| Saturday, 8th August 2026, 9:19 am

കള്ളിപ്പൂങ്കുയിലേ എന്ന ഗാനത്തിൽ 'കള്ളി' എന്ന വാക്ക് തന്നെ ഉപയോഗിക്കാൻ കാരണം അതായിരുന്നു: ബേണി

നന്ദന. ടി

മലയാളികൾക്ക് മറക്കാനാവാത്ത ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ശ്രദ്ധേയനായ സംഗീതസംവിധായക കൂട്ടുകെട്ടാണ് ബേണി-ഇഗ്നേഷ്യസ്. കള്ളിപ്പൂങ്കുയിലേ, മയിലായ് പറന്നു വാ, കഥയിലെ രാജകുമാരനും, ആവണി പൊന്നൂഞ്ഞാൽ, താമരപ്പൂവിൽ വാഴും, തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ചത് ഇവരാണ്.

1994-ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയിൽ എന്ന ഗാനത്തിന്റെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് ക്യൂവിന് നൽകിയ അഭിമുഖത്തിൽ ബേണി.

ബേണി. Photo. Screen grab/ Youtube

കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയിൽ എന്ന ഗാനത്തിൽ കള്ളി എന്ന വാക്കായിരുന്നില്ല ആദ്യം ഉണ്ടായിരുന്നത് എന്നും, ഗാനത്തിന്റെ സംഗീതസംവിധായകരായ ബേണി-ഇഗ്നേഷ്യസ് സഹോദരങ്ങളിൽ ചേട്ടൻ ഇഗ്നേഷ്യസിന്റെ നിർബന്ധപ്രകാരമാണ് ആ വാക്ക് പാട്ടിന്റെ ആദ്യവരിയിൽ ഉൾപ്പെടുത്തിയത് എന്നും ബേണി വെളിപ്പെടുത്തുന്നു.

‘ശരിക്കും ആ പാട്ട് അങ്ങനെ ആയിരുന്നില്ല, കന്നിത്തേൻ  ഉണ്ണും കള്ളിപ്പൂങ്കുയിലേ എന്തെന്നോ ആയിരുന്നു ആ പാട്ടിന്റെ തുടക്കം. അങ്ങനെ പാട്ടിന്റെ പ്രാക്ടീസൊക്കെ കഴിഞ്ഞ് ടേക്ക് തുടങ്ങാൻ നിൽക്കുമ്പോഴാണ് ചേട്ടന് ഒരു ബുദ്ധി തോന്നിയത്.

ആ സമയം  അവിടെ എം.ജി. ശ്രീകുമാറും ഗിരീഷ് പുത്തഞ്ചേരിയും ഉണ്ടായിരുന്നു, പ്രിയദർശൻ ആ സമയം സ്റ്റുഡിയോക്ക് പുറത്ത് എന്തോ ആവശ്യത്തിന് പോയതായിരുന്നു. അപ്പോഴാണ് ചേട്ടൻ പറഞ്ഞത്, ഞങ്ങൾ ഈ ഗാനമേളക്കാരൊക്കെയാണ്, അപ്പോൾ സ്റ്റേജിൽ കയറി അടുത്ത ഗാനം കന്നിത്തേൻ ഉണ്ണും എന്നതാണ് എന്ന് പറഞ്ഞാൽ ആളുകൾ വലിയ രീതിയിൽ ശ്രദ്ധിക്കുകയൊന്നുമില്ല. പകരം കള്ളി എന്നൊരു വിളിയിൽ തുടങ്ങിയാൽ നന്നായിരിക്കും എന്ന്.

പക്ഷേ, പ്രിയൻ എല്ലാം ഓക്കെ പറഞ്ഞു പോയതുകൊണ്ട് ഞാൻ ഇനി എങ്ങനെയാണ് അതിൽ മാറ്റം വരുത്തുക എന്നായിരുന്നു ഗിരീഷ് പുത്തഞ്ചേരി ചോദിച്ചത്. പക്ഷേ ചേട്ടന് നിർബന്ധമായിരുന്നു, ഒന്ന് മാറ്റി നോക്കാം, പാറ്റില്ലെങ്കിൽ ഒഴിവാക്കാം എന്ന്,’ ബേണി പറഞ്ഞു.

പിന്നീട് ഗിരീഷ് പുത്തഞ്ചേരി വളരെ പെട്ടെന്നുതന്നെ വരികളിൽ മാറ്റം വരുത്തി കള്ളി എന്നാക്കി. ചിത്രത്തിന്റെ സംവിധായകനായ പ്രിയദർശൻ ഈ മാറ്റം കണ്ടുപിടിച്ചെങ്കിലും അദ്ദേഹത്തിന് അതിൽ കുഴപ്പമൊന്നും ഇല്ലായിരുന്നുവെന്നും ബേണി കൂട്ടിച്ചേർത്തു

‘ ഗിരീഷ് പുത്തഞ്ചേരി വളരെ പെട്ടന്നാണ് അത് നമ്മൾ ഇപ്പോൾ കേൾക്കുന്ന കള്ളിപ്പൂങ്കുയിലേ എന്നാക്കി മാറ്റിയത്. അങ്ങനെ എം.ജി. ശ്രീകുമാർ ആ പാട്ട് പകുതിയും റെക്കോർഡ് ചെയ്തു. പിന്നീട് പുറത്തുപോയി തിരികെ വന്ന പ്രിയദർശൻ പാട്ട് കേട്ടപ്പോഴാണ്, ഇത് ഞാൻ നേരത്തെ കേട്ടപോലെ അല്ലല്ലോ, എന്തോ മാറ്റമുണ്ടല്ലോ എന്ന് പറഞ്ഞത്. എന്താണ് മാറ്റം വരുത്തിയത് എന്ന് ചോദിച്ചപ്പോൾ ചേട്ടൻ ഈ കാര്യങ്ങളൊക്കെ പറഞ്ഞു. അങ്ങനെ പ്രിയനും, എന്നാൽ അങ്ങനെ ആയിക്കോട്ടെ, ഞാൻ അത് നോക്കിക്കോളാം എന്ന് പറഞ്ഞു.

പിന്നീട് മോഹൻലാൽ പാട്ടിന്റെ തുടക്കത്തിൽ കള്ളി കള്ളി എന്ന് വിളിക്കുന്നതൊക്കെ ഞങ്ങൾ തിയേറ്ററിൽ നിന്നാണ് കേൾക്കുന്നത്. കാരണം ഷൂട്ട് ചെയ്യുന്ന സമയത്ത് ഞങ്ങൾ പോയിട്ടില്ലല്ലോ. അപ്പോഴാണ്, ഞങ്ങൾ മാറ്റിയ ആ ആദ്യ വരിയോട് എന്തൊരു മാച്ചാണ് ആ വിളിയൊക്കെ (കള്ളി കള്ളി കള്ളിപ്പൂങ്കുയിലേ) എന്ന് അത്ഭുതപ്പെട്ടത്’, ബേണി പറഞ്ഞു.

കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയിൽ ഗാനം. തേന്മാവിൻ കൊമ്പത്ത്. Photo. Screen grab/ Youtube

Content Highlight: Berny shares memories about song kalli poonkuyile

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more