| Monday, 11th May 2026, 12:24 pm

യു.എസില്‍ ഇസ്രഈല്‍ പിന്തുണ കുറയുന്നതിന് കാരണം സാമൂഹ്യ മാധ്യമങ്ങളെന്ന് നെതന്യാഹു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: യു.എസില്‍ ഇസ്രഈലിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞ് വരുന്നതിന് സാമൂഹ്യ മാധ്യമങ്ങളെ പഴിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസയിലെ യുദ്ധം ആരംഭിച്ചത് മുതല്‍ യു.എസിലെ ജനങ്ങള്‍ക്കിടയില്‍ ഇസ്രഈലിനെ പിന്തുണയ്ക്കുന്ന മനോഭാവം കുറയുന്നതിന് സാമൂഹ്യമാധ്യമങ്ങളുടെ വളര്‍ച്ചയുമായി ബന്ധമുണ്ടെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു.

വ്യാജ വിവര പ്രചാരണം ഫലപ്രദമായി നടത്തുകയാണ് സാമൂഹ്യ മാധ്യമങ്ങളിലെന്നും ഇസ്രഈലി പ്രധാനമന്ത്രി പറയുന്നു. സി.ബി.എസ് ചാനലിന്‌റെ ’60 മിനുട്ട്‌സ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നെതന്യാഹു. ഗസയിലെയും ലെബനനിലെയും സിവിലിയന്‍മാരെ യുദ്ധ മേഖലകളില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കാന്‍ ഇസ്രഈല്‍ വിപുലമായ നടപടികളെടുത്തിട്ടുണ്ടെന്നും എന്നാല്‍ ഇസ്രഈല്‍ വിരുദ്ധ പ്രചാരണങ്ങള്‍ ഓണ്‍ലൈനില്‍ വലിയ രീതിയില്‍ ഫലപ്രദമാണെന്നും നെതന്യാഹു പറഞ്ഞു.

യു.എസിലെ പ്രായപൂര്‍ത്തിയായവരില്‍ 60 ശതമാനും പേരും ഇസ്രഈലിന് അനുകൂലമല്ലാത്ത കാഴ്പ്പാടാണ് സ്വീകരിക്കുന്നതെന്ന് മാര്‍ച്ചില്‍ പ്യൂ റിസര്‍ച്ച് സെന്‌റര്‍ നടത്തിയ ഒരു സര്‍വേയില്‍ പറയുന്നുണ്ട്. ആഗോള സാഹചര്യങ്ങളില്‍ നെതന്യാഹു ഗുണകരമായി ഒന്നും ചെയ്യാന്‍ സാധ്യതയില്ലെന്ന് കരുതുന്നവരാാണ് യു.എസിലെ 59 ശതമാനം പ്രായപൂര്‍ത്തിയായവരും എന്നും സര്‍വേയില്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പുള്ള കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ ഈ രണ്ട് വിഭാഗത്തിലും ഏഴ് ശതമാനത്തിന്‌റെ വര്‍ധനവാണുണ്ടായിട്ടുള്ളത്.

യു.എസില്‍ ഇസ്രഈലിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തിലുണ്ടാവുന്ന ഒലിച്ചുപോക്ക് സാമൂഹ്യ മാധ്യമങ്ങളുടെ വലിയ രീതിയിലുള്ള വളര്‍ച്ചയോട് 100 ശതമാനം ഒത്ത് പോകുന്നുവെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു.

Content Highlights: Benjamin Netanyahu Blames Social Media For Decline in Support for Israel From US

We use cookies to give you the best possible experience. Learn more