| Thursday, 31st July 2025, 6:48 pm

മോശം അഭിപ്രായം കിട്ടിയെന്ന് കരുതി വെളിപാടിന്റെ പുസ്തകം നിര്‍മാതാവിന് നഷ്ടമുണ്ടാക്കിയില്ല: ബെന്നി പി. നായരമ്പലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍- ലാല്‍ ജോസ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നു എന്ന നിലയില്‍ റിലീസിന് മുമ്പ് വന്‍ ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. എന്നാല്‍ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. ഓണം റിലീസായെത്തിയ ചിത്രം ശരാശരിയില്‍ മാത്രമൊതുങ്ങിപ്പോയി.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. അതുവരെ കാണാത്ത വ്യത്യസ്തമായ ഒരു തീമായിരുന്നു വെളിപാടിന്റെ പുസ്തകത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ‘ജിമിക്കി കമ്മല്‍’ എന്ന പാട്ട് കണ്ടപ്പോള്‍ പലരും മറ്റൊരു ക്ലാസ്‌മേറ്റ്‌സ് പ്രതീക്ഷിച്ചെന്നും അത് തിരിച്ചടിയായെന്നും ബെന്നി പി. നായരമ്പലം കൂട്ടിച്ചേര്‍ത്തു.

‘ഒരാള്‍ കഥാപാത്രമായി അഭിനയിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ പോകെപ്പോകെ അയാള്‍ ആ കഥാപാത്രമായി മാറുന്നു. ഇതായിരുന്നു വെളിപാടിന്റെ പുസ്തകത്തിന്റെ ആദ്യത്തെ ത്രെഡ്. ഇത് ഡെവലപ്പ് ചെയ്ത് ഒരു കഥയാക്കി ലാലേട്ടനെ കേള്‍പ്പിച്ചു. അദ്ദേഹത്തിന് അത് ഇഷ്ടമാവുകയും ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു.

പള്ളീലച്ചനായ ഒരാള്‍ ഗുണ്ടയായി അഭിനയിക്കുന്നു എന്നത് ഒരു വ്യത്യസ്തത, പിന്നീട് അയാള്‍ ആ കഥാപാത്രമായി മാറുന്നു എന്നത് മറ്റൊരു പുതുമ എന്നാണ് ആദ്യം ആലോചിച്ചത്. പക്ഷേ, അത് ഓഡിയന്‍സിനിടയില്‍ വര്‍ക്കായില്ല. ഏതാണ്ട് ഇതേ കാര്യമായിരുന്നു മണിച്ചിത്രത്താഴില്‍ കാണിച്ചത്. ഗംഗ എന്ന പെണ്‍കുട്ടി നാഗവല്ലി എന്ന നര്‍ത്തകിയുടെ കഥ കേട്ട് അവരോട് വലിയ അടുപ്പമുണ്ടാവുകയും പതിയെ ആ വ്യക്തിയായി മാറുകയും ചെയ്യുകയാണ്,’ ബെന്നി പി. നായരമ്പലം പറയുന്നു.

എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെങ്കിലും ബോക്‌സ് ഓഫീസില്‍ ചിത്രം ദുരന്തമായി മാറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാതാവിന് ഒരിക്കലും നഷ്ടമുണ്ടാക്കുന്ന സിനിമ താന്‍ എഴുതിയിട്ടില്ലെന്നും അത് സത്യമായിട്ടുള്ള കാര്യമാണെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫെസ്റ്റിവല്‍ റിലീസായി എത്തിയ ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. നിര്‍മാതാവിന് നഷ്ടമായില്ല. മുടക്കിയ പൈസ തിരിച്ചുകിട്ടി ബ്രേക്ക് ഇവന്‍ സ്റ്റാറ്റസ് ചിത്രം നേടി. 20ലധികം സിനിമകള്‍ ചെയ്തതില്‍ ഏതൊക്കെ ഹിറ്റായെന്നും ഏതൊക്കെ ഫ്‌ളോപ്പായെന്നും പറയാന്‍ എനിക്ക് ഇപ്പോഴും ഒരു മടിയുമില്ല,’ ബെന്നി പി. നായരമ്പലം പറയുന്നു.

Content Highlight: Benny P Nayarambalam about the failure of Velipadinte Pusthakam movie

Latest Stories

We use cookies to give you the best possible experience. Learn more