| Tuesday, 6th February 2018, 4:52 pm

'കുരീപ്പുഴയെ പോലൊരു കവിയെ നിങ്ങള്‍ ഭയപ്പെടുന്നു എങ്കില്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലനെപ്പോലും നിങ്ങള്‍ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു'; ബെന്യാമിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ആര്‍.എസ്.എസ് ആക്രമണത്തിന് ഇരയായ കവി കുരീപ്പുഴ ശ്രീകുമാറിന് പിന്തുണയുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. നിസ്സഹായനായ, നിര്‍മമനായ ഒരു പാവം കവിയെ നിങ്ങള്‍ ഭയപ്പെടുന്നു എങ്കില്‍ നിങ്ങള്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലനെപ്പോലും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നാണ് അര്‍ത്ഥമെന്ന് ബെന്യാമിന്‍ പറഞ്ഞു.

“സ്വന്തം വാക്കുകളും ചെയ്തികളും സമൂഹം തിരിച്ചറിയുന്നു എന്നതിന്റെ ആ ഭയം നിങ്ങളെ ഭ്രാന്തില്‍ എത്തിച്ചിരിക്കുന്നു. സമൂഹത്തെ ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഭ്രാന്തില്‍” ബെന്യാമിന്‍ പറഞ്ഞു.

കൊല്ലം കോട്ടുക്കലില്‍ ഒരു ഗ്രന്ഥശാലയുടെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു കുരീപ്പുഴയ്‌ക്കെതിരെ ആക്രമണ ഭീഷണി. സാംസ്‌കാരിക സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ ഇദ്ദേഹം പ്രകോപനപരമായി സംസാരിച്ചുവെന്നാരോപിച്ചാണ് ഒരു വിഭാഗം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തിയത്.

കെ.ആര്‍. മീര, പവിത്രന്‍ തീക്കുനി, ഡോ.ബിജു തുടങ്ങി കേരളത്തിലെ സാംസ്‌കാരിക ലോകം നേരത്തേ തന്നെ പ്രതിഷേധവുമായി നേരത്തേ രംഗത്തെത്തിയിരുന്നു.
എഡേ മിത്രോം, കുരീപ്പുഴയങ്ങു വിരണ്ടു കാണും, പേടി കൊണ്ടു നാവു വരണ്ടു കാണും, ശരീരം കിടുകിടാ വിറച്ചു കാണും, കേട്ട തെറിയോര്‍ത്തു കരഞ്ഞു കാണും, ഇനിയെങ്ങും പ്രസംഗിക്കുകയില്ലെന്ന് തീരുമാനിച്ചു കാണും, ഇനി കൊന്നാലും കവിതയില്ല എന്ന് ആണയിട്ടു കാണും ന്നെിങ്ങനെയായിരുന്നു കെ.ആര്‍ മീരയുടെ പ്രതികരണം.

We use cookies to give you the best possible experience. Learn more