| Wednesday, 4th June 2025, 9:38 pm

ബെംഗളൂരു അപകടം; മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ആര്‍.സി.ബി വിജയഘോഷത്തിനിടെയുണ്ടായ ദുരന്തത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍. മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടത്. ദുരന്തം ഉണ്ടായത് എങ്ങനെയാണ് എന്ന കാര്യം പരിശോധിക്കാനാണ് അന്വേഷണം. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഈ ദുരന്തം ഒഴിവാക്കാമായിരുന്നെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. പരിപാടിയുടെ മുന്നൊരുക്കത്തിന് ലഭിച്ചത് ചുരുങ്ങിയ സമയമായിരുന്നെന്ന് പറഞ്ഞ സിദ്ധരാമയ്യ വിഷയത്തില്‍ ജില്ലാ ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും അറിയിച്ചു.

വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി കുംഭമേളയിലടക്കം അപകടം നടന്നിട്ടില്ലേയെന്നും ചോദിച്ചു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കര്‍ണാടക മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം നഷ്ടപപരിഹാരവും പ്രഖ്യാപിച്ചു.

ഒരു തരത്തിലും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ ദുരന്തത്തിനെച്ചൊല്ലി രാഷ്ട്രീയം കളിക്കാനുമില്ല. ആളുകള്‍ ഗേറ്റുകളിലൂടെ ഇടിച്ച് കയറിയതാണ് ദുരന്തത്തിന് വഴി വച്ചത്.

ചെറിയ ഗേറ്റുകളാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന്റേതെന്നും എന്നാല്‍ ആളുകള്‍ അവ തകര്‍ത്തതെന്നും സിദ്ധരാമയ്യ പറയുകയുണ്ടായി. അതേസമയം പൊലീസിന്റെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന ആരോപണം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ തള്ളി. 5000ത്തോളം പൊലീസുകാരെ വിന്യസിച്ചിരുന്നെന്നും അവര്‍ കഴിയാവുന്ന തരത്തില്‍ എല്ലാം പരിശ്രമിച്ചെന്നും ഡി.കെ. ശിവകുമാര്‍ അവകാശപ്പെട്ടു.

അതേസമയം സര്‍ക്കാര്‍ യാതൈാരു മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും അതിനാലാണ് അപകടം നടന്നതെന്നും ബി.ജെ.പി വിമര്‍ശിച്ചു. ഫോട്ടോഷൂട്ട് നടത്താനുള്ള സര്‍ക്കാരിന്റെ തിടുക്കമാണ് അപകട കാരണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു.

Content Highlight: Bengaluru Stampede; Karnataka government orders magistrate-level inquiry

We use cookies to give you the best possible experience. Learn more