ബെംഗളൂരു: തിക്കിലും തിരക്കിലുംപ്പെട്ട് 11 പേരുടെ മരണത്തിന് കാരണമായ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ അപകടത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ക്കെതിരെ പരാതിയുമായി ബി.ജെ.പി. കര്‍ണാടക ബി.ജെ.പി ജനറല്‍ സെക്രട്ടറി പി. രാജീവാണ് പരാതി നല്‍കിയത്.
കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരക്കെതിരെയും ബി.ജെ.പി പരാതിപ്പെട്ടിട്ടുണ്ട്. ഇന്നലെ (വെള്ളിയാഴ്ച)യാണ് മൂവര്‍ക്കുമെതിരെ ബി.ജെ.പി പരാതി നല്‍കിയത്. ബംഗളുരുവിലെ അപകടത്തില്‍ ഒന്നാം പ്രതി സിദ്ധരാമയ്യയും രണ്ടാം പ്രതി ഡി.കെ. ശിവകുമാറുമാണെന്നും പി. രാജീവ് പറഞ്ഞു.
ആര്‍.സി.ബിയുടെ വിജയത്തില്‍ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യുക എന്നതായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യമെന്നും തന്റെ പരാതിയില്‍ കേസെടുക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും പി. രാജീവ് പ്രതികരിച്ചു. കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോണ്‍ഗ്രസ് നേതാക്കള്‍ അധികാരം ദുരുപയോഗം ചെയ്തു. ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഏറ്റെടുക്കേണ്ടി വരും. ഇവര്‍ക്ക് പുറമെ കേസിലെ മൂന്നാം പ്രതിയായി ഞാന്‍ പരാമര്‍ശിച്ചത് ജി. പരമേശ്വരയെയാണ്. എന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന് പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ലക്ഷ്യവുമുണ്ടായിരുന്നില്ല. എന്നാല്‍ ആഭ്യന്തരമന്ത്രി അശ്രദ്ധനായിരുന്നു. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ അദ്ദേഹം പരാജയപ്പെട്ടു.
ആര്‍.സി.ബിയുമായി സര്‍ക്കാരിന് എന്താണ് ബന്ധമെന്നും ആര്‍.സി.ബിയുടെ വിജയാഘോഷങ്ങള്‍ക്കായി പൊതുജനങ്ങളുടെ പണം എന്തിനാണ് ചെലവഴിച്ചതാണെന്നും ബി.ജെ.പി നേതാവ് ചോദിച്ചു. ക്ഷീണിതരാണെന്ന് അറിയിച്ചിട്ടും സംസ്ഥാനത്തെ പൊലീസ് ഫോഴ്‌സിനെയും അധികാരത്തെയും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചേര്‍ന്ന് ദുരുപയോഗം ചെയ്തുവെന്നും രാജീവ് ആരോപിച്ചു.
പൊലീസ് നിര്‍ദേശങ്ങള്‍ പരിഗണിക്കാതെ സര്‍ക്കാര്‍ തലത്തിലുള്ളവരാണ് ആഘോഷ പരിപാടികള്‍ നടത്തിയതെന്നും അപകടമുണ്ടായ ദിവസം ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള തയ്യാറെടുപ്പുകളുടെ അഭാവമുണ്ടായിരുന്നെന്നും പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. അശ്രദ്ധയുടെ ഭാഗമായാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നില്‍ വലിയ തോതില്‍ ജനങ്ങള്‍ എത്തിയതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
അതേസമയം ബെംഗളൂരുവിലെ അപകടത്തില്‍ ആര്‍.സി.ബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സൊസാലെയെ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. മുംബൈയിലേക്ക് പോവുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് മേധാവിയെ അറസ്റ്റ് ചെയ്തത്.
ഇയാളെ കൂടാതെ ഇവന്റ് മാനേജ്‌മെന്റുകാരായ ഡി.എന്‍.എ എന്‍ടൈന്‍മെന്റ് നെറ്റ് വര്‍ക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്ന് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൂടാതെ പൊലീസ് കമ്മീഷണര്‍ ബി. ദയാനന്ദ, ചിന്നസ്വാമി സ്റ്റേഡിയം ഇന്‍-ചാര്‍ജ്, എ.സി.പി, സെന്‍ട്രല്‍ ഡി.സി.പി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, പൊലീസ് ഹൗസ്മാസ്റ്റര്‍, കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. ദുരന്തത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
Content Highlight: Bengaluru stampede accident; BJP files police complaint against CM, Deputy CM