ എന്ന കഥാപാത്രവും കൂട്ടരും മികച്ച മുന്നേറ്റം നടത്തുകയും എന്നാല്‍ ഇടക്ക് തളരുകയും ചെയ്യുന്നുണ്ട്. നായകന്‍ തോറ്റു എന്ന് വിചാരിച്ച് നില്‍ക്കുന്ന സമയത്ത് അപ്രതീക്ഷിതമായ ഒരു എന്‍ട്രി രോമാഞ്ചം സമ്മാനിച്ചു. റിഷബ് ഷെട്ടി എന്ന സംവിധായകനും നടനും ഒരുപോലെ സ്‌കോര്‍ ചെയ്ത ഫൈറ്റ് സീനായി കാന്താരയെ വിശേഷിപ്പിക്കാം.
കാട്ടിലുള്ള മാസ് ഫൈറ്റിന് ജംഗിള്‍ പൊളി എന്ന പദപ്രയോഗം സമ്മാനിച്ച എമ്പുരാനാണ് നാലാമത്. മോഹന്‍ലാലിന്റെ ആരാധകരല്ലാത്തവരെ കൊണ്ടു പോലും കൈയടിപ്പിച്ച രണ്ടാം പകുതിയിലെ ഫോറസ്റ്റ് ഫൈറ്റ് ഈ വര്‍ഷത്തെ മികച്ച സിനിമാനുഭവങ്ങളിലൊന്നാണ്.
കത്തിയെരിയുന്ന മരത്തിന്റെ മുന്നില്‍ നിന്നുകൊണ്ട് മുണ്ടും മടക്കിക്കുത്തി എതിരാളികളോട് ‘വാടാ’ എന്ന് സ്റ്റീഫന്‍ നെടുമ്പള്ളി പറയുന്ന രംഗം രോമാഞ്ചത്തിന്റെ കൊടുമുടിയിലെത്തിച്ചു. മാസ് ആയിട്ടുള്ള രംഗത്തിന് അത്ര ചേരാത്ത ബി.ജി.എമ്മാണ് ദീപക് ദേവ് നല്‍കിയതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
ടിക്കറ്റെടുത്ത് സിനിമ കാണുന്ന പ്രേക്ഷകന് 100 ശതമാനം സംതൃപ്തി നല്‍കിയ സീനുകളാണ് ഇവ നാലും. അതില്‍ ഡാക്കു മഹാരാജിന് മുകളില്‍ വെക്കാവുന്ന ഒരു ഇന്റര്‍വെല്‍ സീന്‍ ഈ വര്‍ഷം വേറെ ലഭിച്ചിട്ടില്ല. ഇനിയും ജംഗിള്‍ പൊളി ഫൈറ്റ് സീനുകള്‍ വരട്ടെ, പ്രേക്ഷകര്‍ ചാര്‍ജാവട്ടെ.
Content Highlight: Best Fight sequences of 2025