| Friday, 7th August 2026, 3:37 pm

കറുത്തപെണ്ണ പാട്ടിലെ 'വരുത്തപ്പെട്ടേ' എന്ന വാക്കിന്റെ അർത്ഥം മനസിലായത് മറ്റൊരു സിനിമ ഇറങ്ങിയപ്പോൾ: ബേണി

നന്ദന. ടി

മലയാളികൾക്ക് മറക്കാനാവാത്ത ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ശ്രദ്ധേയനായ സംഗീതസംവിധായക കൂട്ടുകെട്ടാണ് ബേണി-ഇഗ്നേഷ്യസ്. കള്ളിപ്പൂങ്കുയിലേ, മയിലായ് പറന്നു വാ, കഥയിലെ രാജകുമാരനും, ആവണി പൊന്നൂഞ്ഞാൽ, താമരപ്പൂവിൽ വാഴും, തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ചത് ഇവരാണ്.

1994-ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ എന്ന ഗാനത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് ക്യൂവിന് നൽകിയ അഭിമുഖത്തിൽ ബേണി.

ബേണി. Photo. Screen grab/ Youtube

കറുത്തപെണ്ണേ എന്ന ഗാനത്തിലെ ആദ്യ വരികളിൽ വരുന്ന വരുത്തപ്പെട്ടേ എന്ന വാക്കിന് നാടൻ പാട്ടുകളുടേതല്ലാതെ സ്വന്തമായിട്ടൊരു ഐഡന്റിറ്റി ഇല്ലെന്നും, അതിനാൽ ആ വാക്ക് മാറ്റാൻ ഗിരീഷ് പുത്തഞ്ചേരി ഒരുപാട് ശ്രമിച്ചിരുന്നുവെന്നും, എന്നാൽ പിന്നീട് സംവിധായകൻ പ്രിയദർശൻ അടക്കമുള്ളവരുടെ നിർബന്ധപ്രകാരമാണ് ആ വാക്ക് തന്നെ ഉപയോഗിച്ചതെന്നും വെളിപ്പെടുത്തുകയാണ് ബേണി.

കറുത്തപെണ്ണേ എന്ന ഗാനത്തിന്റെ കംപോസിംങ് ഒക്കെ കഴിഞ്ഞ് ഞാൻ സ്റ്റുഡിയോയിൽ നിന്നും ഇറങ്ങുമ്പോൾ ഗിരീഷ് പുത്തഞ്ചേരി ടെൻഷനടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതാണ് കണ്ടത്. കാര്യം തിരക്കിയപ്പോൾ, കറുത്തപെണ്ണേ എന്ന പാട്ടിന്റെ വരികളിൽ വരുന്ന വരുത്തപ്പെട്ടേ എന്ന വാക്കിന് പകരം നല്ലൊരു വാക്ക് കിട്ടുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു, അത് മാറ്റേണ്ട ആവശ്യമില്ല, നാടൻ പാട്ടുകളിലെത് അല്ലെ ആർക്കും ഉപയോഗിക്കാം, വയലാർ സർ വരെ ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾക്കും ഉപയോഗിക്കാം.

പക്ഷേ, അപ്പോഴും ഗിരീഷ് പറഞ്ഞത്, അല്ല, നമ്മുടേതായ ഒരു ഐഡന്റിറ്റി അതിൽ വേണ്ടേ, അതുകൊണ്ടാണ്. പക്ഷേ മാറ്റാൻ ശ്രമിച്ചിട്ടും പറ്റുന്നില്ല എന്നാണ്. തുടർന്ന് പ്രിയദർശനോട് പോയി കാര്യം പറഞ്ഞപ്പോൾ, പ്രിയനും പറഞ്ഞു വരുത്തപ്പെട്ടേ എന്ന വാക്കാണ് ആ പാട്ടിന്റെ ഹൈലൈറ്റ്, അത് മാറ്റേണ്ട എന്ന്. അങ്ങനെ ആ വാക്ക് തന്നെ നിലനിർത്തുകയായിരുന്നു. പ്രിയൻ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ചിലപ്പോൾ അദ്ദേഹം ആ വാക്ക് മാറ്റിയേനെ,’ ബേണി പറഞ്ഞു.

വരുത്തപ്പെട്ടേ എന്ന വാക്ക് പാട്ടിൽ നിലനിർത്തിയെങ്കിലും വരികൾ എഴുതിയ ഗിരീഷ് പുത്തഞ്ചേരിക്കോ തനിക്കോ അന്ന് ആ വാക്കിന്റെ കൃത്യമായ അർത്ഥം അറിയില്ലായിരുന്നുവെന്നും, പിന്നീട് കവാടം എന്ന സിനിമയിലെ പാട്ടുമായി ബന്ധപ്പെട്ട് ഒ.എൻ.വി സാറിനോട് ചോദിച്ചപ്പോഴാണ് ആ വാക്കിന്റെ അർത്ഥം വ്യക്തമായതെന്നും ബേണി ഓർത്തെടുക്കുന്നു.

‘ഈ വാക്കിന്റെ അർത്ഥം ഗിരീഷ് പുത്തഞ്ചേരിക്കോ പ്രിയദർശനോ തനിക്കോ അറിയില്ലായിരുന്നു. പിന്നീട് കവാടം എന്ന സിനിമയില്ലേ പാട്ടിൽ ഒ.എൻ.വി സർ ആ വാക്ക് ഉപയോഗിച്ചിരുന്നു അങ്ങനെ അദ്ദേഹത്തോട് അർഥം ചോദിച്ചപ്പോഴാണ് വരുത്തപ്പെട്ടേ എന്ന വാക്കിന്റെ അർത്ഥം മനസിലായത്. അതായത്, വളരെ വിഷമിച്ച് വണ്ടിന്റെ വേഷം ചമഞ്ഞാണ് നിന്റെ അടുത്തേക്ക് വന്നത് എന്ന് കാമുകൻ പറയുന്ന സന്ദർഭത്തിലാണ് ആ വാക്ക് ഉപയോഗിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

കറുത്തപെണ്ണേ ഗാനം. തേന്മാവിൻ കൊമ്പത്ത്. Photo. Screen grab/ Youtube

Content Highlight: Berny shares memories about the song Karutha Penne

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more