| Thursday, 31st July 2025, 8:49 am

ലാലേട്ടനെ പള്ളീലച്ചനാക്കിയത് ഫാന്‍സിന് ഇഷ്ടമായില്ല: ബെന്നി പി. നായരമ്പലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെന്നി.പി. നായരമ്പലത്തിന്റെ രചനയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് വെളിപാടിന്റെ പുസ്തകം. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ അനൂപ് മേനോന്‍, അന്ന രേഷ്മ രാജന്‍, ശരത് കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

വെളിപാടിന്റെ പുസ്തകം പെട്ടെന്നെടുത്ത തീരുമാനം ആയിരുന്നുവെന്ന് പറയുകയാണ് ബെന്നി.പി. നായരമ്പലം. എടുത്തുചാടി താന്‍ എഴുതിയ കഥയായിരുന്നു അതെന്നും കുറേകൂടി സമയം എടുത്ത് ചെയ്യണമായിരുന്നുവെന്ന് ബെന്നി.പി. നായരമ്പലം പറയുന്നു. മോഹന്‍ലാല്‍ ഒടിയന്‍ എന്ന സിനിമ ചെയ്യാന്‍ പോകുന്നതിന് മുമ്പ് കുറച്ച് സമയം ഉണ്ടായിരുന്നുവെന്നും അപ്പോള്‍ പെട്ടന്നൊരു കഥ എഴുതിയതാണ് വെളിപാടിന്റെ പുസ്തകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ പ്രൊഫസറായ പള്ളീലച്ചനായാണ് ചിത്രത്തിലെത്തിയത്. എന്നാല്‍ വെളിപാടിന്റെ പുസ്തകം തിയേറ്ററില്‍ തകര്‍ന്നടിയുകയായിരുന്നു.

‘ലാലേട്ടനെ പള്ളിയിലെ അച്ഛനാക്കി കാണിച്ചത് ഫാന്‍സിന് ഇഷ്ടമായില്ല. പുരോഹിതന് കുറെ പരിമിതികള്‍ ഉണ്ടാകുമല്ലോ, അടിയുണ്ടാക്കാനും വഴക്കുണ്ടാക്കാനുമൊക്കെ അവര്‍ക്ക് അധികം കഴിയില്ലല്ലോ. സോഫ്റ്റ് ആയിട്ടല്ലേ പോകാന്‍ പറ്റുകയുള്ളു. അതിന് പകരം പള്ളിലച്ചന് പകരം കോളേജിലെ പ്രൊഫസര്‍ എന്ന രീതിയില്‍ കാണിക്കുകയും അനൂപ് മേനോന്‍ ചെയ്ത വേഷം കൂടി ലാലേട്ടന്‍ ചെയ്യുകയും ചെയ്തിരുന്നെങ്കില്‍ കുറച്ചുകൂടി പവര്‍ കിട്ടിയേനെ എന്ന് തോന്നിയിട്ടുണ്ട്,’ ബെന്നി.പി. നായരമ്പലം പറയുന്നു.

അങ്ങനെ സിനിമയെ തിരുത്തി എഴുതിയിരുന്നെങ്കില്‍ മോഹന്‍ലാലിന് കൂടുതല്‍ പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് കിട്ടിയേനെയെന്ന് ബെന്നി.പി. നായരമ്പലം പറഞ്ഞു. മോഹന്‍ലാലിന്റെ ഫാന്‍സിന് ആഘോഷിക്കാന്‍ പറ്റിയ ഘടകങ്ങള്‍ വെളിപാടിന്റെ പുസ്തകത്തില്‍ കുറവായിരുന്നുവെന്നും അങ്ങനെ ചെയ്തിരുന്നെങ്കില്‍ ചിത്രം വിജയിക്കാനുള്ള സാധ്യത കൂടിയേനെയെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ സ്‌ക്രിപ്റ്റ് എഴുതിയ സമയത്ത് തനിക്ക് ഇത്തരം തിരുത്തലുകള്‍ ആവശ്യമുണ്ടെന്ന് തോന്നിയില്ലെന്ന് ബെന്നി പറഞ്ഞു. സംവിധായകന്‍ ലാല്‍ ജോസിനും മോഹന്‍ലാലിനും തിരക്കഥ ഇഷ്ടപ്പെട്ടെന്നും അവര്‍ രണ്ടുപേരും ഒരുപാട് ഇഷ്ടത്തോടെ ചെയ്ത സിനിമയായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബെന്നി.പി.നായരമ്പലം.

Content Highlight: Benny P Nayarambalam Talks About Velipadinte Pusthakam Movie

We use cookies to give you the best possible experience. Learn more