| Wednesday, 4th June 2025, 8:44 pm

ബെംഗളൂരുവിലെ ദുരന്തം; വിക്ടറി പരേഡിന് അനുമതി നല്‍കിയിട്ടില്ലെന്ന് സിദ്ധരാമയ്യ; സ്‌റ്റേഡിയത്തിന് സമീപത്തെ ജനക്കൂട്ടമാണ് ദുരന്തത്തിലേക്ക് നയിച്ചത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ആര്‍.സി.ബിയുടെ വിജയാഘോഷ പരിപാടിക്കിടയുണ്ടായ ദുരന്തത്തില്‍ അനുശോചനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തിക്കിലും തിരക്കിലും പെട്ട്‌ ജീവന്‍ നഷ്ടപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും സന്തോഷത്തിന്റെ ഒരു നിമിഷം ദുഃഖത്താല്‍ മാറിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അതേമയം വിക്ടറി പരേഡിന് അനുമതി നല്‍കിയിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. പരേഡിന് അനുമതി നല്‍കാതെ മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ സ്റ്റേഡിയത്തിന് സമീപത്തേക്ക് ജനക്കൂട്ടം ഇരച്ചെത്തിയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ആവേശം, ആഘോഷം എന്നിവയേക്കാള്‍ സുരക്ഷയ്ക്ക് എപ്പോഴും മുന്‍ഗണന നല്‍കാന്‍ താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ അപകടം തികച്ചും ഹൃദയഭേദകമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ പങ്കുചേരുന്നതായി പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഐ.പി.എല്ലിലെ ആര്‍.സി.ബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ടാണ് 11പേര്‍ മരണപ്പെട്ടത്. ദുരന്തത്തില്‍ 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ 14  വയസുള്ള കുട്ടിയും ഉള്‍പ്പെട്ടിരുന്നു.

ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം. പരിക്കേറ്റവരെ ബൗറിങ് ആശുപത്രിയിലും ലേഡി കഴ്സണ്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

അപകട സാധ്യത മുന്നില്‍ കണ്ട് പൊലീസ് നേരത്തെ വിക്ടറി പരേഡിന് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ കെ.സി.എയുടെ (കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ) നിര്‍ബന്ധപ്രകാരമാണ് പരിപാടി നടത്താന്‍ തീരുമാനിച്ചത്. പരേഡിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: Bengaluru tragedy; Siddaramaiah says permission was not given for Victory Parade; Crowd near stadium led to tragedy

We use cookies to give you the best possible experience. Learn more