ജറുസലേം: ഹമാസിനെതിരെ വീണ്ടും വെല്ലുവിളിയുമായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കുമെന്ന് നെതന്യാഹു ആവര്‍ത്തിച്ചു. യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ നേടുമെന്നും ബന്ദികളെ മോചിപ്പിച്ച് തിരികെയെത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു.
ഫലസ്തീന്‍ രാഷ്ട്രമുണ്ടാകില്ലെന്നും ഭീകര രാഷ്ട്രം സ്ഥാപിക്കാനുള്ള മറ്റ് രാജ്യങ്ങളുടെ ശ്രമങ്ങള്‍ക്ക് അമേരിക്കയില്‍ നിന്ന് വന്ന ശേഷം മറുപടി പറയുമെന്നും നെതന്യാഹു പറഞ്ഞിരുന്നു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന നേതാക്കള്‍ക്ക് ഞാന്‍ വ്യക്തമായ മറുപടി നല്‍കുമെന്നും നെതന്യാഹു പറഞ്ഞത്.
ഗസ ഒരു ഭീഷണി അല്ലാതായിത്തീരുന്നത് വരെ നടപടികള്‍ തുടരുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ജൂത പുതുവര്‍ഷ വേളയിലായിരുന്നു നെതന്യാഹുവിന്റെ സന്ദേശം. ഈ വര്‍ഷം ബന്ദികളെ തിരികെയെത്തിക്കാന്‍ കഴിയട്ടെയെന്ന് നെതന്യാഹു പ്രതീക്ഷ പങ്കുവെച്ചു.
യു.കെ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. മാത്രമല്ല ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് ഒരു ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
‘ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ല. നമ്മുടെ രാജ്യത്തിന്റെ ഹൃദയഭാഗത്ത് ഒരു ഭീകര രാഷ്ട്രം സ്ഥാപിക്കാനുള്ള ഏറ്റവും പുതിയ ശ്രമത്തിനുള്ള മറുപടി ഞാന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം നല്‍കും.
ഒക്ടോബര്‍ ഏഴിലെ ഭീകരമായ കൂട്ടക്കൊലയ്ക്ക് ശേഷം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന നേതാക്കള്‍ക്ക് ഞാന്‍ വ്യക്തമായ ഒരു സന്ദേശം നല്‍കുന്നുണ്ട്, നിങ്ങള്‍ ഭീകരതയ്ക്ക് ഒരു വലിയ സമ്മാനം നല്‍കുകയാണ്. എനിക്ക് നിങ്ങള്‍ക്കായി മറ്റൊരു സന്ദേശമുണ്ട്, അത് സംഭവിക്കാന്‍ പോകുന്നില്ല. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് ഒരു ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ല.
വര്‍ഷങ്ങളായി, ആഭ്യന്തരമായും വിദേശത്ത് നിന്നുമുള്ള കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയിലും ആ ഭീകര രാഷ്ട്രത്തിന്റെ സൃഷ്ടിയെ ഞാന്‍ തടഞ്ഞു. ദൃഢനിശ്ചയത്തോടെയും, സൂക്ഷ്മമായ രാഷ്ട്രതന്ത്രളോടെയും ഞങ്ങള്‍ അത് ചെയ്തു. മാത്രമല്ല, ജൂദിയയിലും സമരിയയിലും ജൂത കുടിയേറ്റം ഇരട്ടിയാക്കി, ഞങ്ങള്‍ ഈ പാതയില്‍ തന്നെ തുടരും,’ നെതന്യാഹു പറഞ്ഞു.
Content Highlight: Benjamin Netanyahu says he will destroy the Palestinian state