ബെംഗളൂരു: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) റദ്ദാക്കണമെന്നും അത് റദ്ദാക്കുന്നതുവരെ കര്‍ണാടക ഉറങ്ങില്ലെന്നും പ്രകാശ് രാജ്. ബെംഗളൂരൂവില്‍ എസ്.ഐ.ആറിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ഐ.ആറിനെതിരെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക് ഇന്ന് (സെപ്തംബര്‍ ഒന്ന് ചൊവ്വ) മാര്‍ച്ച് നടത്തുമെന്ന് പ്രകാശ് രാജ് അറിയിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് നടത്താന്‍ ശ്രമിക്കവെ പ്രകാശ് രാജ് അടക്കമുള്ള പ്രതിഷേധക്കാരെ ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു.
ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നിന്നാണ് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശേഷാദ്രി റോഡിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിക്കവെയാണ് ഇവരെ പൊലീസ് തടയുകയായിരുന്നു. പ്രകാശ് രാജിനെയും നടന്‍ കിഷോര്‍ അടക്കമുള്ള മറ്റ് പ്രതിഷേധക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയായിരുന്നു.
എസ്.ഐ.ആറിനും എസ്.ഐ.ആര്‍ തിടുക്കപ്പെട്ട് നടപ്പാക്കുന്നതിനും എതിരെ ആയിരുന്നു പ്രതിഷേധം. എസ്.ഐ.ആര്‍ പ്രക്രിയയിലൂടെ വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നതില്‍ പ്രതിഷേധക്കാര്‍ ആശങ്ക ഉന്നയിച്ചു.
‘എസ്.ഐ.ആര്‍ റദ്ദാക്കണം. അത് റദ്ദാക്കുന്നതുവരെ കര്‍ണാടക ഉറങ്ങില്ല. ഞങ്ങള്‍ കോടതിയില്‍ പോകും. ഈ രാജ്യത്തെ ഓരോ പൗരനും വേണ്ടി ഞങ്ങള്‍ പോരാടും,’ പ്രകാശ് രാജ് പറഞ്ഞു.
മറ്റൊരിടത്തേക്ക് മാറിയവരോ ആബ്‌സന്റ് ആയി രേഖപ്പെടുത്തിയവരോ ആയവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനെ പ്രകാശ് രാജ് നേരത്തെ ചോദ്യം ചെയ്തിരുന്നു. വീണ്ടും എന്റോള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതിനുപകരം അവരുടെ യോഗ്യത സ്ഥാപിക്കാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എസ്.ഐ.ആര്‍ പ്രക്രിയ പൗരരുടെ വോട്ടവകാശത്തിന് ഭീഷണിയാണെന്ന് പ്രകാശ് രാജ് അഭിപ്രായപ്പെട്ടിരുന്നു. ഓരോ പൗരരുടെയും അന്തസിനായി പ്രതിഷേധത്തില്‍ പൊതുജനം പങ്കാളിയാവണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ അടക്കം ആവശ്യപ്പെടുകയും ചെയ്തു.
ജനങ്ങളുടെ വോട്ടവകാശം തട്ടിയെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവെ കിഷോര്‍ കുമാര്‍ പറഞ്ഞു. സമയമെടുത്തും സുതാര്യമായും നടത്തേണ്ട ഒരു കാര്യമാണ് തിടുക്കപ്പെട്ട് നടത്തുന്നതെന്നും അദ്ദേഹം എസ്.ഐ.ആറിനെക്കുറിച്ച് പറഞ്ഞു.
‘ഇത്രയും വലിയൊരു പ്രക്രിയക്ക് സമയം ആവശ്യമാണ്. സുതാര്യമായി നടത്തേണ്ട പ്രക്രിയയാണിത്. ഇതൊരു അടിസ്ഥാന ആവശ്യമായതിനാലാണ് ഈ പ്രതിഷേധം നടത്തുന്നത്.
ആ അവകാശം തട്ടിയെടുക്കാന്‍ ആര്‍ക്കും അവകാശമോ അധികാരമോ ഇല്ല. വോട്ടറാകാന്‍ യോഗ്യതയുള്ള എല്ലാവരും വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരിക്കണം. ഇന്ത്യയില്‍ വോട്ടുചെയ്യാന്‍ അര്‍ഹതയുള്ള ഓരോ വോട്ടറെയും വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തും വരെ ഈ പോരാട്ടം തുടരും’ കിഷോര്‍ പറഞ്ഞു.
എസ്.എസ്.ആര്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ, തെരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ജനാധിപത്യവിരുദ്ധമായിരുന്നു. ഭരണകക്ഷിയില്‍ നിന്ന് രണ്ട് അംഗങ്ങളും പ്രതിപക്ഷത്ത് നിന്ന് ഒരാളും മാത്രമുള്ളപ്പോള്‍, അതില്‍ ജനാധിപത്യം എവിടെയാണെന്നും കിഷോര്‍ ചോദിച്ചു.
‘മാത്രമല്ല, തെരഞ്ഞെടുപ്പ് കമ്മീഷന് ജുഡീഷ്യല്‍ ഇമ്മ്യൂണിറ്റി നല്‍കാന്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ തീരുമാനിച്ചു. ഒരു ഉദ്യോഗസ്ഥനെതിരെയും അവരുടെ ജീവിതകാലം മുഴുവന്‍ ഒരു കേസും ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്ന് ഉറപ്പാക്കി.
ഒരു ജനാധിപത്യ സംവിധാനത്തില്‍, ജുഡീഷ്യല്‍ ഇമ്മ്യൂണിറ്റി സാധാരണയായി സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് മാത്രമായിരിക്കും. എന്തുകൊണ്ടാണ് ഇത് മറ്റിടങ്ങളിലേക്കും നീട്ടുന്നത്? ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരാതെ തങ്ങള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന് അവര്‍ കരുതുന്ന ഒരു സാഹചര്യം ഇത് സൃഷ്ടിക്കുന്നു,’ കിഷോര്‍ പറഞ്ഞു.
ഈ രാജ്യത്തെ ഒരു വോട്ടര്‍ എത്ര വര്‍ഷം കോടതികളുടെ പിന്നാലെ ഓടേണ്ടിവരും? എന്തിനാണ് ഈ രാജ്യത്തെ ഓരോ വോട്ടറെയും ഇത്രയധികം ബുദ്ധിമുട്ടുകളിലൂടെ നിങ്ങള്‍ കടത്തിവിടുന്നതെന്നും കിഷോര്‍ ചോദിച്ചു.
കര്‍ണാടകയില്‍, തെരഞ്ഞെടുപ്പിന് ഇനിയും രണ്ട് വര്‍ഷം ബാക്കിയുണ്ട്. എസ്.ഐ.ആര്‍ അടിയന്തരമല്ല. ഒരു മാസത്തിനുള്ളില്‍ ഇത് ചെയ്യേണ്ടതിന്റെ ആവശ്യം എന്തായിരുന്നെന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയുടെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിഷേധം. 1.07 കോടി വോട്ടര്‍മാരെ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എസ്.ഐ.ആറിന് മുമ്പ് കര്‍ണാടക വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന വോട്ടര്‍മാരുടെ എണ്ണത്തിന്റെ 19.47 ശതമാനം വരുമിത്.
Content Highlight: Bengaluru Police detain Prakash Raj, activists at ‘Election Commission Chalo’ march