റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സ്റ്റാര്‍ പേസ് ബൗളര്‍ ജോഷ് ഹേസല്‍വുഡ് ഐ.പി.എല്ലിലെ ആദ്യ രണ്ട് മത്സരത്തില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്ന് 2026ലെ ആഷസിലും ടി-20 ലോകകപ്പിലും ഹേസല്‍വുഡ് പങ്കെടുത്തില്ലായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ പരിക്കില്‍ നിന്നും ഓസീസ് താരം സുഖം പ്രാപിക്കുന്നുണ്ടെങ്കിലും ഐ.പി.എല്‍ സീസണിലെ തുടക്ക മത്സരങ്ങളില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നേക്കും.
ബൗളര്‍ ജോഷ് ഹേസല്‍വുഡ്
ഹേസല്‍വുഡ്ഡിന്റെ അഭാവത്തില്‍ ബെംഗളൂരുവിന് വേണ്ടി ജേക്കബ് ഡഫി ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിനെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രില്‍ 10ന് ഗുവാഹത്തിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ താരം തിരിച്ചെത്തുമെന്നാണ് ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.
മാര്‍ച്ച് 28ന് മടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയും ശേഷം ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയുമുള്ള പോരാട്ടം പേസര്‍ക്ക് നഷ്ടപ്പെട്ടേക്കുമെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ താരത്തിന്റെ പരിക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഫ്രാഞ്ചൈസി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ സീസണില്‍ ആര്‍.സി.ബിയുടെ ഏറ്റവും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാളായിരുന്നു ഹേസല്‍വുഡ്. 12 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകള്‍ വീഴ്ത്തുകയും ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമാകാനും അദ്ദേഹത്തിന് സാധിച്ചു.
അതേസമയം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സൂപ്പര്‍ പേസറുമായ പാറ്റ് കമ്മിന്‍സിനും ഐ.പി.എല്ലിലെ തുടക്ക മത്സരങ്ങള്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഓസീസ് പേസര്‍ നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ്. 2025-26 സീസണിലെ ആഷസ് പരമ്പരയ്ക്കിടെയാണ് കമ്മിന്‍സിന് പരിക്കേറ്റത്.
പരിക്കിന് ശേഷം കമ്മിന്‍സ് പരിശീലനത്തിന് ഇറങ്ങിയെങ്കിലും കളിക്കളത്തിലെത്തിയിട്ടില്ല. കമ്മിന്‍സിന്റെ തിരിച്ചു വരവ് സംബന്ധിച്ച് നിലവില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം പറയുന്നത്.
Content Highlight: Bengaluru pacer Josh Hazlewood may miss first few matches of IPL 2026